സ്‌റ്റോപ്പ്‌ വയലൻസ്‌

സിനിമ മലയാളികളുടെ സാമൂഹ്യജീവിതത്തെ എത്രമേൽ സ്വാധീനിച്ചിരുന്നുവെന്ന്‌ ഒരു പരിധിവരെയെങ്കിലും നമുക്കറിയാം. മറ്റ്‌ തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി സിനിമാലോകം നമ്മുടെ ജീവിതത്തെ പിടിച്ചു കുലുക്കുന്ന ഒന്നായി കാണപ്പെടുന്നില്ല. കേരളത്തിലെ രാഷ്‌ട്രീയ-സാംസ്‌ക്കാരികരംഗത്ത്‌ സിനിമാവഴിയുളള പൊളിച്ചുപണികൾ തീരെ വിരളമാണെന്നും പറയാം.

തമിഴ്‌നാട്ടിൽ എം.ജി.ആറും, കരുണാനിധിയും, ജയലളിതയുമൊക്കെ ഒരു സംസ്‌ക്കാരത്തിന്റെ തന്നെ വികാരമായിത്തീരുകയും, വെളളിത്തിരയിലൂടെ അവർ പടച്ചുവിട്ട സ്വപ്നങ്ങൾ അവരെ ദൈവങ്ങൾക്കുമപ്പുറമാക്കിത്തീർക്കുകയും ചെയ്‌തു. ഖുശ്‌ബുവിന്‌ ക്ഷേത്രം നിർമ്മിക്കുമ്പോഴും രജനികാന്തിനുവേണ്ടി തന്റെ ജീവിതം ഹോമിക്കുമ്പോഴും തമിഴൻ ജീവിതത്തെ സിനിമയോട്‌ ചേർത്തു വായിക്കുകയാണ്‌.

തമിഴന്റെ വിവരക്കേടുകൾ കണ്ട്‌ മൂക്കത്ത്‌ വിരൽവച്ച്‌ പരിഹസിച്ചിരുന്ന മലയാളികൾ ഇന്ന്‌ മലർന്നുകിടന്ന്‌ മുകളിലേയ്‌ക്ക്‌ തുപ്പേണ്ട അവസ്ഥയിലായിരിക്കുന്നു. സെന്റിമെൻസിനെ വളരെയധികം സ്‌നേഹിച്ചിരുന്ന മലയാളികൾക്ക്‌ ക്രൂരതയെ അതിനെക്കാളേറെ സ്‌നേഹിക്കാനും പ്രകടിപ്പിക്കാനും കഴിയുമെന്ന്‌ സിനിമ നിർമ്മിക്കുന്നവരും കാണുന്നവരും മനസ്സിലാക്കിത്തരുന്നുണ്ട്‌. ഏറ്റവും ക്രൂരനായ കഥാപാത്രങ്ങൾ നായകരാകുന്ന പുതുമലയാള സിനിമാസ്വഭാവം ഏറെ വിശകലനം ചെയ്യേണ്ട ഒന്നാണ്‌.

