പത്തൊമ്പത് മാസത്തെ രണ്ടാം തടവിനുശേഷം ആങ്ങ്‌സാൻ സ്യൂചി മോചിതയായി. മ്യാൻമാറിന്റെ രണ്ടാം സ്വാതന്ത്ര്യ സമരത്തിന് ആഹ്വാനം ചെയ്‌ത ബർമ്മയുടെ “ഗാന്ധി” ആങ്ങ്‌സാങ്ങിന്റെ പുത്രി സ്യൂചി ലോകത്തിലെ ജനാധിപത്യവിശ്വാസികളുടെ ആവേശമാണ്. ശക്തമായ അന്താരാഷ്‌ട്രസമ്മർദ്ദങ്ങളെ തുടർന്നാണ് മ്യാൻമാറിലെ പട്ടാളഭരണകൂടം സ്യൂചിയെ സ്വതന്ത്രയാക്കിയത്.
നാലുപതിറ്റാണ്ടോളം പട്ടാളഭരണത്തിൻ കീഴിൽ വീർപ്പുമുട്ടി ജീവിച്ച ഒരു ജനതയ്‌ക്ക് സ്വാതന്ത്ര്യചിന്തയുടെ പ്രാണവായു നല്‌കിയത് സ്യൂചിയാണ്. ഏഷ്യയിലെ മ്യാൻമാറെന്ന കൊച്ചു രാഷ്‌ട്രത്തിൽ സ്യൂചി നടത്തിയ സ്വാതന്ത്ര്യപോരാട്ടം ലോകം ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു. 1991-ൽ സ്യൂചിക്ക് സമാധാനത്തിനുളള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും ആശയങ്ങൾ വ്യക്തമായി തന്നെ ഉൾക്കൊളളുകയും ഒരു ജനതയ്‌ക്ക് എങ്ങിനെയിത് ആശ്വാസകരമാവുകയും ചെയ്യുമെന്ന് സ്യൂചി നന്നായി മനസ്സിലാക്കിയിട്ടുണ്ട്. “ഭയത്തിൽ നിന്ന് മുക്തരാവാതെ മാന്യമായ ജീവിതം സാധ്യമല്ല” സ്യൂചിയുടെ ഈ വാക്കുകളിൽ ഭയരഹിതമായ മനസ്സും സ്വാതന്ത്ര്യചിന്തയും നിറഞ്ഞു നില്‌ക്കുന്നുണ്ട്. തന്റെ നാൽപ്പത്തിരണ്ടാം വയസ്സിൽ രോഗിയായ അമ്മയെ പരിചരിക്കാൻ മ്യാൻമറിൽ തിരിച്ചെത്തിയ സ്യൂചിക്ക് മ്യാൻമാർ ജനതയുടെ ജനാധിപത്യബോധത്തെ പോറ്റി വളർത്താൻ കഴിഞ്ഞതും ആ ജനതയുടെ മുൻനിരപോരാളിയായി മാറാൻ കഴിഞ്ഞതും ഈ ഒരു മനസ്സുളളതുകൊണ്ടാണ്.
മ്യാൻമറിനെ പട്ടാളഭരണത്തിന്റെ ഇരുമ്പുമുഷ്‌ടിയിൽനിന്ന് മോചിപ്പിക്കാൻ സ്യൂചിയുടെ വരുംകാല പ്രവർത്തനങ്ങൾക്ക് കഴിയട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.
Generated from archived content: edit_thadavara.html Author: suvi_new