സ്വജീവിതം സാമൂഹ്യമാറ്റത്തിന് ഉഴിഞ്ഞുവച്ച അന്തരിച്ച ഐ.സി.പി. നമ്പൂതിരി കാലത്തെ അതിജീവിക്കുന്ന ഓർമ്മയായി തീരും എന്നതിൽ, സംശയമില്ല. ഐ.സി.പി. നമ്പൂതിരിയുടെ ഭൗതികശരീരം ജന്മഗൃഹമായ ഒറ്റപ്പാലം ചളവറയിലെ ഇട്ട്യാംപറമ്പത്ത് മന വളപ്പിലെ ചിതയിലെരിയുമ്പോൾ, കേരളത്തിലെ സാമൂഹ്യനവോത്ഥാനത്തിന് ജീവിതംകൊണ്ട് ഉണർവ് പകർന്ന സ്വാതന്ത്ര്യസമരസേനാനിയും ആദ്യകാല കമ്മ്യൂണിസ്‌റ്റുമായ അദ്ദേഹത്തിന്റെ സ്മരണയ്‌ക്കുമുന്നിൽ കേരളജനത ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു.
1910 സെപ്‌തംബർ 9-നാണ് ഇട്ടിയാംപറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടെ മകനായി ഇട്ടിയാംപറമ്പത്ത് മനയ്‌ക്കൽ ചെറിയ പരമേശ്വരൻ നമ്പൂതിരിയെന്ന ഐ.സി.പി. നമ്പൂതിരി ജനിച്ചത്.
“നമ്പൂതിരിയെ മനുഷ്യനാക്കുക” എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ട് വി.ടി. ഭട്ടതിരിപ്പാട്, എം.ആർ.ബി., ഇ.എം.എസ് എന്നിവർക്കൊപ്പം സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്കെതിരെയാണ് ഐ.സി.പി. നമ്പൂതിരി ആദ്യം പടപൊരുതിയത്. ഇല്ലത്തെ മൂത്തയാൾക്കുമാത്രം വേളിയും മറ്റുളളവർക്ക് സംബന്ധവും എന്ന സമുദായ കീഴ്‌വഴക്കത്തെ ഇല്ലായ്‌മചെയ്‌തുകൊണ്ടാണ് ഐ.സി.പി. തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അതുവഴി തന്റെ മൂത്ത സഹോദരി ശ്രീദേവി അന്തർജനത്തെ വി.ടി. ഭട്ടതിരിപ്പാടിന് വിവാഹം ചെയ്‌തുകൊടുത്തു.
വിധവയായ സഹോദരി നങ്ങേമയെ (ഉമ അന്തർജനത്തെ) എം.ആർ.ബിക്ക് വിവാഹംചെയ്‌തുകൊടുത്ത് നമ്പൂതിരി സമുദായത്തിൽ നിഷിദ്ധമായിരുന്ന വിധവാവിവാഹം നടത്തുകയും ചെയ്‌തു. അതിലുപരി തന്റെ ഇളയ സഹോദരിയായ പ്രിയദത്തയെ അന്യജാതിക്കാരനും കമ്മ്യൂണിസ്‌റ്റുമായ കല്ലാട്ട് കൃഷ്‌ണന് വിവാഹം ചെയ്‌ത് കൊടുത്ത് സമുദായാഗംങ്ങൾക്കിടയിൽ പുരോഗമന ചിന്തയുടേയും, മാറ്റത്തിന്റേയും വിത്തുകൾ പാകി.
ഇത്തരം പ്രവർത്തനങ്ങളിലൂടെ അദ്ദേഹത്തിനു നേരിടേണ്ടി വന്ന എതിർപ്പുകൾ സമാനചിന്താഗതിക്കാരായ ചെറുപ്പക്കാരോടൊപ്പം പ്രതിരോധിക്കുകയും വലിയൊരു സാമൂഹ്യമാറ്റത്തിന്റെ കാരണക്കാരിൽ ഒരാളാവുകയും ചെയ്‌തു.
സമകാലിക കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെ പ്രാകൃതതയിലേക്കുളള തിരിച്ചുപോക്കെന്ന ദുരന്തം നമ്മൾ കാണാതിരുന്നു കൂടാ. ഇതിനെതിരെ പ്രവർത്തിക്കാൻ ഐ.സി.പി. നമ്പൂതിരിയുടെ ജീവിതം നമുക്ക് ഊർജ്ജം പകരും. ഇത്തരം പ്രതിരോധം ആഗ്രഹിക്കാതെ ജാതിയുടേയും, മതത്തിന്റേയും ദുരാചാരാങ്ങളുടേയും നാലുചുവരുകൾക്കുളളിൽ സുരക്ഷിതനാണെന്ന് കരുതുന്ന ഉൾക്കാഴ്‌ചകളില്ലാത്ത മലയാളി സാമൂഹ്യജീവിയെന്ന നിലയിൽ തീർച്ചയായും അധഃപതിക്കുകതന്നെ ചെയ്യും.
ഐ.സി.പി. നമ്പൂതിരിയെ പോലുളളവർ കൊളുത്തിവച്ച പുരോഗമനപരമായ സാമൂഹ്യമാറ്റത്തിന്റെ വിളക്കിലെ എണ്ണ വറ്റാറായിരിക്കുന്നു. ആ വിളക്ക് അണഞ്ഞെന്നാൽ അതിലും വലിയൊരു ദുരന്തം മലയാളിക്ക് വരാനില്ല. പുതിയ തലമുറ ഈ മൺമറഞ്ഞവരുടെ ദർശനങ്ങൾ ഉൾകൊണ്ടേ മതിയാവൂ… ഈ വിളക്ക് എണ്ണ വറ്റാതെ നമുക്ക് സൂക്ഷിക്കാം.
ഐ.സി..പി. നമ്പൂതിരിക്ക് കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ
Generated from archived content: neweditorial.html Author: suviraj