മോഹൻലാലിന്റെ മീശപിരിയൻ ചിത്രങ്ങളെ ആവർത്തന വിരസതകൊണ്ട്‌ ചെറുതായൊന്ന്‌ കാഴ്‌ച്ചക്കാർ വെറുത്തു തുടങ്ങിയ സമയത്താണ്‌ അന്തരിച്ച ചലച്ചിത്രതാരം സുകുമാരന്റെ മകൻ പൃഥ്വിരാജ്‌ നായകനായ എ.കെ.സാജൻ സംവിധാനം ചെയ്ത ‘സ്‌റ്റോപ്പ്‌ വയലൻസ്‌’ പുറത്തിറങ്ങുന്നത്‌. സെൻസർ ബോർഡിന്റെ ഒട്ടേറെ കടമ്പകൾ ചാടിക്കടന്ന ഈ ചിത്രത്തിന്റെ പേര്‌ ‘വയലൻസ്‌’ എന്നു മാത്രമായിരുന്നു. വെട്ടിക്കളഞ്ഞ ഭാഗങ്ങളുടെ എണ്ണവും ഏറെയാണ്‌. കൊച്ചി നഗരത്തിലെ ക്രിമിനലുകളുടെ ഇരുണ്ട കാഴ്‌ച്ചകൾ തരുന്ന ഈ സിനിമ നമുക്ക്‌ നല്‌കുന്ന സന്ദേശമെന്തെന്ന്‌ പേരിൽനിന്ന്‌ ഗ്രഹിക്കുക എളുപ്പമാവില്ല. ഇതൊന്നും വേണ്ട എന്ന്‌ വെറുംവാക്ക്‌ പറയുകയും ക്രിമിനാലിറ്റിയുടെ ഏറ്റവും വൈകൃതം നിറഞ്ഞ ചിത്രങ്ങൾ നല്‌കുകയും, അത്‌ നമ്മെ ഏറ്റവും രസിപ്പിക്കുന്ന തരത്തിലാക്കിത്തരുകയും ചെയ്യുമ്പോൾ നാളെ നമ്മുടെ വീട്ടിലെ കുട്ടികൾ വടിവാളിനായി പണം സംഘടിപ്പിക്കുന്ന തിരക്കുകളിലേയ്‌ക്ക്‌ മാറും. ഇവിടെ നാം തമിഴനിൽനിന്നും വ്യത്യസ്തനായി നടനേയും കഥാപാത്രത്തെയും സ്‌നേഹിക്കുന്നതിലുപരി; സ്വയം അവരാകാൻ ശ്രമിക്കുകയാണ്‌. അങ്ങിനെ നാം വടിവാളുകളും തോക്കുകളുമേന്തി ഒരു കൊലപാതകം നടത്താൻ ആഗ്രഹിച്ചുപോകും. കൊച്ചിനഗരത്തിൽ ഒരു ഗുണ്ടാസംഘത്തിൽ പുതുതായി ചേർന്ന ഒരു ചെറുപ്പക്കാരൻ തോക്കെടുത്ത്‌ വെടിവയ്‌ക്കുമ്പോഴും, വടിവാൾകൊണ്ട്‌ വെട്ടുമ്പോഴും മീശപിരിച്ച്‌ മോഹൻലാൽ സിനിമയിലെ പാട്ടുകൾ പാടുന്നത്‌ എന്തുകൊണ്ടെന്ന്‌ ഒന്ന്‌ ചിന്തിച്ചു നോക്കണം. ഇപ്പോൾ ‘സ്‌റ്റോപ്പ്‌ വയലൻസി’ലെ സാത്താനെ (പൃഥ്വിരാജ്‌)പ്പോലെ കഴുത്തിൽ 666 എന്ന ലോക്കറ്റും തൂക്കി കയ്യിൽ വടിവാളും നാവിൽ ബ്ലേഡുമായി നടക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നുവെന്ന്‌ വാർത്ത- ചിത്രം കണ്ടിറങ്ങുമ്പോൾ തീയറ്ററുകളുടെ മുൻപിലെ സംഘട്ടനങ്ങൾ ഈ ചിത്രത്തിന്റെ തീവ്രത വിളിച്ചോതുന്നു.

എവിടെയോ നമുക്ക്‌ പിഴച്ചുപോയിരിക്കുന്നു. നമ്മുടെ സിനിമാസംസ്‌ക്കാരത്തിന്‌ പാളിച്ചകൾ പറ്റിയിരിക്കുന്നു. വാനപ്രസ്ഥം എന്ന മഹത്തായ സിനിമയെടുക്കാനായിരുന്നു താൻ മീശപിരിച്ചഭിനയിച്ചതെന്ന മോഹൻലാലിന്റെ വാദം ശരിയല്ല. വാനപ്രസ്ഥം തന്ന നല്ല കാഴ്‌ചകളേക്കാൾ ഈ മീശപിരിയൻ ചിത്രങ്ങൾ നമുക്ക്‌ തന്ന ദുരിതങ്ങൾ ഏറെയാണ്‌. നമ്മുടെ പുതുതലമുറ തലതെറിച്ചവരാകുന്നുണ്ടെങ്കിൽ, അവർ ക്രിമിനലുകളാകുന്നുണ്ടെങ്കിൽ ഒരു പങ്ക്‌, വളരെ ചെറിയ പങ്ക്‌ മോഹൻലാലിന്റെ മീശപിരിചിത്രങ്ങൾക്കുണ്ടാകും. ഇപ്പോൾ പുതിയ അവതാരമായ ‘സ്‌റ്റോപ്പ്‌ വയലൻസി’നും.

Generated from archived content: edit_stop.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here