ജനം തീരുമാനിച്ചതിങ്ങനെ

കരുണാകരന്റെ വാക്കുകൾ അറംപറ്റുകയാണ്‌. യു.ഡി.എഫ്‌ ഏതാണ്ട്‌ ശവപ്പറമ്പായി. ഡി.ഐ.സിക്കാർ ഇരുട്ടിൽ തപ്പേണ്ടിയും വന്നു. 2001-ൽ 140 സീറ്റിൽ 99ഉം തൂത്തുവാരി അധികാരത്തിൽ കയറിയ യു.ഡി.എഫ്‌ ഇക്കുറി 42 സീറ്റുമായി കിതയ്‌ക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. ഇവിടെ വി.എസ്‌ തരംഗത്തിന്റെയോ ഇടതുതരംഗത്തിന്റെയോ സുനാമിയിൽ പെട്ട്‌ മാത്രം ഒലിച്ചുപോയതാണ്‌ യു.ഡി.എഫിന്റെ വിജയം എന്ന്‌ ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അതിനോട്‌ പൂർണ്ണമായി യോജിക്കുവാൻ കഴിയില്ല. വി.എസിന്റെ സാന്നിധ്യം ഇടതുവിജയത്തെ കൂടുതൽ മോടി കൂട്ടി എന്നത്‌ സത്യമാണ്‌. എങ്കിലും തിരിച്ചറിവോടെ വോട്ടു ചെയ്‌ത കേരളജനതയുടെ വിജയമാണിത്‌ എന്ന്‌ കരുതുകയാകും ശരി. കേരളജനത ഇത്ര സത്യസന്ധമായി ഇതിനുമുമ്പ്‌ പ്രതികരിച്ചിട്ടില്ല എന്നതാണ്‌ സത്യം. അതിനുമപ്പുറത്തേക്ക്‌ മത-ജാതി നിയന്ത്രിതമായ വോട്ടുബാങ്കുകൾ ഒരു പരിധിവരെ ഇല്ലാതാകുകയും രാഷ്‌ട്രീയ-സാമൂഹ്യബോധം ഉൾക്കൊണ്ട കാഴ്‌ചപ്പാടുകൾ വോട്ടർമാർ ഉയർത്തുകയും ചെയ്‌തു. ഇതിനുദാഹരണങ്ങളാണ്‌ ലീഗിന്റെ തകർച്ചയും വെളളാപ്പളളിയുടെ വെറും വാക്കുകളും.

ഏതു വലിയ തരംഗത്തിലും പ്രതികൂലഘട്ടത്തിലും തകരാതെ നിന്ന ലീഗിന്റെ കോട്ടകൾ ഇത്തവണ ആടിയുലഞ്ഞ്‌ വീണത്‌ എന്തുകൊണ്ടാണെന്ന്‌ തിരിച്ചറിയേണ്ടതുണ്ട്‌. കോണിയെന്ന ചിഹ്‌നത്തിലൂടെ സ്വർഗ്ഗത്തിൽ കയറാം എന്ന്‌ വിശ്വസിച്ചിരുന്ന മുസ്ലീം സഹോദരങ്ങൾ എന്തുകൊണ്ട്‌ മറിച്ചു ചിന്തിച്ചു? സി.എച്ചിൽ നിന്നും കുഞ്ഞാലിക്കുട്ടിയില്ക്കുളള ലീഗിന്റെ തളർച്ച തന്നെയാണ്‌ പ്രധാനം. രാഷ്‌ട്രീയ-സാമൂഹ്യ രംഗങ്ങളിൽ പ്രവർത്തിക്കേണ്ടവർ പുലർത്തേണ്ട സാമാന്യ മര്യാദപോലും ഇല്ലാതെ, അധികാരത്തിന്റെയും പണത്തിന്റെയും ധൈര്യത്തിൽ എന്തുമാകാമെന്ന ചിലരുടെ ചിന്ത, എന്നും കൂടെ നിന്നവർ നുളളിക്കളഞ്ഞു എന്നതാണ്‌ യാഥാർത്ഥ്യം. ആരു കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന ലീഗിന്റെ അഹന്ത തന്നെയാണ്‌ ബൂമാറാംഗ്‌ ആയി തലയിൽ പതിച്ചത്‌. മുസ്ലീമിന്റെ വോട്ട്‌ ലീഗ്‌ നേതാക്കളുടെ അവകാശമാണെന്നതിൽനിന്നും ഒടുവിൽ വോട്ട്‌ എന്റെ സ്വന്തം, അതെന്റെ സ്വാതന്ത്ര്യം എന്ന അറിവിലേക്ക്‌ കേരളത്തിലെ മുസ്ലീം ജനത എത്തി എന്നതാണ്‌ ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും നല്ല വാർത്ത. പണവും പ്രമാണിത്തവും അറയിൽവച്ച്‌ പൂട്ടിയിട്ട്‌ വേണം ജനങ്ങൾക്കിടയിലേയ്‌ക്കിറങ്ങാൻ എന്ന പാഠമാണ്‌ ലീഗ്‌ നേതൃത്വം ഇനി പഠിക്കേണ്ടത്‌. നെറികേടുകൾ കൂടെ പിറന്നവർപോലും പൊറുക്കില്ല.

