കളിപ്പാട്ടങ്ങള്‍

ഗൂഗിളിന്റെ സര്‍ച്ച്‌ എഞ്ചിനില്‍ അവള്‍ കളിപ്പാട്ടങ്ങളെ തിരയുകയാണ് . വിവിധങ്ങളായ സൈറ്റുകള്‍ അവളുടെ വിരല്‍തുമ്പിലൂടെ കടന്നു പോയി . ആശ ജനിപ്പിക്കുന്ന ഒന്നും തന്നെ സ്ക്രീനീല്‍ തെളിഞ്ഞില്ല , എല്ലാം കണ്ടു മടുത്തതും താല്പര്യം ജനിപ്പിക്കാത്തതും ആയിരുന്നു. വിരസതയുടെ വേളയിലെപ്പോഴോ അവളുടെ വിരലുകള്‍ ഡേറ്റിംഗ് സൈറ്റില്‍ അമര്‍ന്നു. നിറയെ കളിപ്പാട്ടങ്ങള്‍ അവളുടെ കണ്ണുകളെ അവള്‍ക്കു വിശ്വസിക്കാനായില്ല . അയാള്‍ അമ്മാനക്കയകള്‍ മുകളിലേക്കെറിയുകയും അത് താഴെ വീഴാതെ കൈപ്പിടിയിലൊതുക്കി വീണ്ടും മുകളിലേക്കെറിയുകയും ചെയ്തു . ലോഹ ഗോളങ്ങളില്‍ നിന്നും ഉതിരുന്ന ഭസ്മം ചുറ്റും കൂടിയിരുന്ന പെണ്‍കുട്ടികളുടെ ദേഹത്ത് പതിച്ചു . രോഗ വിമുക്തിക്കായി അവരുടെ മനവും മനനവും കൊതിച്ചു . അയാള്‍ ആവേശത്തിലായി ,അവരും . നിറയെ ദ്വാരങ്ങളുള്ള ലോഹ ഗോളങ്ങള്‍ , അതിന്റെ സുഷിരങ്ങളിലൂടെ ഉതിരുന്ന ഭസ്മം , അത് പുതിയ ചക്രവാളങ്ങളെ തീര്‍ത്തു .അല്‍പ്പ വസ്ത്രധാരികളായി അയാള്‍ക്ക്‌ ചുറ്റും റോക്ക് ചെയ്യുന്ന പെണ്‍കുട്ടികള്‍ . അവള്‍ ആ മായിക കാഴ്ച തന്നെ നോക്കി നിന്നു . മാസ്മരികത ആസ്വദിച്ചു . കളിപ്പാട്ടങ്ങളെ അവള്‍ക്കു ചെറുപ്പം തൊട്ടേ ഇഷ്ടമാണ് . പക്ഷെ അത് സൂക്ഷിച്ചു വെക്കാനോ അതില്‍ സ്വപ്നങ്ങള്‍ നിറയ്ക്കുവാനോ ഒരിക്കലും അവള്‍ തയ്യാറായിരുന്നില്ല . പുതിയത് കിട്ടുമ്പോള്‍ പഴയതിനെ മറക്കും ,അത്ര തന്നെ . വൈകി ഉണരുന്ന സൂര്യന്‍ അവള്‍ക്കൊരു പ്രശ്നമേ അല്ല , നിലാവ് പെയ്യുന്ന ആകാശം മാത്രമേ അവള്‍ കണ്ടുള്ളൂ . വൈകി ഉറങ്ങുന്ന രാത്രികളെ കാമിച്ചു., ജീവിതം വെറുമൊരു അമ്മാനയാട്ടമായി അവള്‍ കല്‍പ്പിച്ചു . അമ്മാനപ്പന്തുകളില്‍ നിറച്ച ഭസ്മത്തിന്റെ തായും വേരും അന്വേഷിച്ചില്ല . ഉപേക്ഷിച്ചു പോയ കളിപ്പാട്ടങ്ങള്‍ പോലെ അതും അവളുടെ മനസ്സിനെ നോമ്പരപ്പെടുത്തിയില്ല . അടുത്തടുത്തിരിക്കുന്ന രണ്ടു ഈര്‍ക്കില്‍ കഷണങ്ങള്‍ ഒരുമിച്ചു ചേര്‍ത്തു പിടിച്ചു തിരിക്കുമ്പോള്‍ ഉണ്ടാകുന്ന കടകടാ ശബ്ദം കാതുകളില്‍ മുഴങ്ങി . പച്ച ഈര്‍ക്കില്‍ കുത്തി നോവിച്ച മച്ചിങ്ങയുടെ ദീന വിലാപമായിരിക്കണമത് , ആവേശത്തോടെ അവള്‍ ഇര്ക്കിലുകള്‍ ചേര്‍ത്തുപിടിച്ച് ലോകത്തെ നോക്കി വീണ്ടും വട്ടം കറക്കി . കടകടാ ശബ്ദം അവളെ വട്ടുപിടിപ്പിച്ചു . വീക്കെന്‍ഡിലെ ഷോപ്പിംഗ്‌ അവള്‍ക്കു നിര്‍ബന്ധമാണ്‌ . നഗരത്തിലെ വലിയ ഷോപ്പിംഗ്‌ മാളില്‍ അവള്‍ കളിപ്പാട്ടങ്ങള്‍ തിരയുകയാണ് . ചാവി കൊടുത്താല്‍ ആടുകയും പാടുകയും വീണു നമസ്ക്കരിക്കുകയും ചെയ്യുന്ന ആണ്‍ പാവ. അവളതിനെ തിരിച്ചും മറിച്ചും നോക്കി , വീണ്ടും ചാവി കൊടുത്ത് അതില്‍ ആനന്ദം കണ്ടെത്തുകയാണ്. ദൂരെ മാറി നിന്ന് ഒരു ചെറുപ്പക്കാരന്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു . അര -മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞു കാണണം , അയാള്‍ അവളുടെ അരികിലേക്ക് നീങ്ങി . ദേഹം കുടഞ്ഞ് ടൈ ഒന്ന് വലിച്ചു ശരിയാക്കി പിന്നെ കുനിഞ്ഞു നിന്ന് അയാള്‍ പറഞ്ഞു .. ഞാന്‍ നിരഞ്ജന്‍ , ഇവിടുത്തെ ഫ്ലോര്‍ മാനജര്‍ . മാഡത്തിനു പാവ ഇഷ്ടമായെന്നു തോന്നുന്നു , പായ്ക്ക് ചെയ്യട്ടെ , മറ്റെന്തെങ്കിലും ഹെല്‍പ്പ് ? അവള്‍ ചാവിയില്‍ തിരിയുന്ന പാവയില്‍ നിന്നും കണ്ണെടുത്തു . അയാളെ നോക്കി ചിരിച്ചു , വീണ്ടും പാവയിലേക്ക് .. മിനുട്ടുകള്‍ അവള്‍ അതുതന്നെ ചെയ്തു . എന്തോ പാവയില്‍ ഉണ്ടായ അതേ കൌതുകം അവനിലും അവള്‍ക്കുണ്ടായി. നിരഞ്ജന്‍ എപ്പോഴും ഇതുപോലെ തന്നെയാണോ ? ഈ പ്രസന്നത മുഖത്തു സ്ഥിരമാണോ ? അല്‍പ്പം കണ്ണിറുക്കി അവള്‍ ചോദിച്ചു . അതിനു ഷോള്‍ഡര്‍ കുലുക്കിയുള്ള ചിരിയാണ് അവനില്‍ നിന്നും ഉണ്ടായത് . അവള്‍ ചാവിയില്‍ തിരിയുന്ന ആ പാവയെ ഷോകെയ്സില്‍ തിരികെ വെച്ച് അവന്റെ കൈപിടിച്ച് പുറത്തേക്ക് നടന്നു . ചാവി കൊടുത്ത ഒരു പാവയെ പോലെ അവന്‍ അവളുടെ പിന്നാലെ നടന്നു . ചേര്‍ത്തുവെച്ച ഈര്‍ക്കിലുകള്‍ അവള്‍ വട്ടം കറക്കി , പ്രസന്ന മുഖത്തിന്റെ തരളിത വിലാപമായി നിരഞ്ജന്‍ മച്ചിങ്ങയെപോലെ കടകടാ ശബ്ദമുണ്ടാക്കി അവളെ ആനന്ദിപ്പിച്ചു .

