അമ്പലം ക്ഷേത്രമാകുമ്പോൾ

ക്ഷേത്രങ്ങളിൽ ശാന്തിക്കാരായി ബ്രാഹ്‌മണർ മാത്രം മതി എന്ന എൻ.എസ്‌.എസ്‌ ജനറൽ സെക്രട്ടറി പി.കെ. നാരായണപ്പണിക്കരുടെ അഭിപ്രായം ഏറെ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്‌. മറ്റ്‌ ഹിന്ദുക്കൾക്ക്‌ ദേവസ്വം പ്രസിഡന്റോ തൂപ്പുക്കാരനോ വരെ ആകാം. പക്ഷെ ദൈവത്തിന്റെ പ്രതിപുരുഷൻ ബ്രാഹ്‌മണൻ ആയാൽ മതിയെന്ന്‌ സാരം. ഹൈന്ദവ വിശ്വാസ ചരിത്രമനുസരിച്ച്‌ പണിക്കർ പറഞ്ഞത്‌ നൂറുശതമാനവും ശരി. അങ്ങ്‌ ഉത്തരഭാരത വകുപ്പ്‌ വച്ചുകൊണ്ട്‌ ബ്രാഹ്‌മണർ പൂജിക്കട്ടെ, ക്ഷത്രിയർ യുദ്ധം ചെയ്യട്ടെ, വൈശ്യൻ കച്ചവടവും, ഒടുവിൽ ഇവിടെ നായരാദി പിന്നോട്ടുളള ശൂദ്രന്മാർ ദാസ്യപ്പണിയും ചെയ്യട്ടെ. പക്ഷെ കഥ ഇതല്ല.

ബ്രാഹ്‌മണ്യത്തെക്കുറിച്ച്‌ ഇത്ര വലിയ കാര്യം ഒരു നായരായ പണിക്കരെക്കൊണ്ട്‌ പറയിപ്പിച്ചതാരാണ്‌ എന്നതാണ്‌ ഇവിടുത്തെ ചർച്ചാവിഷയം. കേരളീയ ചരിത്രത്തിൽ ബ്രാഹ്‌മണ്യത്തിന്റെ ഏറ്റവും നീചമായ ആചാരങ്ങൾ അനുഭവിച്ച ഒരു സമുദായമാണ്‌ നായർ സമുദായം എന്ന്‌ പണിക്കർ മറന്നുവോ. അതൊക്കെ മറക്കേണ്ടതു തന്നെയാണ്‌ എന്നായിരിക്കണം ഇപ്പോൾ പണിക്കരുടെ മതം. കാരണം പുതിയ വർണ്ണ&വംശ രാഷ്‌ട്രീയ വഴികളിൽ പണിക്കർക്ക്‌ ഇത്തരമൊരു നിലപാടെടുത്തേ മതിയാകൂ. കേരളത്തെ സംബന്ധിച്ചിടത്തോളം പേരിൽ ശൂദ്രരെങ്കിലും നടപ്പിൽ സവർണൻ തന്നെയാണ്‌ നായർ. ഇവിടെ ഹൈന്ദവ വികസനത്തിന്‌ ഏറ്റവും അനുയോജ്യ വർഗ്ഗങ്ങളിലൊന്ന്‌. ഇതൊരു രാഷ്‌ട്രീയമാണ്‌. കൃത്യമായ അജണ്ട വഴി, ഹൈന്ദവരാഷ്‌ട്രീയത്തിന്‌ അത്ര വേഗമൊന്നും പിടികൊടുക്കാത്ത കേരള സമൂഹത്തെ കൈയ്യിലൊതുക്കാനുളള ശ്രമം. ദൈവം ഒരു സമൂഹത്തിന്‌ എന്നും രക്ഷയും ഭയപ്പാടും നല്‌കുന്ന ഒരു സങ്കൽപ്പം&വിശ്വാസം ആയതിനാൽ ഏറ്റവും വേഗം ഒരു സമൂഹത്തെ നിയന്ത്രിക്കാവുന്ന ഒന്ന്‌ അതുതന്നെയാകുന്നു, അവന്റെ പ്രതിപുരുഷൻ തന്നെയാകുന്നു. നിങ്ങൾ വിശ്വസിക്കേണ്ടത്‌ എന്ത്‌ എന്ന്‌ കൃത്യമായി അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അങ്ങിനെ കേരളത്തിൽ അറിയപ്പെടാതിരുന്ന വിനായക ചതുർത്ഥി നമ്മുടെ ദേശീയോത്സവമാകുന്നു. രക്ഷാബന്ധൻ സാഹോദര്യത്തിന്റെ ബന്ധൻ മാത്രമല്ല ചില രാഷ്‌ട്രീയത്തിന്റെ കാഴ്‌ചകൾ കൂടി നല്‌കുന്നു. ഇങ്ങനെ നാമറിയാത്ത ഒരുപാട്‌ ഉത്സവങ്ങളും ആചാരങ്ങളും മലയാളിയുടെ മുന്നിലേയ്‌ക്ക്‌ കടന്നുവരുന്നു.

