എഴുത്തിനിരുത്തുമ്പോൾ……..

‘വിദ്യാരംഭം’ മനസ്‌സിനെ ശുദ്ധീകരിക്കുന്നതുകൂടിയാകണം. എഴുത്തിനിരുത്തുക എന്ന ചടങ്ങിനായിമാത്രം വിദ്യാരംഭത്തെ കാണരുത്‌. അതിനുമപ്പുറത്തേയ്‌ക്ക്‌ മനുഷ്യജന്മത്തിന്റെ സാഫല്യത്തിലേയ്‌ക്കുളള യാത്രയുടെ തുടക്കം കൂടിയാകണമത്‌.

ഇത്തവണയും മലയാളികൾ ആവേശത്തോടെ വിജയദശമി ആഘോഷിക്കുന്നുണ്ട്‌; കാലറ്റുവീണ ഗോപികയെ മറന്ന്‌, അസ്‌നയെമറന്ന്‌, പട്ടിണികിടന്നു മരിക്കുന്ന ആദിവാസികളെമറന്ന്‌. ഇങ്ങിനെയൊക്കെയാകുമ്പോൾ ഇത്തവണ എഴുത്തിനിരുത്തേണ്ടത്‌ കേരളത്തിലെ രാഷ്‌ട്രീയ നപുംസകങ്ങളെയാണ്‌. കൊലപാതക രാഷ്‌ട്രീയത്തിന്റെ ഇരുണ്ട പാഠങ്ങൾ മാത്രം കാണാതെ ഉരുവിടുന്ന ഇവർക്ക്‌ കുറച്ചെങ്കിലും നന്മയുടെ വെളിച്ചം വിദ്യയായ്‌ നല്‌കണം.

ഇക്കഴിഞ്ഞ 12-​‍ാം തീയതി വെളളിയാഴ്‌ച ബാലരാമപുരത്തെ നെല്ലിമൂടിനടുത്ത്‌ കണ്ണറവിളയിൽ സന്തോഷ്‌കുമാറിന്റെ വസതിയിലേക്ക്‌ പാതിരാത്രിയിൽ രാഷ്‌ട്രീയഅക്രമികൾ (കൊടിയുടെ നിറം പറയുന്നില്ല; ചെയ്തികളെല്ലാം ഒന്നായതിനാൽ സാധാരണക്കാരുടെ മുന്നിൽ ഇവരുടെ കൊടികൾക്കു മാത്രമെ മാറ്റമുളളൂ) ഇരച്ചുകയറി. സന്തോഷ്‌കുമാറിനെ ക്രൂരമായി പരിക്കേൽപ്പിക്കുകമാത്രമല്ല അവർ ചെയ്‌തത്‌. മുലകുടിക്കാനൊരുമ്പെട്ട ഗോപികയെന്ന സന്തോഷിന്റെ മകളെ അമ്മയുടെ മാറിൽ നിന്നും വലിച്ചെടുത്ത്‌ കാൽപത്തി വെട്ടിക്കളയുകകൂടി ചെയ്‌തു..

കൊളളാം…. അമേരിക്ക അഫ്‌ഗാനിൽ വർഷിച്ച ബോംബുകളാൽ മരണപ്പെടുന്ന കുഞ്ഞുങ്ങളെയോർത്ത്‌ കണ്ണുനീർ പൊഴിക്കുന്ന നമ്മുടെ സാംസ്‌ക്കാരിക തൊഴിലാളികൾ ഇതിനെക്കുറിച്ചൊന്നും മിണ്ടിക്കണ്ടില്ല.

അഫ്‌ഗാൻ ഭീകരർ ഇവരെക്കാളെത്ര മെച്ചം; അവർക്കു പറയാൻ ഒരാശയമെങ്കിലുമുണ്ടാകും. ഒന്നരവയസുകാരിയുടെ കാലുവെട്ടി രാഷ്‌ട്രീയ അടിത്തറ പണിയുന്നവർക്ക്‌ എന്താശയം… എന്തുരാഷ്‌ട്രീയം?

ഗോപികയ്‌ക്കുവേണ്ടി, അസ്‌നയ്‌ക്കുവേണ്ടി, പട്ടിണികിടക്കുന്ന കേരളത്തിലെ ആദിവാസികൾക്കുവേണ്ടി അഫ്‌ഗാനിലെ മനുഷ്യർക്കുവേണ്ടി, അമേരിക്കയിലെ കെട്ടിടസമുച്ചയങ്ങൾക്കൊപ്പം മരിച്ചുവീണവർക്കുവേണ്ടി…. നമ്മുടെ മക്കളെ എഴുത്തിനിരുത്താം…. ആശംസകൾ…

Generated from archived content: edit.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here