കണ്ണുകൾ കഥ പറയുകയാണെങ്കിൽ
നീ തോറ്റുപോയേനെ
ആഴങ്ങളിൽ മുങ്ങി
അലകളിൽ തട്ടി
അരികു തകർന്ന എന്റെ മോഹം
അതു വിളിച്ചുപറയുമ്പോൾ
നീ മുഖം കുനിക്കേണ്ടി വരുമായിരുന്നു.
പിരിയൻ ഗോവണികളിറങ്ങുമ്പോഴും
പിഷാരടി മാഷ് ബോർഡിനു
അഭിമുഖമായി നില്‌ക്കുമ്പോഴും
നീയെനിക്കെതിരേ വരുമ്പോഴും
നിന്റെ കണ്ണുകൾ
നിന്നെ തോല്‌പിക്കുകയായിരുന്നു.
അപ്പോഴൊക്കെ
മൂടി വച്ച സത്യങ്ങൾ ഓരോന്നായി
ഊർന്നു വീഴുന്നതറിഞ്ഞിട്ടും
ശ്രമപ്പെട്ടു സംഭരിക്കുന്ന
ധൈര്യത്തെ അപ്രസക്തമാക്കിക്കൊണ്ട്
നിന്റെ കണ്ണുകളിൽ
അജയ്യനായി ഞാൻ
ഞാൻ മാത്രം…….
Generated from archived content: poem1_feb9_11.html Author: swpana_nair