തൃശൂർപൂരം

പൂരനഗരി ഇത്തവണയും നിരാശപ്പെടുത്തിയില്ല. ജനസഹസ്രങ്ങൾക്ക്‌ ഹൃദയം നിറഞ്ഞ സുവർണാനുഭൂതി സമ്മാനിച്ച്‌ തൃശൂർപൂരം ഉത്സവ വസന്തമായി. ഇലഞ്ഞിത്തറമേളത്തിന്റെയും മഠത്തിൽ വരവിന്റെയും മേളപ്പെരുമയ്‌ക്ക്‌ പിന്നെയും മാർക്ക്‌ കൂടുതൽ വീണു. കുടമാറ്റം നിറങ്ങളുടെ വിസ്‌മയങ്ങൾ തീർത്തു. വടക്കുംനാഥനെ വണങ്ങാൻ രാവിലെ തന്നെ എത്തിയ എട്ട്‌ ചെറുപൂരങ്ങളും ഗംഭീരം. കഴിഞ്ഞകാലങ്ങളിലേക്കാളേറെ ജനത്തിരക്ക്‌…. ആവേശം. ഒടുവിൽ ദേവിമാർ പരസ്പരം ഉപചാരം പറഞ്ഞ്‌ പിരിഞ്ഞു. പൂരം കഴിഞ്ഞു. പക്ഷെ ചിതറിപ്പോയ ഏഴു ജീവിതങ്ങളോ?

വെടിക്കെട്ടപകടങ്ങൾ കേരളത്തിൽ വാർത്തയല്ലാതെയായി കൊണ്ടിരിക്കുകയാണ്‌. എത്രയോ ദുരന്തങ്ങൾ കേരളം കണ്ടു കഴിഞ്ഞു. എങ്കിലും നാം ഒന്നും പഠിക്കുന്നില്ല. തൃശൂർ പൂരത്തിനായി ഒരുക്കിയ വെടിമരുന്ന്‌ പൊട്ടിത്തെറിച്ച്‌ ഏഴുപേർ മരിച്ചതാണ്‌ ഒടുവിടത്തെ അനുഭവം.

ആഘോഷങ്ങളും ഉത്സവങ്ങളും സമൂഹത്തിന്‌ ആവശ്യം തന്നെ. അതിന്‌ മോടികൂടുന്തോറും നമ്മുടെ സംതൃപ്‌തിയേറുമെന്നതും സത്യം. ഇങ്ങനെ പരിധി നിശ്ചയിക്കപ്പെടാതെ സംതൃപ്തി തേടി പലതും കെങ്കേമമാക്കുമ്പോൾ അറിയാതെയായിരിക്കും വലിയ ദുരന്തങ്ങൾ വന്നു പെയ്യുക. കൂടുതൽ ഒച്ചയിലേക്കും കൂടുതൽ വർണ്ണങ്ങളിലേക്കും വെടിക്കെട്ട്‌ നമ്മളെ നിർവൃതികൊളളിക്കുമ്പോൾ, അതിനുപിന്നിലെ കുറെ ജീവിതങ്ങളുടെ മുടിനാരിഴമേലുളള യാത്ര നാം അറിയാറില്ല. ഒരുവേള അവരുടെ ശരീരം ചിന്നിച്ചിതറി കിടക്കുംവരെയെങ്കിലും.

