നല്ല അയൽക്കാർ

പാക്‌ പ്രസിഡന്റിന്റെ ഇന്ത്യാസന്ദർശനം മാധ്യമങ്ങൾക്ക്‌ ഒരു ഉത്സവം സൃഷ്‌ടിച്ചിരിക്കുകയാണ്‌. പലർക്കും പ്രതീക്ഷയുടേയും. മുഷാരഫ്‌ ഉറങ്ങാൻ പോകുന്ന മുറിയുടേയും, ഉലാത്താൻ പോകുന്ന വഴിയുടേയും ചിത്രങ്ങൾ പ്രദർശിപ്പിച്ച്‌, പഞ്ചനക്ഷത്രഹോട്ടലുകൾക്ക്‌ പരസ്യങ്ങൾ നെയ്‌തുകൊടുക്കുന്ന മാധ്യമങ്ങളുടെ പൈങ്കിളിസത്യങ്ങൾക്കപ്പുറം ഈ സന്ദർശനത്തിന്‌ രാഷ്‌ട്രീയമായ ചില സത്യങ്ങൾ പറയാനുണ്ട്‌.

ജനാധിപത്യരീതിയിൽ എന്നൊക്കെയാണോ പാക്കിസ്ഥാനിൽ ഭരണം നടന്നത്‌ ആ സമയങ്ങളിലെല്ലാം ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളും, ആക്രമണങ്ങളും സുലഭമായിരുന്നു. അത്ഭുതമെന്നു പറയട്ടെ പട്ടാളനേതൃത്വത്തിൻകീഴിൽ പാക്കിസ്ഥാൻ ഭരിക്കപ്പെടുമ്പോഴാണ്‌ സമാധാനത്തിന്റെ വെളളരിപ്രാവുകൾ ഇടയ്‌ക്കെങ്കിലും ചിറകനക്കുന്നത്‌. ഒരു രാഷ്‌ട്രീയ പാർട്ടിയുടെ നേതൃത്വത്തിൽ പാക്കിസ്ഥാൻ ഭരിക്കണമെങ്കിൽ, അവിടുത്തെ ആഭ്യന്തരപ്രശ്‌നങ്ങൾക്ക്‌ ശമനംവരുത്താൻ ഒരു പൊതുശത്രുവിനെ ആവശ്യംവേണ്ടിവരികയും, ശത്രുവായി ഇന്ത്യയെ ഉയർത്തിക്കാട്ടി ഇന്ത്യാവിരുദ്ധ പ്രചരണം നടത്തുകയും ചെയ്യേണ്ടിവരും.

അടിസ്ഥാനപരമായി രണ്ട്‌ ജനതകളുടെ ശത്രുതയല്ല ഇന്ത്യാ-പാക്ക്‌ പ്രശ്‌നത്തിലുളളത്‌ മറിച്ച്‌ രാഷ്‌ട്രീയമായ ചിലരുടെ നിലനില്പിന്റെ പ്രശ്‌നങ്ങളാണുളളത്‌. ഒരു സൈനിക ഭരണകൂടത്തിന്‌ ഇത്തരം ജനാധിപത്യപരമായ രാഷ്‌ട്രീയ നിലനില്പിന്റെ ആവശ്യകതയില്ലാത്തതാവാം ഈ പ്രത്യേകപ്രശ്‌നത്തിന്‌ സമാധാനം സ്ഥാപിക്കാൻ മുഷാരഫ്‌ ശ്രമിക്കുന്നത്‌.

എന്തുമാകട്ടെ, ഇന്ത്യയെ ഏറ്റവും നല്ല അയൽക്കാരനായിക്കാണാൻ ശ്രമിക്കുന്ന മുഷാരഫിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചേ മതിയാവൂ. ഒപ്പം ഹൂരിയത്ത്‌ നേതാക്കളുടെ സാന്നിദ്ധ്യം ഒരു മൂന്നാംകണ്ണുകൊണ്ട്‌ ഇന്ത്യ വീക്ഷിക്കേണ്ടതുമാണ്‌. ലാഹോർ ബസ്‌ യാത്രയുടെ സുഖകരമായ ഓർമ്മയിൽ മയങ്ങുമ്പോഴാണ്‌ കാർഗിലിൽ വെടിപൊട്ടിയതെന്ന്‌ നാം മറന്നുകൂടാ…..

Generated from archived content: edit_july10.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here