ഇത്‌ ഇങ്ങനെയാണെങ്കിൽ, മറ്റൊരു മാറ്റവും കൂടി നടക്കുന്നുണ്ട്‌. ഈഴവാദി പിന്നോക്കക്കാരുടെ കുടുംബ അമ്പലങ്ങളിൽ നടത്തി വരുന്ന ആചാര&അനുഷ്‌ഠാന&ദൈവരൂപ മാറ്റങ്ങൾ. മൺമറഞ്ഞുപോയ കാരണവന്മാരെയും കുടുംബദൈവങ്ങളെയും കല്ലിൽ ആവാഹിച്ച്‌ മുത്തപ്പനും ഗുരുനാഥനും കുട്ടിച്ചാത്തനും മറുതയുമൊക്കെയായി ആരാധിച്ചു പോരുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇത്തരം പ്രാകൃതമെന്ന്‌ പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന ദൈവങ്ങൾക്കും ആചാരങ്ങൾക്കും ഒരു സമുദായത്തിന്റെ& കുടുംബത്തിന്റെ ജൈവീകതയുമായി ഏറെ അടുപ്പം കാണും. ഇസ്ലാം വിശ്വാസികളുമായുളള അടുപ്പം നിമിത്തം ‘ജിന്ന്‌’ എന്ന മാപ്പിള ചാത്തനെ വരെ ആരാധിക്കുന്ന ഹിന്ദു കുടുംബ അമ്പലങ്ങൾ എത്രയോ കേരളത്തിലുണ്ട്‌. ഇവർക്ക്‌ കളളും, കോഴി പൊരിച്ചതും, മുട്ട വറുത്തതും നിവേദ്യമായി നല്‌കിയിരുന്നു. നമ്മൾ കഴിക്കുന്നത്‌ നമ്മുടെ കാരണവൻമാർക്ക്‌ ആദ്യം നല്‌കുക എന്ന ഏറ്റവും സമ്പന്നമായ വിശ്വാസത്തിന്റെ അടയാളങ്ങളാണിത്‌. എന്നാൽ അക്കാലം മാറിപ്പോകുന്നു. ഇന്ന്‌ പുറത്തുനിന്നും ഒരു തന്ത്രിയെ ഇത്തരം അമ്പലങ്ങളിൽ പൂജാവിധിക്ക്‌ കൊണ്ടുവന്നാൽ ആദ്യം തന്നെ കളളും കോഴി പൊരിച്ചതും പടിക്കു പുറത്ത്‌. പിന്നെ ഗുരുനാഥൻ എന്ന പേരിനുപകരം ഗണപതിക്കാവും സ്ഥാനം. അതിരു കാക്കുന്ന മുത്തപ്പന്‌ പകരം അഷ്‌ടദിക്‌പാലകർ വരും. പിന്നെ അതുവരെ പൂജിച്ചിട്ടില്ലാത്ത ദേവീദേവൻമാരുടെ വരവായി. അമ്പലം ഒടുവിൽ ക്ഷേത്രമായി മാറുന്നു. അമ്പലം എന്നത്‌ ക്ഷേത്രമെന്നറിയപ്പെടുന്നതിൽ അർത്ഥപരമായി തെറ്റില്ല. പക്ഷെ അത്‌ രാഷ്‌ട്രീയപരമായി വലിയൊരു മാറ്റമാണ്‌ കാണിക്കുന്നത്‌. പിന്നെ നാട്ടിൻപുറങ്ങളിലെ അമ്പലത്തോടനുബന്ധിച്ച സ്ഥലനാമങ്ങളും മാറുന്നു. ആലുങ്കൽ എന്ന ഗ്രാമീണ പേര്‌ അനന്തപുരി എന്നാകുന്നു. മാടാത്ര എന്നത്‌ ഹരിദ്വാർനഗർ ആകുന്നു. ആർക്കാണ്‌ ഇത്തരം മാറ്റങ്ങൾ ആവശ്യം? ഈ ചോദ്യമാണ്‌ പണിക്കരോട്‌ നാം ചോദിക്കേണ്ടത്‌.

