സ്വാതന്ത്ര്യദിനാശംസകൾ

വീണ്ടുമൊരു ആഗസ്ത്‌ 15. കലണ്ടറിലെ ചുവപ്പക്കത്തിന്റെ ആശ്വാസ അവധിക്കുമപ്പുറത്തേയ്‌ക്ക്‌ ഈ ദിനത്തെ അനുസ്‌മരിക്കാൻ ഇന്ന്‌ ഭാരതീയർക്കാകുന്നില്ല. സ്വാതന്ത്ര്യമെന്ന വാക്കിന്റെ അർത്ഥവും വ്യാപ്‌തിയും പുതിയ തലമുറ ഉൾക്കൊളളുന്നുമില്ല. സഹനത്തിന്റേയും ത്യാഗത്തിന്റെയും ദുരിതപർവ്വങ്ങളിലൂടെ കടന്നുവന്ന കഴിഞ്ഞ തലമുറ നമുക്ക്‌ നല്‌കിയത്‌ സ്വാതന്ത്ര്യമെന്ന വെറുംവാക്കിലൊതുക്കാവുന്ന ഒന്നല്ല. മറിച്ച്‌ ഒരു ദേശത്തിന്റെ ബൃഹദ്‌ സംസ്‌കാരത്തിന്റെ ജീവസ്പന്ദനമാണ്‌. ഭാരതമെന്നാൽ ഭൂപടത്തിലെ ചില വരകൾക്കുളളിലെ രൂപം മാത്രമാണ്‌ എന്ന്‌ കരുതി ആഗസ്ത്‌ 15 എന്ന ദിവസത്തിൽ മൂവർണ്ണകൊടി ഉയർത്തുകയും പുഷ്പവൃഷ്‌ടി നടത്തുകയും ചെയ്യുന്നത്‌ ഇന്ന്‌ ശുദ്ധഭോഷ്‌ക്കായി അനുഭവപ്പെടുന്നു. അതിലുപരി ഭാരതത്തിന്റെ ആത്‌മസത്തയെ ആഴത്തിലും പരപ്പിലും തൊട്ടറിയേണ്ടത്‌ ഈ മഹാസംസ്‌കാരത്തിന്റെ കണ്ണികളായ നമ്മുടെ ധർമ്മമാണ്‌.

മറ്റേതു രാഷ്‌ട്രത്തെയും താരതമ്യം ചെയ്യുമ്പോൾ രൂപത്തിലും ഭാവത്തിലും ഭാഷയിലും സംസ്‌കാരത്തിലും വ്യത്യസ്തത പുലർത്തുന്ന അനേകായിരം ജീവിതരീതികളുടെ കൂട്ടായ്‌മയാണ്‌ ഭാരതം. സാധാരണഗതിയിൽ കേരളീയനും കാശ്‌മീരിയും എങ്ങിനെ ഒരു രാഷ്‌ട്രക്കാരെന്ന്‌ പറയും? മറാഠിയും ആസാമിയും എന്തടിസ്ഥാനത്തിൽ ഒരൊറ്റജനതയാണെന്ന്‌ പറയും? എങ്കിലും ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട്‌ നാമെല്ലാം ഒന്നായി നില്‌ക്കുന്നു. പരസ്പര സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും സഹിഷ്‌ണുതയുടേയും കാണാചരടുകൾ നമുക്കിടയിലെവിടെയോ ബന്ധനം നടത്തുന്നു. ഈ ബന്ധനം ഒരു നിമിഷത്തിന്റെ സൃഷ്‌ടിയല്ല; അനേകായിരം വർഷങ്ങളുടെ ചരിത്രമുണ്ടിതിന്‌.

പുകഞ്ഞുകൊണ്ടിരിക്കുന്ന കാശ്‌മീരും, പുകയൊടുങ്ങിയെന്ന്‌ കരുതുന്ന പഞ്ചാബും നിലച്ചിട്ടില്ലാത്ത ബോഡോ തീവ്രവാദവും ഒരു സ്‌ഫോടനത്തിന്റെ അലകൾ ഇന്നും സൃഷ്‌ടിക്കുന്ന ബാബറി മസ്‌ജിദും അങ്ങിനെ അങ്ങിനെ പലതും നമുക്ക്‌ വേദനയാകുന്നുണ്ട്‌. ലോകത്തെ സ്‌നേഹിക്കുന്നതിനൊപ്പം ഭാരതത്തിന്റെ ഐക്യതയ്‌ക്കും അഖണ്ഡതയ്‌ക്കും വേണ്ടി മനസുകൊണ്ടെങ്കിലും പോരാടിയേ മതിയാവൂ. അതിനാൽ ഈ സ്വാതന്ത്ര്യദിനം സ്‌നേഹത്തിനും സമാധാനത്തിനും വേണ്ടി പ്രതിജ്ഞയെടുക്കാനുളള ദിനമായി തെരഞ്ഞെടുക്കാം- സ്വാതന്ത്ര്യദിന ആശംസകൾ.

Generated from archived content: august_15.html Author: suviraj

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here