വെടിക്കെട്ടപകടങ്ങളിലെല്ലാം എന്താണ്‌ സംഭവിക്കുന്നത്‌? അശ്രദ്ധയോ വിധിയോ എന്നൊക്കെ പറഞ്ഞ്‌ ഒഴിവാക്കാനാവുന്നതല്ല ഇതിന്റെ കാരണങ്ങൾ. ഈ ദുരന്തങ്ങളെല്ലാം പലപ്പോഴും വിലകൊടുത്ത്‌ വാങ്ങുന്നതുപോലെയാണ്‌. വെടിക്കെട്ടിന്റെ ഗാംഭീര്യം കൂട്ടാൻ നിരോധിത രാസവസ്തുക്കളുടെ അമിതമായ ഉപയോഗമാണ്‌ പല ദുരന്തങ്ങളുടെയും പിന്നിൽ. തൃശൂരിൽ വില്ലനായത്‌ പൊട്ടാസ്യം ക്ലോറൈറ്റ്‌ ആണ്‌. ശബ്‌ദം കൂട്ടാനും പെട്ടെന്ന്‌ തീപിടിക്കാനും വെടിക്കോപ്പുകളിൽ ഉപയോഗിക്കുന്ന ഈ രാസവസ്‌തുവിന്‌ ചെറിയൊരു ഘർഷണം മതി വലിയൊരു ദുരന്തം സൃഷ്‌ടിക്കാൻ. കേരളത്തിലെ മിക്ക വെടിമരുന്നുശാലകളിലും ഇത്തരം നിരോധിത രാസവസ്‌തുക്കൾ ഉപയോഗിക്കുന്നുണ്ട്‌. ഇതിനെതിരെ ഒരന്വേഷണവും ഒരിടത്തും നടക്കുന്നില്ല എന്നതാണ്‌ സത്യം. അപകടം നടന്നു കഴിഞ്ഞാൽ പേരിന്‌ ചില ചടങ്ങുകൾ മാത്രം. അതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല.

തൃശൂർ വെടിക്കെട്ട്‌ അപകടത്തെപ്പറ്റി ആർ.ഡി.ഒ റിപ്പോർട്ട്‌ തയ്യാറാക്കി കഴിഞ്ഞു. അപകട കാരണവും കൃത്യമായി കണ്ടെത്തി. ഏഴുപേരുടെ ദുരന്തം എല്ലാവരും ഞൊടിയിടയിൽ മറന്നു. പാറമേക്കാവുകാരും തിരുവമ്പാടിക്കാരും അനുശോചനം രേഖപ്പെടുത്തി. അതിനുശേഷം പൂരം ഗംഭീരമായി നടത്താൻ തീരുമാനവുമായി. ബാക്കി വന്ന വെടിക്കോപ്പുകൾ തുടർന്നു വരുന്ന പൂരദിവസങ്ങളിൽ കെങ്കേമമായിതന്നെ പൊട്ടിക്കാനും പച്ചക്കൊടി കാട്ടി. ഒരു സംശയം. തുടർന്ന്‌ പൊട്ടിക്കുവാൻ പോകുന്ന വെടിക്കോപ്പുകൾ ആർ.ഡി.ഒ പരിശോധിച്ചുവോ ആവോ?

നമുക്കിനിയും പൂരങ്ങൾ ആഘോഷിക്കണം, വെടിക്കെട്ട്‌ ഗംഭീരമാക്കണം. ഒടുവിൽ കുറെ ശരീരങ്ങൾ ചിന്നിച്ചിതറും നേരം ഒരു ഞെട്ടൽ പ്രകടിപ്പിക്കണം. അത്രതന്നെ.

നിരോധിത വെടിമരുന്നുകൾ പ്രയോഗിക്കാതിരിക്കാൻ ശക്തമായ നിലപാടുകൾ ഗവൺമെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാകണം. നിലവിലുളള നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാനുളള ശേഷിയും കാണിക്കണം. അല്ലാതെ ശരീരം ചിന്നിച്ചിതറിപ്പോയവന്റെ വീട്ടുകാർക്ക്‌ ഒന്നോ രണ്ടോ ലക്ഷം കൊടുത്തത്‌ കൊണ്ട്‌ അവസാനിക്കുന്നതല്ല ഈ ദുരന്തങ്ങൾ.

വെടിക്കോപ്പുകളുടെ നിറവൈവിധ്യവും ശബ്‌ദഗാംഭീര്യവും കുറച്ച്‌ കുറഞ്ഞാലും, അതുകൊണ്ട്‌ നമ്മുടെ ആഹ്ലാദത്തിന്‌ ഇത്തിരി ഇടിവുവന്നാലും സാരമില്ല. എല്ലാ ജീവിതങ്ങൾക്കും വിലയുണ്ടെന്ന്‌ തിരിച്ചറിഞ്ഞാൽ മതി.

Generated from archived content: editorial_may8_06.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here