സ്വാതന്ത്ര്യദിന ചിന്തകൾ

സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു ജനതയെ സംബന്ധിച്ച്‌ പലപ്പോഴും സ്വാതന്ത്ര്യമില്ലായ്‌മയേക്കാൾ ഒരു പടികൂടി ദുരിതങ്ങൾ അനുഭവിക്കേണ്ടിവരുന്നു എന്നത്‌ പല ചരിത്രങ്ങളും തെളിയിച്ചിട്ടുണ്ട്‌. ഇന്ത്യ അത്തരമൊരു ദുരിതകാലത്തിലൂടെയാണ്‌ കടന്നുപോകുന്നത്‌. പേരിന്‌ സ്വാതന്ത്ര്യം എന്ന വാക്ക്‌ കൂടെക്കൂടെ വിളിച്ചുപറഞ്ഞ്‌ ഇന്ത്യക്കാർ സ്വയം ആശ്വസിക്കുകയും ചെയ്യുന്നു. ഇന്ത്യ തന്റെ അൻപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്‌. ചെങ്കോട്ടയിൽ ത്രിവർണ്ണപതാക ഉയരുമ്പോൾ ഗുജറാത്തിലെ അഭയാർത്ഥിക്യാമ്പിൽ നീറുന്ന വേദനയുമായി ഒരുപിടിയാളുകൾ വിങ്ങുകയാണ്‌. കാശ്‌മീരിലാകട്ടെ പിടഞ്ഞുവീഴുന്ന മനുഷ്യജന്മങ്ങളുടെ എണ്ണം തിട്ടപ്പെടുത്തുകയെന്നത്‌ പരിധികൾക്കപ്പുറമാകുന്നു. അഴിമതികളുടെ നാറുന്ന കഥകളുമായി കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഇരുളിലേക്ക്‌ പിൻവാങ്ങുന്നു. അവസാനം പെട്രോൾ ബങ്ക്‌ കുംഭകോണവും നാം ആഘോഷിക്കുകയാണ്‌. ആണ്ടുത്സവം പോലെ ത്രിവർണ്ണപതാകയുമായി ദേശഭക്തിഗാനങ്ങൾ ആലപിച്ച്‌ നമ്മളെല്ലാം ഒരാത്മാർത്ഥതയുമില്ലാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, നമുക്ക്‌ നഷ്‌ടപ്പെടുന്നത്‌ കഴിഞ്ഞ തലമുറ നേടിത്തന്ന നേരായ സ്വാതന്ത്ര്യബോധമാണ്‌.

ജാതിയും മതവും വർഗ്ഗീയബോധവും എന്നത്തേക്കാളേറെ നമ്മെയെല്ലാം ഗ്രസിച്ചിരിക്കുന്നു. നവോത്ഥാനത്തിന്റെ സജീവസാന്നിദ്ധ്യത്താൽ ശാന്തമായിരുന്ന കേരളീയ സാമൂഹിക ജീവിതത്തിൽ തൊടലിനും തീണ്ടലിനുമപ്പുറം ജാതി മതബോധം വളർന്നിരിക്കുന്നു. ഭീകരപ്രവർത്തനത്തിന്റെ വലിയ വലകൾ കേരളത്തിന്റെ മുക്കിലും മൂലയിലും പടർന്നു പന്തലിച്ചിരിക്കുന്നു. ഗുണ്ടാപ്രവർത്തനവും മാഫിയകളും തങ്ങളുടെ കടമകൾ യഥാവിധി പ്രവർത്തിക്കുന്നു.

ഇവിടെ നാം എന്തൊക്കെയോ മറക്കുകയാണ്‌. സ്വാതന്ത്ര്യബോധമുളള ജനത അറിഞ്ഞിരിക്കേണ്ട കാര്യങ്ങളൊക്കെയും നമ്മുടെ സ്‌മൃതി മണ്ഡലത്തിലിന്നില്ല. സാഹോദര്യം എന്ന വാക്ക്‌ നമ്മുടെ നിഘണ്ടുവിൽ കാൺമാനില്ല. പരസ്പരം കൊന്നു തീർക്കാൻ വെമ്പുന്ന ഒരു ജനതയ്‌ക്ക്‌ എന്തു സ്വാതന്ത്ര്യമാണുളളത്‌. ഇവിടെ നാം നിശ്ശബ്‌ദരാവരുത്‌… ഗുജറാത്തിലും കാശ്‌മീരിലും ആസാമിലും മനുഷ്യർ പരസ്പരം വെട്ടിമരിക്കുമ്പോൾ നിർവികാരരായി നാം ഇരുന്നുകൂടാ. ഒരുപക്ഷെ നാളെ നമുക്കുനേരെയാകാം വാൾമുനകൾ നീളുന്നത്‌.

സ്വാതന്ത്ര്യദിനം കലണ്ടറിലെ വെറും അവധിച്ചുവപ്പല്ല. മറിച്ച്‌ ചില തിരിച്ചറിവുകളുടെ ഓർമ്മപ്പെടുത്തലാണ്‌. ആ ഓർമ്മൾ നമുക്ക്‌ എന്നുമുണ്ടാകണം… ആശംസിക്കാതെ വയ്യ.. സ്വാതന്ത്ര്യദിനാശംസകൾ.

Generated from archived content: edit_svathatram.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here