വിചാരകേന്ദ്രങ്ങൾ തുടർന്നും വിചാരിക്കുന്നത്‌

സംഘപരിവാറിന്റെ ബൗദ്ധികസ്രോതസുകളിലൊന്നായി കരുതപ്പെടുന്ന ഭാരതീയ വിചാരകേന്ദ്രവും അതിന്റെ ഡയറക്‌ടർ പി. പരമേശ്വരനും കേരളീയ ജീവിതത്തിന്റെ വിവിധ മണ്‌ഡലങ്ങളിൽ ധിഷണാപരമായ ഇടപെടലുകൾ നടത്താറുണ്ടെങ്കിലും കടുത്ത ഹൈന്ദവ നിലപാടുകൾ കൊണ്ടും ഇടപ്പെടുന്ന രംഗങ്ങളുടെ സങ്കുചിതത കൊണ്ടും പലപ്പോഴും ഒരു പരിമിത സമൂഹം മാത്രമേ ആ വിചാരങ്ങൾ ഏറ്റെടുത്തു പോരാറുളളൂ. എന്നാൽ അടുത്ത സന്ദർഭങ്ങളിലായി പരമേശ്വരൻ നടത്തിയ ചില വിചാരങ്ങൾ കൂടുതൽ വിശാലതയും സ്വീകാര്യതയുമുളള സാഹിത്യമണ്ഡലത്തിലായതുകൊണ്ട്‌ പൊതുചർച്ചയ്‌ക്ക്‌ വഴിവെച്ചിരുന്നു.

കമല സുറയ്യയ്‌ക്ക്‌ എഴുത്തച്ഛൻ പുരസ്‌കാരം നൽകിയതിനെ സംബന്ധിച്ചായിരുന്നു പരമേശ്വരന്റെ ആദ്യ പ്രസ്താവന വന്നത്‌. പ്രസ്തുത വിവാദത്തെ സംബന്ധിച്ച്‌ പുഴ അന്നുതന്നെ പരമേശ്വരവിചാരത്തിന്റെ അപകടത്തിലേക്ക്‌ വിരൽ ചൂണ്ടിയിരുന്നതുമാണ്‌. ഒട്ടുമിക്കതും, പുലയാട്ടുകളും വാലാട്ടുകളുമായി പരിണമിച്ചെങ്കിലും ഔചിത്യബോധമുളള ചില പ്രതികരണങ്ങൾ ഉണ്ടാവാതിരുന്നുമില്ല.

എറണാകുളത്ത്‌ അന്താരാഷ്‌ട്ര പുസ്തകോൽസവത്തോടനുബന്ധിച്ച്‌ ഒ.വി. വിജയന്റെ “മധുരം ഗായതി” “ഗുരുസാഗരം” എന്നീ രചനകളെക്കുറിച്ച്‌ നടത്തിയ ചില പരാമർശങ്ങളാണ്‌ ഈ കുറിപ്പിനാധാരം. പ്രസ്‌തുത നോവലുകളിലെ ഹൈന്ദവാത്മീയത വേണ്ടരീതിയിൽ ആധുനിക നിരൂപകർക്ക്‌ മനസ്സിലാവാതെ പോയതാണ്‌ ആ നോവലുകൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരിക്കുവാൻ കാരണമെന്നാണ്‌ പരമേശ്വരന്റെ പ്രസ്താവം.

നന്ന്‌. ഇത്തരം ചർച്ചകൾ നമുക്ക്‌ തുടങ്ങിവെക്കാവുന്നതേയുളളൂ. പക്ഷേ എന്തായിരിക്കണം ആ “വേണ്ടത്ര മനസ്സിലാക്ക”ലുകൾ എന്നതിലാണ്‌ പ്രശ്‌നം. ഒരു കാര്യം നമുക്ക്‌ മുന്നിലുണ്ട്‌. വിജയന്റെ എഴുത്തിലെ ആത്മീയത.

സർവ്വഭൗതികതകളുടെയും അന്തർധാരയായി പ്രവഹിക്കുന്ന ആത്‌മീയതയുടെ ഊർജ്ജപ്രവാഹമാണ്‌ ഗുരുസാഗരം നൽകുന്ന വായനാനുഭവങ്ങളിലൊന്ന്‌. ‘സനാതന ഊർജ്ജപ്രവാഹം’ എന്ന പദം വിജയൻ ആവർത്തിക്കുന്നുമുണ്ട്‌. ഈ സനാതനതയും സംഘപരിവാരത്തിന്റെ സനാതനതയും തമ്മിൽ ദൂരമില്ലെന്ന്‌ പ്രഖ്യാപിക്കലാണ്‌ വിചാരകേന്ദ്രത്തിന്റെ ലക്ഷ്യമെങ്കിൽ നിശ്ചയമായും അത്‌ ചെറുക്കപ്പെടണം. ‘മധുരം ഗായതി’യിൽ ദലിതനും സ്‌ത്രീയും പശുവും മരവും മനുഷ്യനും ഒന്നുചേരുന്ന ജീവകണത്തിന്റെ വിലയം എന്ന സവിശേഷ ആത്മീയ യുക്തിയെ സംഘപരിവാരത്തിന്റെ ഹിന്ദുത്വയിലേക്ക്‌ വളച്ചുകെട്ടലാണ്‌ പരമേശ്വരന്റെ ലക്ഷ്യമെങ്കിൽ അതും ചെറുക്കപ്പെടണം. കാരണം അത്‌ എഴുത്തിലെ തെറ്റായ നിർണ്ണയമാണ്‌.

നമുക്ക്‌ സംസാരിക്കാം. എഴുത്തിനും വായനക്കുമിടയിലെ ഡിവൈഡറായി വിചാരകേന്ദ്രത്തിന്റെ കുങ്കുമച്ചാലുകൾ വർത്തിക്കയില്ലെന്നുറപ്പുണ്ടെങ്കിൽ…. അതിനുമുമ്പ്‌ ഒരുത്തരം വിചാരകേന്ദ്രം നൽകണം. ദലിതന്റെ ജീവനേക്കാൾ ചത്തപ്പശുവിന്റെ തുകലിന്‌ മൂല്യം നൽകുന്ന ഹൈന്ദവതയുടെ പുതുവ്യാഖ്യാനങ്ങളിലേക്ക്‌ നിങ്ങൾ ആരെയെല്ലാം നയിക്കും.

എന്തിനായിരുന്നു അവരെ തല്ലിക്കൊന്നത്‌?

Generated from archived content: edit_vicharakendrangal.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English