സാഹിത്യകാരൻ ഇന്നതുപോലെ മാത്രം ജീവിക്കാവൂ എന്ന് ശഠിക്കുന്നത് തികച്ചും മര്യാദയില്ലായ്‌മയാണ്, ജനാധിപത്യവിരുദ്ധമാണ്. എഴുതുന്നത് ഇന്നതേ ആകാവൂ എന്ന് എഴുത്തുകാരനോട് പറയുന്നതും ഇതുപോലെതന്നെ. അതുകൊണ്ടുതന്നെ കേന്ദ്രസാഹിത്യഅക്കാദമി സംഘടിപ്പിച്ച ‘ന്യൂവോയ്‌സ്’ എന്ന യുവ എഴുത്തുകാരുടെ സമ്മേളനത്തെ മുൻപ് പറഞ്ഞ വ്യവസ്ഥയനുസരിച്ച് യാതൊരുവിധത്തിലും കുറ്റപ്പെടുത്തുവാൻ കഴിയില്ല.
എങ്കിലും ‘പരദൂഷണ’വും ‘കുശുമ്പു’മൊക്കെ നമ്മുടെ സമൂഹത്തിന്റെ ആഴങ്ങളിൽ, പ്രത്യേകിച്ച് സാഹിത്യലോകത്ത്, നല്ലപോലെ വേരുപിടിച്ചു കിടക്കുന്നതിനാൽ, നാവ് ചൊറിയുന്നതുകൊണ്ടുമാത്രം ഇത് കുറിച്ചുകൊളളട്ടെ.
കേന്ദ്രസാഹിത്യഅക്കാദമി സെക്രട്ടറിയായ കവി സച്ചിദാനന്ദന്റെ നേതൃത്വത്തിലാണ് ‘പുതുശബ്‌ദങ്ങളെ’ കണ്ടെത്താൻ തിരുവനന്തപുരത്തെ കൊമ്പുകൂടിയ മസ്‌ക്കറ്റ് ഹോട്ടലിന്റെ ശീതീകരിച്ച മുറിയിൽ യുവ എഴുത്തുകാരുടെ സമ്മേളനം സംഘടിപ്പിച്ചത്. ഇതിലൊന്നും യാതൊരു അപാകതയുമില്ലെങ്കിലും, കഥയും കവിതയും എഴുതുവാൻ അറിയുന്ന ഒരുകൂട്ടം ചെറുപ്പക്കാർ മസ്‌ക്കറ്റ് ഹോട്ടലിന്റെ മുന്നിൽ വന്നുനിന്ന്, സംഭവം ഏതോ മൾട്ടിനാഷണൽ കമ്പനിയുടെ എക്‌സിക്യൂട്ടീവ് യോഗമെന്ന് തെറ്റിദ്ധരിച്ച് ഭയചകിതരായി പിരിഞ്ഞുപോയതായി കേൾക്കുന്നു. നിലവാരമില്ലാത്ത വഹകൾ എന്നിവരെ നമുക്ക് കുറ്റപ്പെടുത്താം. സമ്മേളനഹാളിലാകട്ടെ അവിടെയുമിവിടെയുമായി നിരന്നത് റിട്ടയർമെന്റ് കഴിഞ്ഞ് പണിയൊന്നുമില്ലാതെ എഴുത്തുകാരെന്നു പറഞ്ഞുനടക്കുന്ന അറുപത് കഴിഞ്ഞ “ചെറുപ്പക്കാർ” മാത്രം…തരിപോലുമില്ല കണ്ടുപിടിക്കാൻ എന്നമട്ടിൽ മുപ്പത്തിയഞ്ചിൽ താഴെയുളള എഴുത്തുകാർ വിരളം. ഇതിനർത്ഥം അണിനിരന്ന അറുപതിനു മുകളിലുളളവരിൽ കേമന്മാരില്ല എന്നല്ല. മറിച്ച് ഇപ്പോൾ ഇവരെ കുറ്റപ്പെടുത്തിയേ മതിയാവൂ. കാരണം മിനിസ്‌ക്രീനിൽ തല കാണിക്കുവാൻ മാത്രം ഓടിനടക്കുന്ന ഒട്ടേറെ എഴുത്തുപണിക്കാർ തിരുവനന്തപുരത്തുണ്ട്.