രണ്ടു മാസം കഴിഞ്ഞില്ല , ചൈനയുടെ വില കുറഞ്ഞ പ്ലാസ്റ്റിക്ക് ഉല്പന്നം പോലെ , പാവ ചാവി കൊടുത്താല്‍ തിരിയാന്‍ ആയസപ്പെടുന്നതായി അവള്‍ക്കു തോന്നി. അല്ലെങ്കില്‍ തന്നെ ഒരു കളിപ്പാട്ടം എത്രകാലം കൊണ്ടുനടക്കും അതിലെ ഔചിത്യക്കേട്‌ അവളെ വേട്ടയാടി . വിപണിയിലെ പുതിയ കളിപ്പാട്ടങ്ങള്‍ക്കായി അവള്‍ അടുത്ത ഷോപ്പിംഗ്‌ മാളുകള്‍ തേടിയലഞ്ഞു .

അവള്‍ മെയില്‍ ബോക്സ്‌ തുറന്നു , ഇരുപത്തിയൊന്നു മെയിലുകള്‍ .. ഭുപേന്‍ ചന്ദ് . ഏതാണവോ പുതിയ കുരിശ്. കവിത പൂക്കും വാക്കുകളില്‍ പ്രണയത്തിന്റെ ആകാശ വിശാലത . അവനു വെബ് ചാറ്റ് ചെയ്യണമത്രേ . കാമെറ ഓണ്‍ ചെയ്ത് അവള്‍ ഹെഡ് ഫോണ്‍ കാതിലുറപ്പിച്ചു .

പത്തിരുപത്തിരണ്ടു വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്തു മെലിഞ്ഞ പയ്യന്‍ , ഹൈ ഡാര്‍ലിംഗ് .., ഉപചാര വാക്കുകളില്ലാതെ അവന്‍ തുടങ്ങി . കോട പെയ്യുന്ന മഞ്ഞു മലയിലേക്കു അവനുമൊത്തൊരു ട്രക്കിംഗ് . ഐസു പാളികള്‍ക്കിടയിലൂടെ തെന്നിവീഴാതെ അവനൊപ്പം എത്തുക . അവന്റെ നനുത്ത ചിരിയില്‍ ഒരു വെല്ലുവിളി അവള്‍ മണത്തെടുത്തു . കയ്യിലുള്ള ചെറിയ പന്തുകള്‍ അവള്‍ താളത്തില്‍ മുകളിലേക്കെറിയുകയും നിലത്തു വീഴാതെ അത് കയ്യിലൊതുക്കുകയും ചെയ്തു ,എന്നിട്ട് ഉള്ളിലെ ആന്തല്‍ മുഖത്തു കാണിക്കാതെ പറഞ്ഞു .. കൂടി വന്നാല്‍ ഒരു രണ്ടാഴ്ച അത്രേം മതി നിന്റെ മുഖത്തെ ഐസുരുകാന്‍ . ഒരു പുതിയ കളിപ്പാട്ടം കിട്ടിയ ആവേശത്തില്‍ ആയിരുന്നു അവള്‍ .

പുത്ര ദുഖത്താല്‍ സ്വന്തം ശരീരത്തില്‍ കയറു വരിഞ്ഞ് കെട്ടി വിപാശ നദിയിലേക്ക് ചാടിയ വസിഷ്ടനെ കുറിച്ച് അവള്‍ കേട്ടിട്ടുണ്ട് , ഓളങ്ങളുണ്ടാക്കി കയറ് തകര്‍ത്ത് വസിഷ്ടനെ രക്ഷപ്പെടുത്തിയ വിപാശയെ അവള്‍ക്കിഷ്ടവുമാണ്.

ഭുപേന്‍ , നീയെനിക്ക് പ്രീയപ്പെട്ട കളിപ്പാട്ടം മാത്രമാണെന്നറിയുക .. വിപാശയുടെ തീരത്തേക്കുള്ള നിന്റെ ക്ഷണം ഞാന്‍ സ്വീകരിച്ചിരിക്കുന്നു . രോഹ്താംഗ് ചുരത്തിലേക്കുള്ള യാത്രയില്‍ പിരിമുറുക്കങ്ങളില്ലാത്ത സായാഹ്നങ്ങള്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു , ദൈവങ്ങളുടെ താഴ്വരയില്‍ നമുക്കന്തിയുറങ്ങാം … എന്നു പറഞ്ഞ് അവള്‍ ചാറ്റിംഗ് ക്ലോസ്സ് ചെയ്തു .

