അതിർത്തി തർക്കം
ചാടിപ്പോയ പുൽച്ചാടിയെ
പിടിക്കാൻ മകന്റെ പാഴ്‌ശ്രമം
ഇനിയും കെട്ടിയിട്ടില്ലാത്ത
കിണറിലേക്കെത്തി നോക്കി
മണൽകൂനയ്‌ക്കു വലം വച്ചു
പെട്ടെന്നൊരു ചാട്ടം
അസ്‌ഥിത്തറയിലെ മുത്തച്ഛന്റെ
തലയിലേക്ക്….
ഒന്നാഞ്ഞു ശ്രമിക്കവേ
അതിക്രമിച്ചു കടന്നത്
അപ്പുറത്തെ അന്തോണിച്ചന്റെ
പറമ്പിലേക്ക്….
ഒരു അതിർത്തി തർക്കം കൂടി….
മറന്നുവച്ചത്
പോരാനുറച്ചപ്പോൾ
പുഴയെ ആദ്യമെടുത്തു
വലിയ ഹാളിന്റെ മൂലയ്‌ക്ക്
കുറെ ഗോൾഡുഫിഷുകളെയുമിട്ടുകൊടുത്ത്
പെട്ടിയിലടച്ചുവച്ചു
അതിരാവിലെ
അണ്ണാറക്കണ്ണന്മാർ
പൊങ്ങച്ചം പറയുന്ന
മരച്ചില്ലകളുടെ ഫോട്ടോ
ചില്ലിട്ടു വച്ചു
കണ്ണാന്തളിയും കൈനാറിയും
കമ്പ്യൂട്ടറിന്റെ ഡിസ്‌പ്ലേയിൽ
വാടാതെയിരുന്നു
അഞ്ചരയുടെ ഭക്തിഗാനങ്ങൾ
മെമ്മറി കാർഡിനുള്ളിലേക്ക്
ഇരച്ചുകയറി
പിണക്കം കാണിച്ചെങ്കിലും
മുത്തശ്ശി കാറിനടുത്തു വന്നു
കൈവീശി
ആകാശച്ചെരുവിലേക്കുള്ള
യാത്രയ്‌ക്ക് ആക്കം കൂടുമ്പോൾ
മറന്നു വച്ചതെന്തെന്ന്
എപ്പോഴും ഓർമ്മിപ്പിക്കുന്ന മനസ്സ്
മച്ചിലൊളിച്ചിരുന്ന്
എന്നെ കൊഞ്ഞനം കുത്തി.
Generated from archived content: poem1_may3_11.html Author: swpana_nair
Click this button or press Ctrl+G to toggle between Malayalam and English