സമ്മേളനം “അർത്ഥം” കൊണ്ട് നിറഞ്ഞ്, ആളില്ലാതെ നടക്കുമ്പോൾ സെക്രട്ടറി സച്ചിദാനന്ദനുമായി ഒരു പ്രമുഖ മലയാള ദിനപത്രത്തിൽ വന്ന അഭിമുഖമാണ് ഏറ്റവും രസകരമായത്. ഒരുകാലത്ത് കേരളത്തിലെ വിപ്ലവഉഷ്ണത്തിൽ നിന്നും ഉയർന്നുപൊങ്ങി അങ്ങ് ഡൽഹിയിലും പിന്നെ ലോകമെങ്ങും വിലസി നടക്കുമ്പോൾ, വല്ലപ്പോഴും കേരളത്തിലെത്തി ഒരു സമ്മേളനം നടത്തുമ്പോൾ പുതിയ എഴുത്തുകാർ ജോൺ എബ്രാഹമിനെപ്പോലെയും എ.അയ്യപ്പനെപ്പോലെയും നടക്കണമെന്ന് സച്ചിദാനന്ദന് പറയുവാൻ പറ്റുന്നതെങ്ങിനെ? ശരിതന്നെ. എങ്കിലും എഴുത്തുകാർ കുറച്ചെങ്കിലും വെയിലും മഴയും മഞ്ഞും കൊളളുന്നത് നല്ലതുതന്നെ. ഇങ്ങനെ ചെറുപ്പത്തിലേറ്റ വെയിലും മഴയും മഞ്ഞുമാണല്ലോ സച്ചിദാനന്ദനെ അക്കാദമി സെക്രട്ടറിയാക്കിയത്. ഒരുപക്ഷെ കടബാധിതനായ കർഷകന്റെ ആത്മഹത്യയുടെ കഥയും കവിതയുമെഴുതാനും ഗതിപിടിക്കാത്ത ആദിവാസിയുടെ കയ്‌ക്കുന്ന അനുഭവങ്ങളറിയാനും, വേശ്യയുടെ വേദനയറിയാനും, നെല്ലിന്റെ മണമറിയാനും, കടലിന്റെ കിതപ്പറിയാനും പ്രൈവറ്റ് ട്യൂഷനെന്നപോലെ മസ്‌ക്കറ്റ് ഹോട്ടലിലെ സാഹിത്യസമ്മേളനം സഹായിക്കുമെന്ന് സച്ചിദാനന്ദൻ കരുതിയിട്ടുണ്ടെങ്കിൽ, അതിനെ ശരിയെന്നു പറയുന്നവരെ, അംഗീകരിക്കാൻ വയ്യ. പഴി ഇതെങ്കിൽ നമുക്കിനി ബഷീറും തകഴിക്കുമൊക്കെ പകരം മൾട്ടിനാഷണൽ ടൈപ്പ് എക്സിക്യൂട്ടീവ് കവികളെയും കഥാകാരന്മാരേയും തേടാം…പണ്ടത്തെ ചില കൊട്ടാരം കവികളെപ്പോലെ രാജാവിനെ വാഴ്‌ത്തി കവിതയെഴുതാം. സ്വർഗസമാനം ഈ ജീവിതമെന്ന് തേനൂറും വാക്കുകളിൽ പതിപ്പിക്കാം… അമ്മിഞ്ഞപ്പാലിന് ടിന്നിലടച്ച പൊടിപ്പാലിന്റെ രുചിയെന്നോർത്ത് കാല്‌പനികരാകാം…കാലം മാറുമ്പോൾ കോലവും മാറണം എന്ന പഴഞ്ചൊല്ലിൽ സമാശ്വസിക്കാം…
എങ്കിലും സമാന്തരമായി സാഹിത്യസമ്മേളനം നടത്തി ‘പുതുശബ്‌ദം’ തേടിയ കുരീപ്പുഴ ശ്രീകുമാർ അടക്കമുളള പഴഞ്ചൻ കൂട്ടർ ആരോ ചെയ്ത പാപത്തിന്റെ പ്രായശ്ചിത്തം ചെയ്യുന്നത് കണ്ടപ്പോൾ ചിലരെങ്കിലും ആശ്വസിച്ചു കാണും. നോട്ടീസിൽ നിരത്തിയടിച്ച മലയാള സാഹിത്യപേരുകാർ പലരും സമ്മേളനത്തിൽനിന്നും അപ്രത്യക്ഷരായതും സംഘാടകർ ശ്രദ്ധിച്ചാൽ നന്ന്. സർക്കസ് കളിക്കാം. പക്ഷെ അമ്മിഞ്ഞ തന്ന അമ്മയുടെ മാറിൽതന്നെ വേണമെന്ന് പറയുന്നത് ക്രൂരമാണ്…
നാവു ചൊറിഞ്ഞതുകൊണ്ടു പറഞ്ഞുപോയതാണ്….തെറ്റുണ്ടെങ്കിൽ ക്ഷമിക്കണേ, കൊട്ടാരം കവികളേ….
Generated from archived content: edit_sep17.html Author: suvi_new