വിശാല ഹിന്ദു ഐക്യത്തിന്റെ വഴികൾ എസ്‌.എൻ.ഡി.പി., എൻ.എസ്‌.എസ്‌ സഖ്യത്തിലൂടെ വരില്ലെന്ന്‌ ഇതിന്‌ ആഗ്രഹിക്കുന്നവർക്കറിയാം. ഈഴവനെ ഈഴവനായും നായരെ നായരായും പുലയനെ പുലയനായും കണ്ടാൽ ഈ രാഷ്‌ട്രീയം വിജയിക്കില്ലെന്നു തീർച്ച. മറിച്ച്‌ വിശ്വാസത്തിന്റെ ഏകീകരണത്തിലൂടെ ഇത്‌ സാധ്യമാകുമെന്ന്‌ വലിയൊരളവുവരെ ചിലർ കരുതുന്നു. കാരണം സവർണനാകുക ഏവർക്കും ഇഷ്‌ടമുളള കാര്യമാണ്‌. നമ്മുടെ പാരമ്പര്യ വിശ്വാസങ്ങൾ സവർണ വിശ്വാസങ്ങൾക്കൊപ്പമെത്തിയാൽ നാം സവർണനായി എന്ന തോന്നലും ഉണ്ടാകും. ഈ ഒരു തോന്നൽ മാത്രം മതി ഒരു രാഷ്‌ട്രീയ നീക്കത്തിന്‌. പണിക്കർ അറിഞ്ഞോ അറിയാതെയോ ഇത്തരമൊരു നീക്കത്തിന്റെ ഇരയാകുകയാണോ എന്നാണ്‌ സംശയം. അല്ലെങ്കിൽ വലിയൊരു അധികാര സ്വപ്‌നം അദ്ദേഹത്തിന്റെ മനസ്സിലുണ്ടാകാം. ഒരു കാര്യം ഉറപ്പ്‌, ഇത്‌ പണിക്കർ പറഞ്ഞതല്ല. പണിക്കരെ കൊണ്ട്‌ ആരോ പറയിപ്പിച്ചതാണ്‌. എല്ലാവരും വിമർശിക്കുന്നതുപോലെ പണിക്കരു പറഞ്ഞത്‌ വെറും പ്രാകൃതത്തിലേക്കുളള തിരിച്ചുപോക്കല്ല. മറിച്ച്‌ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളുടെ വഴി തെളിയിക്കലുകളാണിത്‌.

Generated from archived content: editorial_jan06_06.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here