പാല്‌ കൊടുത്ത കൈക്കുതന്നെ…..

‘താൻ കുഴിച്ച കുഴിയിൽ താൻ തന്നെവീഴും’ പറഞ്ഞു പഴകിയ ഈ സാരോപദേശം അമേരിക്ക ഇപ്പോഴാണ്‌ പഠിച്ചത്‌. അമേരിക്ക എടുത്തുയർത്തിയ ഒസാമാബിൻ ലാദൻ എന്ന വാൾ, എടുത്തവനുനേരെ തിരിഞ്ഞിരിക്കുന്നു. ഭീകരവാദത്തിന്റെ പുതിയ മുഖം കണ്ട്‌ ലോകം ഒരു നിമിഷമെങ്കിലും മരവിച്ചുനിന്നുപോയി.

ഒരു വ്യക്തിക്ക്‌ സ്വയം വിചാരിച്ചാൽ ലോകത്തെ പിടിച്ചു കുലുക്കുന്ന ഒരു ഭീകരവാദിയാകാൻ ആവില്ല. കുറെ പണമോ ആൾബലമോ അതിന്‌ ആക്കം കൂട്ടിയെന്നിരിക്കും. എങ്കിലും, ശക്തമായ രാഷ്‌ട്രീയ പിൻബലമാണ്‌ ഇതിനേറെ ആവശ്യം. ഒരു ഭീകരവാദിയുടെ നിലനില്പിന്റെ ആവശ്യം മറ്റു പലരുടേയും രാഷ്‌ട്രീയ ആവശ്യമായിതീരുന്നത്‌ ഇങ്ങിനെയാണ്‌. പല ഭരണകൂടങ്ങളും ശത്രുനിഗ്രഹത്തിനായി ഇതുപോലത്തെ പേപിടിച്ച നായ്‌ക്കളെ പോറ്റിവളർത്താറുണ്ട്‌. ഒടുവിൽ പലപ്പോഴും യജമാനന്മാരെ യാതൊരു മടിയുംകൂടാതെ ഇവ കടിക്കാറുമുണ്ട്‌. അമേരിക്കയ്‌ക്ക്‌ ബിൻലാദനിൽ നിന്നു കിട്ടിയ കടി കൈയിനോ, കാലിനോ ആയിരുന്നില്ല, കഴുത്തിനുതന്നെയായിരുന്നു. അമേരിക്കയുടെ അഭിമാനമായ വേൾഡ്‌ ട്രേഡ്‌ സെന്റർ കെട്ടിടങ്ങളും, രഹസ്യന്വേഷണത്തിന്റെ തലച്ചോറായ പെന്റഗണും തകർന്നു വീണപ്പോഴാണ്‌ മൂന്നാംലോകരാജ്യങ്ങളിൽ തങ്ങൾ ചെല്ലും ചെലവും കൊടുത്തു വളർത്തി രസിച്ച ഭീകരവാദത്തിന്റെ തീഷ്‌ണഭാവങ്ങൾ അറിഞ്ഞ്‌ അമേരിക്ക ഇപ്പോൾ പേ പിടിച്ച്‌ പായുന്നത്‌. ശീതയുദ്ധകാലത്ത്‌ അഫ്‌ഗാൻ മലയിടുക്കുകളിൽ അമേരിക്ക വാരിക്കോരി കൊടുത്ത ആയുധങ്ങളും, പണവും ഇന്ന്‌ അമേരിക്കൻ പടയാളികളെ കാത്തിരിക്കുന്നുണ്ട്‌. ഒരു യുദ്ധംകൊണ്ട്‌ ഈ അവസ്ഥയിൽ ആർക്കും ഒന്നും നേടാനാവില്ല. ഭീകരവാദം ഇല്ലായ്‌മ ചെയ്യാനുമാവില്ല; നഷ്‌ടപ്പെടുന്നത്‌ അഫ്‌ഗാൻ ജനതയുടെ ജീവിതമായിരിക്കും. യുദ്ധത്തിന്റെ ഇരകളെന്നും പ്രതികരിക്കാൻ ശേഷിയില്ലാത്ത സാധാരണക്കാരാണ്‌.

മറ്റൊന്ന്‌ ചെകുത്താനും കടലിനുമിടയ്‌ക്ക്‌ നില്‌ക്കുന്ന പാക്കിസ്ഥാൻ കാശ്‌മീരിൽ കണ്ണുവെച്ച്‌ അമേരിക്കയോട്‌ വിലപേശുകയാണ്‌. കസേര തെറിക്കും എന്നറിയുമ്പോൾ എല്ലാ പാക്കിസ്ഥാൻ ഭരണാധികാരികളും പറയുംപോലെ മുഷാറഫും ഇന്ത്യയെ ചീത്തവിളിക്കുകയും കാശ്‌മീരിനെ പ്രശ്‌നമാക്കുകയുമാണ്‌ ചെയ്യുന്നത്‌. ഈ കാശ്‌മീർ ഭീകരവാദികൾ നാളെ പാക്കിസ്ഥാനും അമേരിക്കയ്‌ക്കും എതിരെ തിരിയും എന്നതിന്‌ യാതൊരു സംശയവുമില്ല. ഇത്‌ ചരിത്രം പഠിപ്പിച്ച പാഠമാണ്‌. കാശ്‌മീർ ഭീകരവാദികളുടെ കടയ്‌ക്കൽ ഇടുന്ന വളം തങ്ങളുടെ തന്നെ കതിരിലിടുന്ന വിഷമാണെന്ന്‌ പാക്കിസഥാനറിയുന്നില്ല.

ഭീകരവാദം ഇല്ലാതാക്കിയേ മതിയാവൂ, ഭീകരവാദം എന്ന ക്യാൻസറിന്റെ മൂലകാരണം അറിഞ്ഞ്‌ ചികിത്സിക്കുകയാണ്‌ ഉത്തമം, അല്ലാതെ പുറത്തെ പഴുപ്പിൽ മുറിവുണക്കുവാൻ മരുന്നുപുരട്ടിയതുകൊണ്ട്‌ കാര്യമില്ല. അങ്ങിനെയാവുമ്പോൾ മരുന്ന്‌ പുരട്ടേണ്ടത്‌ സ്വന്തം ശരീരത്തിൽ തന്നെയാകും.

Generated from archived content: edit_binladan.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here