അക്ഷരങ്ങളുടെ മഹാഗണിതത്തിൽ നിർമ്മലസ്നേഹത്തിന്റെ തേൻമഴ പെയ്യിച്ച മലയാള കാവ്യലോകത്തിന്റെ അമ്മ യാത്രയായി. നാലപ്പാട്ടെ തറവാട്ടുമുറ്റത്തെ അക്ഷരക്കളരിയിൽനിന്നും കാവ്യഭാവനയുടെ വിത്ത് ഹൃദയത്തിൽ പാകിമുളപ്പിച്ച്, ബാലാമണിയമ്മ ഒരു മഹാവൃക്ഷമായി മാറുകയായിരുന്നു. മാതൃവാത്സല്യത്തിന്റെ ഇളംചൂട് പകർന്ന് ഒരു താരാട്ടുപോലെ ബാലാമണിയമ്മ എഴുതിയ കവിതകളിലൂടെ മലയാളി എന്നും ഒരമ്മയെ കാണുന്നുണ്ടായിരുന്നു. ബാല്യത്തിന്റെ നന്മയും മുലപ്പാലിന്റെ മാധുര്യവും കിനിയുന്ന ബാലാമണിയമ്മയുടെ കവിതകളിൽ മലയാള കാവ്യലോകം എന്നും ഒരമ്മയുടെ ആലിംഗനം അനുഭവിച്ചിരുന്നു; കവിതയുടെ കുലീനത ദർശിച്ചിരുന്നു. ലളിതവും നിഷ്‌ക്കളങ്കവുമെങ്കിലും ദാർശനികപരമായ ഔന്നത്യത്തിലൂടെയും, ആശയപരമായ ഗാംഭീര്യത്തിലൂടെയും ഈ അമ്മയുടെ കവിതകൾ ഏറെ സമ്പന്നമായിരുന്നു.
ജീവിതംതന്നെ കവിതയായി മാറ്റിയ ഈ മഹാകവയിത്രിയുടെ ആറര ദശകം പിന്നിട്ട കാവ്യജീവിതത്തിൽ എഴുതിയതൊന്നും വെറും വാക്കുകളായി മാറിയില്ല. എല്ലാം മലയാളി മനസ്സിൽ താലോലിച്ച വരികൾ മാത്രം. കൂപ്പുകൈ, സ്‌ത്രീഹൃദയം, കളിക്കൊട്ട, പ്രണാമം, മുത്തശ്ശി, അമ്പലനട, നഗരത്തിൽ…. എന്നിങ്ങനെ ബാലാമണിയമ്മ മലയാളഭാഷയ്‌ക്ക് നല്‌കിയ കാവ്യസമാഹാരങ്ങൾ എത്രയോ.
കൊച്ചി മഹാരാജാവിൽനിന്നും 1947-ൽ ലഭിച്ച ‘സാഹിത്യനിപുണ’പുരസ്‌കാരം, 1964-ൽ ലഭിച്ച കേന്ദ്ര സാഹിത്യഅക്കാദമി, സാഹിത്യപരിഷത്ത് പുരസ്‌കാരങ്ങൾ, 66-ൽ ലഭിച്ച കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്, 78-ലെ പത്‌മഭൂഷൺ പുരസ്‌കാരം, 95-ൽ ലഭിച്ച എഴുത്തച്ഛൻ പുരസ്‌കാരം, വളളത്തോൾ പുരസ്‌കാരം, പരമോന്നത ബഹുമതികളിലൊന്നായ സരസ്വതി പുരസ്‌കാരം, ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഒട്ടനവധി പുരസ്‌കാരങ്ങൾ ഈ അമ്മയെ തേടിയെത്തി.
ചിറ്റത്തൂർ കോവിലകത്തെ കുഞ്ഞുണ്ണി രാജായുടെയും നാലപ്പാട്ട് കൊച്ചുകുട്ടി അമ്മയുടെയും മകളായി 1909 ജൂലായ് 19-ന് ജനിച്ച ബാലാമണിയമ്മയുടെ കാവ്യജീവിതത്തിന് വഴിവിളക്കായത് മാതുലനായ നാലപ്പാട്ട് നാരായണമേനോനാണ്. മാതൃഭൂമി മാനേജിംഗ് ഡയറക്‌ടറായിരുന്ന പരേതനായ വി.എം.നായരാണ് ഭർത്താവ്. പരേതനായ ഡോ.മോഹൻദാസ്, കവയിത്രി കമലസുരയ്യ, ഡോ.ശ്യാംസുന്ദർ, ഡോ.സുലോചന എന്നിവർ മക്കളാണ്.
ഇനിയൊരു വേനൽചൂടിൽ പെയ്യുന്ന നേർത്ത മഴപോലെ, ഒരിളം കാറ്റുപോലെ, സ്‌നേഹം നിറഞ്ഞ മഞ്ഞുതുളളിപോലെ ബാലാമണിയമ്മ ഇനുയുണ്ടാവില്ല. ആ കുയിൽപ്പാട്ട് നിലച്ചിരിക്കുന്നു. ഒരു നീർമാതളപ്പൂവിതൾ അടർന്നു വീണിരിക്കുന്നു. എങ്കിലും ഒരിക്കലും എണ്ണവറ്റാത്ത നിലവിളക്കിൻ വെട്ടമായി അമ്മയുടെ കവിതകൾ എന്നും പ്രകാശിച്ചുകൊണ്ടേയിരിക്കും.
“വിട്ടയയ്‌ക്കുക കൂട്ടിൽ നിന്നെന്നെ; ഞാൻ ഒട്ടുവാനിൽ പറന്നു നടക്കട്ടെ .”
അറിയാത്ത ലോകത്തിന്റെ ഏതോ കോണിലേക്ക് പറന്നുപോയ ഈ അമ്മക്കിളിയുടെ ഓർമ്മകൾ മലയാളഭാഷയ്‌ക്ക് എന്നും കരുത്തേകും.
Generated from archived content: edit_sep30.html Author: suvi_new