രണ്ടുവരിയിൽ ഞാനൊരു വലിയ ലോകം കാണിച്ചുതരാം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞു നടന്നിട്ടില്ല. പക്ഷെ എഴുതിയ വരികളിലൂടെ മലയാള ഭാഷ അത് തിരിച്ചറിയുകയായിരുന്നു. നേർത്ത ചാറ്റൽമഴ പോലെ കുട്ടികളുടെ നിറഞ്ഞ മനസ്സിലേക്ക് പെയ്‌തിറങ്ങുമ്പോൾ, പലപ്പോഴും വെടിമരുന്നിന്റെ തീഷ്ണതയോടെയാണ് മുതിർന്നവരുടെ ചിന്തകളിലേക്ക് കുഞ്ഞുണ്ണിക്കവിതകൾ
തുളച്ചുകയറിയത്.
താനെഴുതിയതിൽ കവിതയില്ല എന്ന് കൊട്ടിഘോഷിച്ചു നടന്ന മഹാജ്ഞാനികൾക്ക് കുഞ്ഞുണ്ണി മാഷ് തെളിഞ്ഞ ചിരി മാത്രമെ നല്‌കിയുള്ളൂ. ഒരു കവിത വ്യാഖ്യാനിച്ചു തീർക്കാൻ പതിനാറ്് രാപ്പകലുകളേക്കാൾ ഏറെ വേണ്ടിവരുന്ന ഇക്കാലത്ത്, പച്ചമലയാളത്തിന്റെ ശുദ്ധിയോടെ ഒരു ഭാഷയുടെ കരുത്തും കാമ്പും ഒരു നിമിഷംകൊണ്ട് അനുഭവിപ്പിച്ച്് ഒരായുസ്സോളം ആ അനുഭവം നിലനിർത്തിയാണ് കുഞ്ഞുണ്ണി മാഷ് കവിതകൾ കുറിച്ചത്്.
കുഞ്ഞുണ്ണി എന്ത് കവി…? കുഞ്ഞുണ്ണി മലയാളകവിതയെ ചീത്തയാക്കി എന്ന്് പറഞ്ഞുനടക്കുന്നവർക്ക് ഒരു മറുപടിയേയുള്ളൂ….കുഞ്ഞുണ്ണി മാഷിനെ കവിയായി നിങ്ങൾ കാണേണ്ട… പക്ഷെ ആ ചെറിയ ദേഹവും വലിയ മനസും ആർക്കും എഴുതാൻ കഴിയാത്ത കവിതയാണ്.
കവിതപോലെ ജീവിക്കുക എന്നത്് പലർക്കും അപ്രാപ്യമായ ഒന്നാണ്. മഹാപ്രസിദ്ധീകരണങ്ങളുടെ ആദ്യ കളർപേജുകളിൽ തന്റെ കവിത അച്ചടിച്ചു വരണം എന്ന ആഗ്രഹത്തോടെ എഴുതുന്നവർക്ക് കുഞ്ഞുണ്ണിക്കവിതകൾ ദഹിക്കാത്തത് ഇതുകൊണ്ടാണ്. നിങ്ങൾ എന്റെ കവിതകൾ വായിച്ചാൽ മാത്രം മതി, ഞാൻ എന്തുമായിക്കൊള്ളട്ടെ എന്ന് അലറുന്നവർക്ക് കുഞ്ഞുണ്ണി മാഷുടെ ചിരി അസഹനീയമായിരിക്കും. ഇങ്ങിനെയാണ് കുഞ്ഞുണ്ണി മാഷ് മലയാള കവിതാലോകത്ത് ഒറ്റയാനാകുന്നത്. ഇത് ആരേയും ആക്രമിച്ചു കീഴടക്കി നേടിയ ഒറ്റയാൻ രൂപമല്ല. മറിച്ച് കവി തന്നെ കവിതയായി മാറി നേടിയതാണ്.
“എനിക്കു പൊക്കം കുറവാ-
ണെന്നെപ്പൊക്കാതിരിക്കുവിൻ
എനിക്കൂക്കൂ കുറവാ-
ണെന്നെത്താങ്ങാതിരിക്കുവിൻ”
ഇങ്ങനെയെഴുതിയെങ്കിലും, ഈ കുഞ്ഞുണ്ണി മാഷിനെ പൊക്കാതിരിക്കുവാനും ഈ ഊക്ക് കാണാതിരിക്കുവാനും മലയാളിക്കാവില്ല.
നന്ദി, ഈ കൊച്ചുഭാഷയ്‌ക്കു ഇത്രയും തന്നതിന്്.
Generated from archived content: editorial_mar28_06.html Author: suvi_new