കഴിഞ്ഞ വർഷം നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നിരുന്നുവെന്ന് സി.ബി.ഐ പ്രാഥമിക റിപ്പോർട്ടിലൂടെ ഹൈക്കോടതിയെ അറിയിച്ചിരിക്കുകയാണ്. ഏറെക്കുറെ വിശ്വസനീയമെന്ന് നാം കരുതിയിരുന്ന എസ്.എസ്.എൽ.സി പരീക്ഷയെ ഇനി ഏതളവിലാണ് നാം ഉൾക്കൊളേളണ്ടത്. പൊതുപരീക്ഷ നടത്തിപ്പുകളിൽ ചോദ്യപേപ്പർ ചോർച്ച ഇന്ത്യയിൽ അസാധാരണമൊന്നുമല്ല, എസ്.എസ്.എൽ.സിയുടെ കാര്യത്തിലും സംഭവിക്കാവുന്നതാണെന്നും നമുക്ക് ആശ്വസിക്കാം. എങ്കിലും കഴിഞ്ഞ കൊല്ലം എസ്.എസ്.എൽ.സി പരീക്ഷാപേപ്പർ ചോർന്നതായുളള റിപ്പോർട്ടിന്മേൽ നടപടിയെടുത്ത് ഗവൺമെന്റ് ഇക്കാര്യം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് ക്രൈംബ്രാഞ്ചിനെയാണ്. അത്ര കഴിവുകെട്ട പോലീസാണ് കേരളത്തിന്റേതെന്ന് വിശ്വസിക്കാൻ കഴിയില്ല. എങ്കിൽ ഈ അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് വെറും നോക്കുക്കുത്തിയായി എന്നുപറയാൻ പോലും നാം നാണിക്കേണ്ടതുണ്ട്. നോക്കുകുത്തിയും ചില ധർമ്മങ്ങൾ നിർവഹിക്കുന്നുണ്ട്. ഇവിടെ ക്രൈംബ്രാഞ്ച് അതുപോലും ചെയ്‌തില്ല. അല്ലെങ്കിൽ അവരെക്കൊണ്ടത് ചെയ്യിച്ചില്ല എന്നതാണ് ശരി.
ക്രൈംബ്രാഞ്ചിനെകൊണ്ട് ഒന്നും ചെയ്യിക്കാതിരുന്നതും, സി.ബി.ഐ അന്വേഷണം ഒരുവർഷം നീണ്ടതും എന്തുകൊണ്ടെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഏതെങ്കിലും ഒന്നോ രണ്ടോ പ്രമുഖരുടെ മക്കൾക്ക് വേണ്ടി മാത്രമല്ല ഈ ചോദ്യചോർച്ച ഉണ്ടായിരിക്കുന്നത്. ചോർച്ചയുടെ രീതി നോക്കുകയാണെങ്കിൽ കഴിഞ്ഞ കൊല്ലത്തിലെ മാത്രം ഒരു സംഭവമായിട്ടല്ല മറിച്ച് കാലാകാലങ്ങളായി കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ നടക്കുന്നുണ്ടെന്നു വേണം അനുമാനിക്കാൻ. ഇതിനുപുറകിൽ വലിയൊരു മാഫിയയുണ്ടെന്നു തീർച്ച. അത് ആരൊക്കെയാണ് എന്നതിന്റെ ഉത്തരമാണ് അന്വേഷണങ്ങളെല്ലാം വഴിമുട്ടിക്കുന്നത്. ഉദ്യോഗസ്ഥരിലോ ചോദ്യപേപ്പർ ചോർന്നു കിട്ടിയവരിലോ ഒതുങ്ങുന്ന പേരുകളല്ല ഇതിലുളളത്. ഇതിൽ കക്ഷിഭേദമന്യേ രാഷ്‌ട്രീയ-ഭരണകൂട മണ്ഡലങ്ങളിലെ ഉന്നത വേതാളങ്ങൾ കൂടിയുണ്ടെന്നത് വലിയൊരു കച്ചവടത്തിന്റെ സാധ്യതയാണ് തെളിയിക്കുന്നത്. ഇതുവഴി ഗൈഡ് മാഫിയകളും ഇടനിലക്കാരും വാരിക്കൂട്ടിയത് എത്ര കോടികളാണെന്ന് സി.ബി.ഐയുടെ റിപ്പോർട്ട് ശരിയായ രീതിയിൽ വന്നാൽ അറിയാം. അല്ലെങ്കിൽ ദൈവം തമ്പുരാൻ വിചാരിച്ചാൽ പോലും ഒരു ചുക്കും അറിയാൻ പറ്റില്ല.
ചോദ്യപേപ്പർ ചോർന്നാൽ അതുമാത്രം മാറ്റി നടത്താം എന്നു പറയുന്ന, ചോദ്യപേപ്പർ വേണമെങ്കിൽ ശിവകാശിയിലെ ഏതെങ്കിലും പൊട്ട അച്ചുകൂടത്തിൽ അടിക്കാം എന്ന് വീമ്പു പറയുന്ന, സ്വകാര്യ പാഴ്‌സൽ കമ്പനിക്ക് തലച്ചുമടായി ഇത് കൊണ്ടുപോകാൻ അവസരമൊരുക്കുന്ന വിദ്യാഭ്യാസമന്ത്രിമാരും ഉദ്യോഗസ്ഥരും കേരളത്തിൽ വാഴുന്ന കാലത്തോളം ഒന്നും ഗതിപിടിക്കില്ല എന്നതാണ് സത്യം. പ്രശ്‌നങ്ങളെല്ലാം ലഘൂകരിച്ച് തന്റെ കസേര സേയ്‌ഫാക്കുന്നവർ ഇനിയും വിദ്യാഭ്യാസരംഗത്ത് ഉന്നത കസേരകളിൽ വിരാജിക്കും എന്ന് അറിയാഞ്ഞിട്ടല്ല. ഒരു വർഷക്കാലം കണ്ണിലെണ്ണയൊഴിച്ച് മനസ്സും ശരീരവും പഠനത്തിനായി നീക്കിവച്ച് വിജയം കൊതിക്കുന്ന വിദ്യാർത്ഥികളുടെ മുഖത്തേയ്‌ക്കാണ് ഇവരൊക്കെയും തുപ്പുന്നത് എന്നോർക്കണം. സി.ബി.ഐയുടെ ഈയൊരു റിപ്പോർട്ട് മതി പലർക്കും തങ്ങളുടെ കസേരയിൽ നിന്നും തലകുനിച്ച് ഇറങ്ങിപ്പോകാൻ. എന്തുചെയ്യാം ആസനത്തിൽ ആലു മുളച്ചാൽ അതും തണൽ. എസ്.എസ്.എൽ.സി പരീക്ഷ എഴുതുവാൻ പോകുന്ന വിദ്യാർത്ഥികൾക്ക് എന്ത് ആശംസകൾ ഇനി അർപ്പിക്കാൻ. കഴിയുമെങ്കിൽ അടുത്ത ചന്തയിൽ ചോദ്യപേപ്പർ വിൽക്കുവാനുണ്ടോ എന്ന് അന്വേഷിക്ക് കുട്ടികളേ..
Generated from archived content: editorail_mar23_06.html Author: suvi_new