ഒരു സ്മാരകം തകർക്കുക എന്നത് ചരിത്രത്തെ മറച്ചുകളയുക എന്നതിന് സമമാണ്. ഒരു ഭരണകൂടം അധികാരം കയ്യേൽക്കുമ്പോഴും, ഇടയ്‌ക്കൊക്കെ അധികാരം തങ്ങളുടെ കൈവശം തന്നെയാണ് എന്ന് സ്വയം ബോധ്യമാക്കുമ്പോഴും മറ്റുളളവരെ ബോധ്യപ്പെടുത്തുമ്പോഴും നടത്തുന്ന പ്രത്യക്ഷസംഹാരങ്ങൾ നമുക്കറിയാവുന്നതാണ്. അധികാരം കയ്യാളുന്നവന് വിരുദ്ധമായ ചരിത്രം ഒരു സംസ്‌കാരത്തിന് പറയാനുണ്ടെങ്കിൽ, ആ സംസ്‌കാരത്തിന്റെ ചിഹ്നങ്ങളെ (അവ സ്മാരകശിലകളാവാം, കലയാവാം, സാഹിത്യമാവാം, ജീവിതരീതിയുമാവാം) ഇല്ലാതാക്കുകയും, ആ ഇല്ലായ്മ തങ്ങളുടെ ചരിത്രമാണെന്ന് മറ്റുളളവരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം അധികാരം തന്റെ അവകാശമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു.
ഇത് എഴുതുന്ന സമയത്തും ലോകത്തിലെ ഏറ്റവും വലിപ്പമാർന്ന ബുദ്ധപ്രതിമകൾ നിലംപൊത്തികൊണ്ടിരിക്കുകയാണ്. ബൗദ്ധചക്രവർത്തിയായ കനിഷ്‌കന്റെ കാലത്തിനടുത്ത് കെട്ടിയുയർത്തിയ ബാമിയൻ ബുദ്ധപ്രതിമകൾ അഫ്‌ഘാനിലെ താലിബാൻ ഭരണകൂടം ഈ ലോകത്തിന് മുഴുവൻ അപമാനകരമാവുംവിധം ഉടച്ചുകൊണ്ടിരിക്കുന്നു. മതത്തിന്റെ സത്യം എന്തെന്നറിയാത്തവർ ഒരു കൂട്ടത്തിന്റെ സംരക്ഷകരാവുമ്പോൾ മതം ഇല്ലാതാവുകയും കുറെ പേവിഷം ബാധിച്ചവർ ബാക്കിയാവുകയും ചെയ്യുന്നു. അഫ്‌ഘാൻ രാഷ്‌ട്രം ഇത്തരം ഭ്രാന്തന്മാരുടെ കരങ്ങളിലകപ്പെട്ടിരിക്കുകയാണ്.
ഈ ബുദ്ധപ്രതിമകൾ തകർന്നുവീഴുമ്പോൾ കണ്ണീരൊഴുക്കിയവരിൽ ഇന്ത്യ ഭരിക്കുന്ന പ്രമുഖരും ഉണ്ടായിരുന്നു എന്നത് അറപ്പുളവാക്കുന്ന സഹതാപം ഉണ്ടാക്കുന്നു. ബാബറി മസ്‌ജിദിന്റെ ഓരോ കൽക്കെട്ടും തകർന്നു വീണപ്പോൾ, ഇന്ത്യൻ സംസ്‌ക്കാരത്തിന്റേയും, സാഹോദര്യത്തിന്റേയും ഇടനെഞ്ചിലേക്ക് ഓരോ ആണിയും ഇവർ അടിച്ചിറക്കുകയായിരുന്നു. ഒപ്പം കഴുകൻ കണ്ണുമായി ഭാരതചരിത്രമുറങ്ങുന്ന കാശിയിലേയും, മധുരയിലേയും മുസ്ലീം ആരാധനാലയങ്ങളെ ഇവർ നോട്ടമിട്ടുവച്ചിരിക്കുകയുമാണ്. ഇങ്ങിനെ ചരിത്രം മാറ്റിയെഴുതാൻ ആരാധനാലയങ്ങൾ തകർക്കുക മാത്രമല്ല, പാഠപുസ്തകങ്ങളിലെ തിരുത്തലുകളിലൂടെ പുതിയ തലമുറയുടെ തലച്ചോറിലേക്ക് തങ്ങൾക്ക് അനുകൂലമായവ വിചിത്രമായ രീതിയിൽ തിരുകികയറ്റുകയും ചെയ്യുന്നു. ഇതൊക്കെയും ബാമിയൻ പ്രതിമാനശീകരണത്തിന് സമാനമായി കാണാവുന്നതാണ്. അവർ ചെയ്യുന്നത് തെറ്റാണ് എന്ന് അലറിവിളിക്കുകയും, നാം ചെയ്യുന്നത് ദേശീയ വികാരമാണെന്ന തോന്നലുണ്ടാക്കി ന്യായീകരിക്കുകയും ചെയ്യുന്നത് തികച്ചും ഇരട്ടത്താപ്പ് നയമാണ്. ഭാരതത്തിന്റെ ഭരണയന്ത്രം തിരിക്കുന്നവർ ദ്വന്ദവ്യക്തിത്വം ഉളളവരാകരുത്.
ചരിത്രസ്മാരകങ്ങൾ തകർക്കുന്നത് ഏറെ ക്രൂരമാണ്. ഇവ തകർത്ത ഭരണാധികാരികളെ അന്താരാഷ്‌ട്ര നിയമങ്ങളുണ്ടെങ്കിൽ അവയുടെ പിൻബലത്താൽ ശിക്ഷിക്കേണ്ടതാണ്. അത് ബാമിയൻ പ്രതിമയുടെ കാര്യത്തിലായാലും, ബാബറി മസ്‌ജിദിന്റെ കാര്യത്തിലായാലും.
Generated from archived content: editorial-06apr.html Author: suviraj