അടുക്കള വാതില്‍
തുറന്നിട്ടപ്പോള്‍
അന്നപൂര്‍ണ്ണേശ്വരി
അകത്തളത്തില്‍
വിളയാടുമെന്നു കരുതി
ഉമ്മറക്കോലായില്‍
ചമ്രം പടഞ്ഞിരുന്നു
രാമനാമം ചൊല്ലിയപ്പോള്‍
ചോദിച്ചത് വരമല്ലെങ്കിലും
കടമായെങ്കിലുമിത്തിരി
മനസ്സമാധാനം തരണേയെന്ന്
കിടപ്പുമുറിയുടെ ജനലുകള്‍
കൊട്ടിയടച്ചപ്പോള്‍
ഉള്ളറകള്‍ ആരും കാണില്ലല്ലോ
ശീതിച്ച കാറ്റായി മനസ്സില്‍ കിളിര്‍ത്തു
ഒളിക്കണ്ണുകള്‍
ഒളിപ്പിച്ചുവെച്ച ചുമരുകള്‍
നാല് എട്ടായിപ്പിളര്‍ന്ന്
ഒന്നല്ല രണ്ടല്ല ഒരായിരം കണ്ണുകള്‍
ഒപ്പിയെടുത്തതും കൊത്തിയെടുത്തും
ഉടുതുണിയില്‍പ്പൊതിഞ്ഞ നാണത്തെ
ചാനലുകള്‍ നിറച്ച അര വയറിനെ
ചുമരുകള്‍ പടുത്തപ്പോള്‍
ഉറപ്പിനായി ചേര്‍ത്ത വിയര്‍പ്പ്
കണ്ണീരില്‍ കുതിര്‍ന്നില്ലാതായി
വിണ്ടുകീറിയ ചുമരിലപ്പോളും
ഫ്‌ലാഷുകളില്ലാതെ
ഒളിക്കണ്ണുകള്‍ മിന്നിമിന്നി
വിഗ്രഹങ്ങള്‍ ഉടഞ്ഞപ്പോള്‍
തെങ്ങിനു ചെന്നീരൊലിപ്പ്
പെണ്ണിന് കണ്ണീരൊലിപ്പ്
പശുവിന് കറവ വറ്റി
പകലിന്ന് അമാവാസിയിരുള് .
Generated from archived content: poem2_june_13.html Author: t_c_v_satheesan