പതിനാലാം വയസ്സിൽ കെ.പി.സി.സിയുടെ ബാലസംഘത്തിന്റെ ജാഥാനേതൃത്വം ഏറ്റെടുത്താണ് നായനാർ പൊതുപ്രവർത്തനരംഗത്തേയ്‌ക്ക് കടന്നുവന്നത്. ആ ഔദ്യോഗിക പൊതുപ്രവർത്തനം അവസാനിക്കുന്നത് മൂന്നുതവണയായി പതിനൊന്നുവർഷം കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ചുകൊണ്ടാണ്. അതിനുശേഷവും സി.പി.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗമായി തുടർന്നും അദ്ദേഹം തന്റെ രാഷ്‌ട്രീയസാന്നിധ്യം അറിയിച്ചിരുന്നു.
ഒരു കമ്യൂണിസ്‌റ്റുകാരൻ എങ്ങിനെയായിരിക്കണം എന്ന കാഴ്‌ചപ്പാടിൽനിന്നും വളരെ വ്യത്യസ്തമായ വഴിയിലൂടെയായിരുന്നു നായനാരുടെ യാത്ര. പാർട്ടി സെക്രട്ടറി പദവിയിലാണെങ്കിലും മുഖ്യമന്ത്രിപദം അലങ്കരിക്കുമ്പോഴാണെങ്കിലും ഒരു പിരിമുറുക്കവുമില്ലാതെ നായനാർ പൊട്ടിച്ചിരിക്കുകയും നർമ്മം വിതറുകയും പിന്നെ ഒട്ടൊക്കെ പൊട്ടിത്തെറിക്കുകയും ചെയ്തത് ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണങ്ങളായി നാം തിരിച്ചറിഞ്ഞതാണ്. ഈ സന്ദർഭങ്ങളിലൊക്കെയും ഒരു മുഖ്യമന്ത്രിയുടെ ഗൗരവം കാണിക്കുന്നില്ല എന്ന പരാതിയെ നിഷ്‌ക്കരുണം തളളിക്കളഞ്ഞത് തന്റെ വാക്കുകളിലൂടെയല്ല; മറിച്ച് പ്രവർത്തനങ്ങളിലൂടെയാണ്. കേരളത്തിൽ ഏറ്റവും സങ്കീർണമായ രാഷ്‌ട്രീയ സാമൂഹ്യ സാമുദായിക പ്രശ്‌നങ്ങൾ വളരെ സമചിത്തതയോടെ കൈകാര്യം ചെയ്‌ത് തന്റെ ഭരണനൈപുണ്യം അദ്ദേഹം തെളിയിച്ചിട്ടുണ്ട്.
പത്രസമ്മേളനങ്ങളിലും പൊതുയോഗങ്ങളിലും നായനാർ പ്രത്യക്ഷപ്പെടുമ്പോൾ കാണുന്ന ആൾക്കൂട്ടം മറ്റേതു മുഖ്യമന്ത്രിക്കാണ് ഉണ്ടായിട്ടുളളത്. ചിലപ്പോൾ ‘കടന്നുപോയി’ എന്നു കരുതാവുന്ന അമ്പുകൾ വർഷിക്കുമ്പോഴും ഹൃദയം തുറന്ന് സ്‌നേഹിക്കാനും നായനാർ മറക്കാറില്ല. നായനാരിൽനിന്ന് ചില ‘കൊട്ടു’കൾ കിട്ടുന്നതും അഭിമാനമായി കാണുന്ന പത്രപ്രവർത്തകർ കേരളത്തിൽ ധാരാളം. കാരണം ആ മനുഷ്യനു പകരം മറ്റൊരാളെ കാണുവാനില്ല എന്നതുതന്നെ.
1996-ൽ മാരാരിക്കുളത്ത് അച്യുതാനന്ദൻ അടിപതറി വീണപ്പോൾ, മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ നിന്നും അന്ന് മാറിനിന്ന നായനാരെ ഉണ്ടായുളളൂ. ഏറെ വിവാദം പിടിച്ചുപറ്റിയ സംഭവമെങ്കിലും കേരള ജനത ആഗ്രഹിച്ചതും അതുതന്നെ.
ചിരിക്കാനും ചീത്തപറയാനും പൊട്ടിക്കരയാനും ഹൃദയവിശാലതയുളള ഒരാൾ ഇനിയെന്നാകും കേരളരാഷ്‌ട്രീയത്തിൽ ഉണ്ടാവുക….? നായനാർ കേരളീയരുടെ ഭാഗ്യമായത് ഇങ്ങനെയാണ്.
Generated from archived content: edito_may21.html Author: suvi_new
Click this button or press Ctrl+G to toggle between Malayalam and English