വേനലിൽ

വേനലിൽ

പടക്കുതിരപോലെ

ചുട്ടുപൊളളുന്ന വെയിലിൽ നിന്ന്‌

മരുഭൂമിയിലൂടെയുളള കുതിപ്പ്‌.

കണ്ണിൽ തറക്കുമൊരമ്പ്‌

ഒടുവിലത്തെ കാഴ്‌ചയും വലിച്ചെടുക്കുന്ന

സൂര്യരശ്‌മിയുടെ തീക്ഷ്‌ണതപോലെ.

വരളുന്ന തൊണ്ടയിൽ നിന്നും

പൊട്ടിത്തെറിക്കുമവസാനവാക്ക്‌.

കരിഞ്ഞുപോയ ചിറകുകൾ

തൂവലിനെകുറിച്ച്‌ കാണുന്ന സ്വപ്‌നം

പാതാളത്തിലേക്കു നീളുന്ന നിഴലിന്റെ കാണാത്ത കണ്ണുനീർ.

കരിഞ്ഞുണങ്ങിയ മരക്കൊമ്പിൽ

കാലത്തിന്റെ കിളി ചേക്കേറിയ ഓർമ-

ചാരത്തിൽ നിന്നും കുതറിയെണീക്കുന്നത്‌.

മഴയിൽ

അതിർത്തികളില്ലാതെ, ചോർന്നൊലിക്കുന്ന

കറുത്തചോര.

മഴവില്ലുകളുടെ മന്ത്രങ്ങളിൽ നിറയുന്ന

നിറങ്ങളുടെ ആത്മാവ്‌.

മനസുവാർന്നുവീഴും മർമ്മരം

വർഗ്‌ഗങ്ങളില്ലാത്ത കിനാക്കളുടെ തണുപ്പ്‌

മേഘങ്ങളുടെ യാത്രയിൽ കൂടെക്കൂടുന്ന അപരിചിതർ.

പ്രളയത്തിൽ കാണാതെപോയ കുട്ടികളുടെ

വിറച്ച തേങ്ങലുകൾ

കാറ്റിൽ,

മഴവില്ല്‌ വൃക്ഷങ്ങളുടെ ഇലകളിൽ എഴുതിവച്ച

വിലാസമില്ലാത്ത സന്ദേശങ്ങൾ

ആളുന്ന ചിതയെ ഊക്കിൽ കെടുത്തുന്ന

ജലപ്രവാഹം

ശിശിരത്തിൽ

കാണാനാവാത്ത ഉയരത്തിൽനിന്ന്‌

പൊഴിഞ്ഞുവീഴുന്ന പഴുത്ത ഇലകൾ

മിഴികീറി പരത്തുന്ന കരടുകൾ

വിരലുകളിൽ ഞെരിഞ്ഞുരുകുന്ന പൂമൊട്ടുകൾ

കാറ്റിൽ പറന്നുനടക്കുന്ന വേരുകളുടെ സ്വപ്‌നം

ഓരോ യാത്രയിലും പിൻതുടരുന്ന

വിളറിയ ഒരു നിഴൽ

മൗനത്തിൽ നിന്ന്‌ ശബ്ദത്തിലേക്കു

വഴുതി വീഴുന്ന തണുത്ത ഓർമ.

മഞ്ഞിൽ

പകലുറക്കത്തിന്റെ ഓർമ

ഒരിറക്കത്തിൽ കൈവഴുതിപ്പോകുന്നതെന്തോ

മലമുകളിൽ കാത്തിരിക്കുന്ന മരണം

കൈകളിൽ,

കുളിരിന്റെ നീറലിൽ കൺമിഴിക്കുന്ന ജീവൻ

കാൽക്കീഴിൽ അടരുന്ന ഭൂമി

ഉളളതൊക്കെയും മൂടുന്ന വെളുപ്പ്‌

കറുപ്പിന്റെ-

അദൃശ്യസാന്നിദ്ധ്യം

Generated from archived content: venalil.html Author: swapna_roshni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English