മനാലിയിലേക്കുള്ള യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണവള്‍ . സ്വപ്നങ്ങളില്‍ വിപാശ നദിയും കുളു താഴ്വരയും മാറി മാറി വന്നു .. രോഹ്താംഗിലെക്കുള്ള ഉയരങ്ങളിലേക്ക് മനസ്സ് പറന്നു . ഇടത്താവളങ്ങളില്‍ ഭുപേനുമൊത്തുള്ള രതിക്രീഡകളോര്‍ത്തു ചിരിച്ചു . തണുത്ത കാറ്റ് വീശി , സ്വപ്നങ്ങള്‍ ഉറക്കത്തിനു വഴിമാറി . വളരെ വൈകി കിഴക്ക് വെള്ള കീറി . പകല്‍വെളിച്ചം വന്നു വിളിച്ചു . ഭുപേന്‍ എന്ന സുന്ദര പാവ അവളുടെ കരവലയങ്ങള്‍ക്കുള്ളില്‍ ഒതുങ്ങി .

വിപാശയിലേക്കും മനാലിയിലെക്കുമുള്ള ദൂരം വിരല്‍ത്തുമ്പില്‍ ഇല്ലാതായി .. ലാപ്‌ ടോപ്പില്‍ ഭുപേന്റെ ചിരിക്കുന്ന മുഖം തെളിഞ്ഞു . കയ്യിലെ ഉരുളുന്ന പന്തുകളെ അവള്‍ ആകാശത്തേക്കെറിഞ്ഞു , അതില്‍ നിന്നും ചിതറിയ ഭസ്മം ഭുപേന്റെ ദേഹത്ത് ശിശിരങ്ങള്‍ തീര്‍ത്തു .

മഞ്ഞു പെയ്യുന്ന ഇരുട്ടില്‍ അവളുടെ വിറയാര്‍ന്ന ചുണ്ടുകളില്‍ തന്റെ ചുണ്ടുകളമര്‍ത്തി ഭുപേന്‍ തുടര്‍ന്നു , കളിപ്പാട്ടങ്ങള്‍ എന്നും കളിപ്പാട്ടങ്ങള്‍ മാത്രമാണ് എന്നത് നീ തിരിച്ചറിയുക . ഇടവും വലവും നില്‍ക്കുന്ന കുളുവും വിപാശയും ആ ഇരുട്ടിലും അതുകേട്ടു ചിരിച്ചു കാണണം . അവന്റെ കൈവിരലുകള്‍ അവളുടെ മുഖത്തു വിരിഞ്ഞ ചുഴികളില്‍ തട്ടി .കോടയുരുകുന്ന ഉഷ്ണ പ്രവാഹം അവളില്‍ ഉണ്ടായി . അവന്‍ പറഞ്ഞു ധ്യാനവും ക്രീഡയും ആയി നമുക്കിവിടെ പൊറുപ്പ്‌ തുടങ്ങാം , വര്‍ഷങ്ങളോളം ശിവനും പാര്‍വ്വതിയും താമസിച്ചു വന്നിരുന്ന ക്രീഡകളുടെ താഴ്വാരത്തെ നമുക്ക് സ്വന്തമാക്കാം . ശിരോലിഖിതങ്ങളും തിരുവസ്ത്രങ്ങളുമില്ലാതെ നമുക്കീ മണ്ണില്‍ കാറ്റായും മഴയായും മഞ്ഞയും അലിഞ്ഞു ചേരാം ..താന്‍ ചെറുതാവുന്നതായി അവള്‍ക്ക് തോന്നി , കളിപ്പാട്ടങ്ങള്‍ ഉപേക്ഷിച്ച് അവള്‍ തല കുലുക്കി അവന്റെ വിഹായസ്സിലേക്ക് അമര്‍ന്നു . മാറി മാറി വന്ന ഋതുക്കള്‍ അവര്‍ക്ക് കാവല്‍ നിന്നു.

ടി .സി.വി. സതീശന്‍

ശ്രീരേഖ

പോസ്റ്റ് : അന്നൂര്‍

പയ്യന്നൂര്‍ -670307

മൊബൈല്‍ : 9447685185

Generated from archived content: story1_june21_12.html Author: t_c_v_satheesan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here