പി.കെ.വി-സൗമ്യദീപ്തം ആ ഓർമ്മ.

പി.കെ.വി ഓർമ്മയായി. സ്നേഹവിശുദ്ധിയുടെ രാഷ്‌ട്രീയമുഖവുമായാണ്‌ പി.കെ.വാസുദേവൻ നായർ തന്റെ പൊതുജീവിതയാത്ര തുടങ്ങിയതും അവസാനിപ്പിച്ചതും. ഒരു കമ്യൂണിസ്‌റ്റുകാരന്റെ അച്ചടക്കത്തിനൊപ്പം തന്നെ മനസ്സിന്റെ വലിയൊരു സാന്നിധ്യവും പി.കെ.വിയുടെ ജീവിതം നമ്മെ വരച്ചുകാട്ടുന്നു. രാഷ്‌ട്രീയബോധത്തിന്റെ അഗ്‌നിയെ തിരിച്ചറിഞ്ഞു കൊണ്ടു മാത്രമല്ല പി.കെ.വിയെ നാം സ്‌നേഹിച്ചത്‌, മറിച്ച്‌ സൗമ്യദീപ്‌തമായ പെരുമാറ്റത്തിന്റെ, നിഷ്‌ക്കളങ്കതയുടെ ആൾരൂപം എന്നീ തിരിച്ചറിവിലൂടെ കൂടിയാണ്‌. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും ഡൽഹിയിലെ ആശുപത്രിക്കിടക്കയിൽ വച്ച്‌ പി.കെ.വി ആകുലപ്പെട്ടത്‌ സാധാരണക്കാരുടെ വേദനയെക്കുറിച്ചും ദേശീയപ്രശ്‌നങ്ങളെക്കുറിച്ചുമായിരുന്നു. അവസാനനിമിഷത്തെ ഈ ആകുലത തന്റെ കളങ്കമേൽക്കാത്ത രാഷ്‌ട്രീയബോധത്തിന്റെ നേർക്കാഴ്‌ചയായി കാണാവുന്നതാണ്‌. ഒരു മുൻമുഖ്യമന്ത്രി എന്ന വിശേഷണത്തിന്റെ പരിധിക്കുളളിൽ ഒതുങ്ങുന്നതല്ല ഇദ്ദേഹത്തിന്റെ ജീവിതം എന്ന്‌ നാം അറിയുന്നു.

ഈ വലിയൊരു നഷ്‌ടത്തെയോർത്ത്‌ വേദനിക്കുമ്പോൾ, നാം ഓർക്കേണ്ടത്‌ പി.കെ.വിയെപ്പോലെ മാതൃകയാക്കാവുന്ന എത്രപേർ കൂടി നമ്മുടെ രാഷ്‌ട്രീയ-സാമൂഹ്യരംഗത്തുണ്ട്‌ എന്നതാണ്‌. അഴിമതിയുടെ കറപുരളാത്ത, ലോകത്തെ തുറന്ന ഹൃദയത്തോടെ നോക്കിക്കാണുന്ന നന്നായി പുഞ്ചിരിക്കാൻ കഴിയുന്ന എത്രപേർ ഇനി ഇവിടെ ബാക്കിയുണ്ട്‌ അല്ലെങ്കിൽ ഉണ്ടാവുന്നുണ്ട്‌? എണ്ണുവാൻ ഒന്നോ രണ്ടോ വിരലുകൾ മാത്രം മതി. ആദർശശുദ്ധിയുടെ പര്യായമായി പി.കെ.വിയെ ഉയർത്തിക്കാട്ടുമ്പോൾ നാം എന്തുകൊണ്ടാണ്‌ ഇത്രയും ആവേശഭരിതരാകുന്നത്‌. കാരണം മുൻപു പറഞ്ഞതുപോലെ പകരം വയ്‌ക്കാൻ വളരെയൊന്നും ഇല്ല എന്നതുതന്നെ. അധികാരത്തിന്റെ എല്ലാ സുഖങ്ങൾക്കിടയിലൂടെയും കടന്നുപോയപ്പോഴും ഒരു കമ്യൂണിസ്‌റ്റുകാരന്റെ നേരും മനുഷ്യസ്‌നേഹിയുടെ ചൂരും കൈവിടാതെ നടന്നയാളാണ്‌ പി.കെ.വി. ഇതുപോലെ ഇനിയൊരാൾ നമുക്കന്യം. പി.കെ.വിയുടെ മരണം വലിയൊരു ശൂന്യത സൃഷ്‌ടിക്കുന്നത്‌ ഇതിനാലാണ്‌. കച്ചവടത്തിന്റെ കളളക്കാഴ്‌ച്ചയുമായി രാഷ്‌ട്രീയരംഗത്തേയ്‌ക്കിറങ്ങുന്നവരെ കരണമടച്ചടിക്കുന്ന ഒന്നാണ്‌ പി.കെ.വിയുടെ ജീവിതം. സത്യസന്ധമായ രാഷ്‌ട്രീയ പ്രവർത്തനത്തിന്‌ ഉതകുന്ന ഒരു പാഠപുസ്‌തകം. നന്ദിയുണ്ട്‌ സഖാവേ…

Generated from archived content: editorial_july14_05.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here