വീരപ്പൻ തന്റെ വഴിമാറ്റി വരയ്‌ക്കുകയാണ്. 130 കൊലപാതകങ്ങളും നൂറുകോടിയിലേറെ രൂപയുടെ ചന്ദനക്കളളക്കടത്തും രണ്ടായിരത്തിലേറെ ആനകളുടെ ജീവനും വീരപ്പന്റെ കണക്കുപുസ്തകത്തിലുണ്ട്. ഈ കണക്കുപ്പുസ്തകം അടച്ചുവച്ച് ക്രൂരനെന്ന വിലാസത്തിൽനിന്നും തമിഴ്‌മക്കളുടെ പ്രിയരക്ഷകനായി മാറുവാൻ ആഗ്രഹിക്കുകയാണ് വീരപ്പനിപ്പോൾ. കർണാടക മുൻമന്ത്രി എച്ച്.നാഗപ്പയെ തട്ടിക്കൊണ്ടുപോയ വീരപ്പന്റെ ആവശ്യങ്ങൾ തികച്ചും രാഷ്‌ട്രീയമാണ്. ചോരക്കൊതിയിൽനിന്ന് രാഷ്‌ട്രീയക്കൊതിയിലേയ്‌ക്കുളള വീരപ്പന്റെ മാറ്റം വെറുതെ എഴുതിതളളാവുന്ന ഒന്നല്ല. കാരണം വെറുമൊരു കാട്ടുകൊളളക്കാരനിൽനിന്ന് വീരപ്പൻ ഏറെ വളർന്നിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. വീരപ്പൻ നടത്തിയ ചന്ദനകൊളളയിലൂടെയും ആനക്കൊമ്പ് കവർച്ചയിലൂടെയും ലഭിച്ച പണത്തിന്റെ ഓഹരി തമിഴ്‌നാട് – കർണാടക രാഷ്‌ട്രീയത്തിലെ പല വമ്പന്മാരുടെ കീശയിലേയ്‌ക്കും പോയിട്ടുണ്ടാകുമെന്നത് സത്യം തന്നെയാണ്. ഈ കച്ചവടശൃംഖല ചെറിയൊരു വൃത്തത്തിലൊതുങ്ങുന്ന ഒന്നായി കരുതുക വയ്യ. കോടികൾ ചെലവിട്ട് വീരപ്പവേട്ടയ്‌ക്കിറങ്ങിയ ദൗത്യസേനയുടെ മുന്നിൽ തൊട്ടുതൊട്ടില്ല എന്നമട്ടിൽ വീരപ്പൻ പാഞ്ഞുനടക്കുമ്പോൾ സേനയുടെ തോക്കിൻകുഴലുകൾ ആരോ മൂടികെട്ടുകയാണെന്നുവേണം കരുതാൻ. മധ്യസ്ഥർക്ക് വീരപ്പനെ കണ്ടെത്താൻ പ്രയാസമുണ്ടാവുന്നില്ല. വീരപ്പന് ആവശ്യമുളള ഭക്ഷണപദാർത്ഥങ്ങൾ എത്തിയ്‌ക്കാൻ ആദിവാസികൾക്കും ഒരു തടസ്സവുമില്ല. വീരപ്പനെ കണ്ടെത്താൻ ദൗത്യസേനയ്‌ക്കുമാത്രമാണ് ബുദ്ധിമുട്ട്. നരനായാട്ടിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന രോഗഗ്രസ്തനായ വീരപ്പൻ ദൗത്യസേനയ്‌ക്ക് ഇന്നും മരീചികയായി മാറുന്നതിന് മറ്റെന്തോ കാരണം ഉണ്ട്. വീരപ്പനെ തടവിലാക്കുന്നതിനേക്കാൾ നന്ന് അയാൾ കാട്ടിൽ തന്നെ കഴിയുന്നതാണെന്ന് കരുതുന്ന ഒരുപാടാളുകളുണ്ട്. പിടിക്കപ്പെട്ടാൽ വീരപ്പൻ നല്‌കുന്ന വിവരങ്ങൾ ഒരുപക്ഷെ പലരുടേയും അന്ത്യവിധിയായിരിക്കും.
ഒരു കാട്ടുകൊളളക്കാരനായി മാത്രം അധികനാൾ വാഴാനാവില്ലെന്ന് വീരപ്പനറിയാം. വീരപ്പൻ വെറുമൊരു കാട്ടുകൊളളക്കാരനായി ഒടുങ്ങുവാൻ പാടില്ലെന്ന് നാടുവാഴുന്ന കൂട്ടുകാർക്കും അറിയാം. അതുകൊണ്ടായിരിക്കണം വീരപ്പൻ ഇങ്ങനെയൊരു വഴിമാറ്റം നടത്തുന്നത്. തമിഴ്‌മക്കളുടെ പ്രാദേശിക വികാരം മുതലെടുത്ത് വീരപ്പൻ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുമ്പോൾ ആശ്വസിക്കുന്നവർ ഏറെയുണ്ടാകും. അല്ലെങ്കിൽ ഒരുപക്ഷെ വീരപ്പൻ കരുതുന്നുണ്ടാകാം തന്റെ നാടുഭരിക്കുന്നവരെക്കാൾ ഒരുപടിയെങ്കിലും യോഗ്യത തനിക്കുണ്ടെന്ന്; അതുകൊണ്ട് രാഷ്‌ട്രീയം തനിക്ക് അന്യമാവില്ലെന്നും.
എങ്ങിനെയായാലും വീരപ്പനെ പിടികൂടിയെ തീരൂ. സംസ്ഥാന പോലീസിന് കഴിയില്ലെങ്കിൽ മറ്റേതെങ്കിലും സേനയെ ഇതിനായി നിയോഗിക്കണം. ഇത് സംസ്ഥാന പോലീസിന് മാനക്കേടാകുമെങ്കിലും വീരപ്പനെ എല്ലാകാലവും കാട്ടിലിങ്ങനെ അഴിച്ചുവിട്ടാൽ ശരിയാവില്ലല്ലോ…
എഡിറ്റർ
Generated from archived content: edit_veerappan.html Author: suvi_new