ഇന്ത്യൻ ഉപഭൂഖണ്ഡം ആണവയുദ്ധ ഭീഷണിയിൽ

ഭീകര പ്രവർത്തനങ്ങളുടെ വഴിയും നയവും മുൻകാലങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയിലാണെന്ന്‌ വേൾഡ്‌ ട്രേഡ്‌ സെന്റർ ആക്രമണത്തോടെ ലോകത്തിന്‌ മനസ്സിലായി. പലയിടങ്ങളിലും ഭീകരപ്രവർത്തകരെ പാലും നൂറും കൊടുത്ത്‌ വളർത്തിയ അമേരിക്കയിന്ന്‌ ഇതിന്റെ ദൂഷ്യഫലങ്ങളറിഞ്ഞ്‌ ഭീകരപ്രവർത്തനങ്ങളെ തിരിച്ചടിക്കാനുളള ശ്രമത്തിലാണ്‌. അമേരിക്കയുടെ രീതികളിൽ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും പൊതുവായി ലോകത്തിലെ രാഷ്‌ട്രീയസ്ഥിരതയുളളതും സമാധാനം ആഗ്രഹിക്കുന്നതുമായ എല്ലാ രാഷ്‌ട്രങ്ങളും അമേരിക്കയ്‌ക്ക്‌ ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ഇത്തരത്തിലുളള രാഷ്‌ട്രീയ സാഹചര്യത്തിലാണ്‌ പാക്കിസ്ഥാൻ ഭീകരവാദികൾവഴി ഇന്ത്യയ്‌ക്കെതിരെ അപലപനീയമായ രീതിയിൽ ആക്രമണം നടത്തുന്നത്‌. 2001 ഡിസംബർ 13-ന്‌ ഇന്ത്യൻ പാർലമെന്റിനെ പാക്കിസ്താൻ നിയുക്ത തീവ്രവാദികൾ ആക്രമിച്ച സംഭവം സെപ്തംബർ 11ന്‌ അമേരിക്കയിൽ ഭീകരവാദികൾ നടത്തിയ ആക്രമണത്തേക്കാൾ രാഷ്‌ട്രീയപരമായി തീവ്രതയുളളതാണ്‌. അന്ന്‌ നയതന്ത്രപരമായി ഇന്ത്യ നിശബ്ദത പാലിച്ചത്‌ ഈ ഉപഭൂഖണ്ഡം ഒരു യുദ്ധത്തിന്റെ തീയിലേയ്‌ക്ക്‌ വീഴാതിരിക്കാനായിരുന്നു. ഇന്ത്യയുടെ ഈ നിശ്ശബ്ദത ഭീകരർക്കും പാക്കിസ്ഥാനും വളമായി തീരുകയാണ്‌ ചെയ്തത്‌. മെയ്‌ 14ന്‌ പാക്കിസ്ഥാൻ ആസ്ഥാനമാക്കിയ ഭീകരവാദികൾ ഇന്ത്യയിൽ 35 പേരെ കൂട്ടക്കൊലചെയ്തപ്പോൾ, സമാധാനപരമായ രീതിയിൽ ഇന്ത്യാ-പാക്‌ പ്രശ്‌നത്തിൽ പരിഹാരം കാണാൻ കഴിയില്ല എന്ന്‌ മനസ്സിലായി.

അമേരിക്കൻ വാശിക്കുമുന്നിൽ കീഴടങ്ങി അഫ്‌ഘാൻ തീവ്രവാദികൾക്കെതിരെ പാക്കിസ്ഥാൻ തോക്കെടുക്കേണ്ട ഗതികേട്‌ വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ മുഴുവനും തനിക്കെതിരായി തിരിയുന്നു എന്ന തോന്നൽ മുഷാറഫിനുണ്ടായി. അത്‌ സത്യമാണെന്ന്‌ വിളിച്ചറിയിക്കുംപോലെ പാക്കിസ്ഥാനിൽ മുഷാറഫിന്റെ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും കലാപങ്ങളും നടന്നു. ഇത്തരത്തിലുളള രാഷ്‌ട്രീയാവസ്ഥ തന്റെ അധികാരസ്ഥാനത്തെ തുടച്ചുമാറ്റാൻ ഇടയുണ്ടെന്ന്‌ തോന്നിയപ്പോഴാണ്‌ മുഷാറഫ്‌ ഇന്ത്യയ്‌ക്കെതിരെയുളള ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കിയതും ഒരു യുദ്ധാന്തരീക്ഷം സൃഷ്‌ടിച്ചതും. ഒരു പൊതുശത്രുവിനെ പെരുപ്പിച്ച്‌ കാണിച്ച്‌ അവർക്കെതിരെ യുദ്ധത്തിന്‌ കോപ്പുകൂട്ടിയാൽ, കൂടെ നില്‌ക്കുന്നവർ തമ്മിലുളള കലഹങ്ങൾ അവസാനിപ്പിച്ച്‌ തന്റെ സ്ഥാനം ഭദ്രമാക്കാം എന്ന ഏതൊരു രാഷ്‌ട്രത്തലവന്റെയും ചിന്ത സാമാന്യബോധമുളള ഏതു മനുഷ്യനും മനസ്സിലാക്കാവുന്ന ഏറ്റവും ചെറിയ രാഷ്‌ട്രീയതന്ത്രമാണ്‌.

ഇങ്ങനെയാകുമ്പോൾ പാക്കിസ്ഥാനെ ഒരു രാഷ്‌ട്രമായി കാണുക വയ്യ. മറിച്ച്‌ ഭീകരപ്രവർത്തകരുടെ ഒരു കൂട്ടായ്‌മയായി മാത്രമെ ഈ രാഷ്‌ട്രത്തെ കാണുവാൻ കഴിയൂ. ലോകരാഷ്‌ട്രങ്ങളുടെ ശാസനകളെ തരിമ്പും വകവയ്‌ക്കാതെ ഭീകരപ്രവർത്തനങ്ങളെ താലോലിക്കുന്ന പാക്കിസ്ഥാനെതിരെ ആദ്യവെടി പൊട്ടിക്കേണ്ടത്‌ ഇന്ത്യയല്ല മറിച്ച്‌ ഭീകരപ്രവർത്തനത്തെ ഒതുക്കാൻ കച്ചക്കെട്ടിയിറങ്ങിയിരിക്കുന്ന അമേരിക്കയാണ്‌. അമേരിക്കയ്‌ക്ക്‌ തന്റെ രഹസ്യക്കാരിയായ പാക്കിസ്ഥാനെതിരെ ഇത്തരത്തിലൊരു നടപടിയെടുക്കാൻ കഴിയുമോ എന്ന്‌ കണ്ടറിയണം. ലോകരാഷ്‌ട്രങ്ങളുടെ സജീവമായ ഇടപെടൽ മൂലം പാക്കിസ്ഥാന്റെ ഭീകരപ്രവർത്തനം ഇല്ലാതാക്കിയേ തീരൂ; അല്ലാത്ത പക്ഷം ഇവിടം ഒരു ആണവയുദ്ധത്തിന്റെ തീപൊയ്‌കയായിത്തീരും തീർച്ച.

Generated from archived content: edit_war.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here