അയാള്‍ മാര്‍ക്സിനെ കുറിച്ച് പറഞ്ഞു
ഏംഗല്‍സിനെ കുറിച്ച് പറഞ്ഞു
മൂലധനത്തിന്‍റെ ഉദ്ധരണികള്‍ ചൊല്ലി
മുഷ്ടി ചുരുട്ടി കൈകള്‍ ആകാശത്തേക്കെറിഞ്ഞു
ഞാനും അതേറ്റു വിളിച്ചു
എനിക്കൊന്നും അറിയില്ലായിരുന്നു
അയാള്‍ ഴാങ്ങ് പോള്‍ സാര്‍ത്രിനെ കുറിച്ച്,
ആല്‍ബേര്‍ കാമുവിനെ കുറിച്ച് ,
ഫ്രെഡ്രിക് നിഷെയേ കുറിച്ച്.. പറഞ്ഞു
പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍
ഞാനെന്‍റെ അസ്ത്വിത്വത്തെ തേടി
വെറുതെ താടി രോമങ്ങള്‍ വളര്‍ന്നതല്ലാതെ
മറ്റൊന്നും ഉണ്ടായില്ല
എഴുപതുകളിലെ ക്ഷുബ്ദയവ്വനം
വസന്തത്തിന്‍റെ ഇടിമുഴക്കം പ്രഖ്യാപിച്ചു
തോക്കിന്‍ കുഴലില്‍ പറ്റിപ്പിടിച്ച നിണപ്പാടുകള്‍ തുടച്ച്
അവര്‍ ഗുഹാമുഖത്തെക്ക് ആവേശം ചത്ത് യാത്രയായി
താടിരോമങ്ങള്‍ പിന്നെയും വളര്‍ന്നു
ആഗോളീകരണത്തിന്‍റെ
വശപ്പെടലുകളെ വശപ്പെടുത്തലുകളെ കുറിച്ച്
അടുക്കളയിലേക്കു നീണ്ടു വരുന്ന കാണാച്ചരടുകളെ കുറിച്ച്
വാതോരാതെ അയാള്‍ പ്രഭാഷണം ചെയ്തു
ഞാന്‍ കയ്യടിച്ചു
എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല
അസ്ത്വിതം തേടിയുള്ള ഈ യാത്രയില്‍
എനിക്ക് ലഭിച്ചത് നിസ്സംഗതയില്‍ പൊതിഞ്ഞ
ബോഹീമിയത്വമാണ്
പ്രതിഷേധത്തിന്‍റെയും നിരാശയുടെതുമായ
നോവും നൊമ്പരവും ആണ്
എന്ത് പഠിച്ചു എന്ന ചോദ്യത്തിന്
ഒന്നും പഠിച്ചില്ല എന്ന സാമൂഹ്യ പരിസരത്തു നിന്ന്
തീയും നോവും നൊമ്പരവും ചേര്‍ത്തു
ഞാനെന്‍റെ താടിരോമങ്ങളെ നീട്ടി തടവി
ഇതുമൊരു ജീവിതം എന്ന് സമാശ്വസിച്ചു .
Generated from archived content: poem1_jan14_13.html Author: t_c_v_satheesan