ഇനി മറ്റൊരു കഥ, ഇടതുപക്ഷം ജയിക്കും എന്ന നാട്ടുവാർത്ത കേട്ടതെയുളളൂ ആ ഗർഭത്തിനുത്തരവാദി ഞാനുംകൂടിയാണ്‌ എന്ന വാദവുമായി വെളളാപ്പളളി നടേശൻ എത്തി. യു.ഡി.എഫ്‌ ഭരണത്തിൽനിന്നും കിട്ടിയതെല്ലാം വാങ്ങിക്കൂട്ടി ഒടുവിലൊരു മലക്കം മറിയൽ. നിലനില്പിന്റെ പ്രശ്‌നമാണെന്നു കരുതി സമാധാനിക്കാം. എങ്കിലും എസ്‌.എൻ.ഡി.പി യോഗം സെക്രട്ടറി അതീവ വാശിയോടെ പോർ വിളിച്ച ഒരു കാര്യമുണ്ട്‌. ആലപ്പുഴയിൽ കെ.സി.വേണുഗോപാലും ചെങ്ങന്നൂരിൽ പി.സി. വിഷ്‌ണുനാഥും നിയമസഭ കാണില്ലെന്ന്‌. എന്തായാലും ഈ ഇടതുവിജയത്തിനിടയിലും വേണുഗോപാൽ 16933 വോട്ടിനും പി.സി.വിഷ്‌ണുനാഥ്‌ എന്ന കെ.എസ്‌.യുക്കാരൻ 5132 വോട്ടിനും ജയിച്ചു. താൻ പറഞ്ഞാൽ എന്തും ചെയ്യുമെന്ന്‌ കരുതുന്ന, ഈഴവ സമുദായം വെളളാപ്പളളിക്ക്‌ നല്‌കിയ സമ്മാനമായി വേണം ഇതിനെ കരുതാൻ. ഗുരുജയന്തിക്കും സമാധിക്കും പീതവസ്‌ത്രം ധരിച്ച്‌ ഒത്തുകൂടുന്നവർ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ സ്വയം തീരുമാനമെടുക്കുന്നു എന്നതും സന്തോഷകരം തന്നെ.

എന്തൊക്കെ പോരായ്‌മകൾ പറഞ്ഞാലും ഇത്‌ പ്രതീക്ഷയുളള തിരഞ്ഞെടുപ്പ്‌ ഫലമാണ്‌. പ്രസ്ഥാനങ്ങളുടെ നാലുചുമരുകൾക്കുളളിൽ നില്‌ക്കാതെ ജനത്തിന്റെ വികാരം മനസ്സിലാക്കി വേണം എൽ.ഡി.എഫ്‌ തങ്ങളുടെ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ. അല്ലാത്തപക്ഷം അഞ്ചുവർഷത്തിനുശേഷം ഒരു തൊണ്ണൂറോ നൂറോ സീറ്റ്‌ വീണ്ടും യു.ഡി.എഫിന്‌ കിട്ടിയേക്കും. ഇക്കാര്യം കുറെയെങ്കിലും എൽ.ഡി.എഫും അതിന്‌ നേതൃത്വം നല്‌കുന്ന സി.പി.എമ്മും തിരിച്ചറിഞ്ഞിട്ടുണ്ടാകുമെന്ന്‌ കരുതുന്നു.

Generated from archived content: editorial_may12_06.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here