ഒരുവന് അവന്റെ ഭാഷ നഷ്‌ടമാവുമ്പോൾ, അവന്റെ സംസ്‌കാരവും നഷ്‌ടമാകുന്നു. ഒരു മനുഷ്യൻ അവന്റെ ജന്മഭാഷയിൽ ചിന്തിക്കുമ്പോഴാവും അവൻ അവന്റെ സ്വത്വത്തെ തിരിച്ചറിയുക. അവൻ തന്റെ ചരിത്രത്തെ തിരിച്ചറിയുക. സ്വന്തം ഭാഷയേയും, സംസ്‌കാരത്തേയും നഷ്‌ടപ്പെടുത്തി മറ്റിടങ്ങളിലേയ്‌ക്ക് കുടിയേറുന്നവർ ആത്മാവില്ലാത്ത യന്ത്രസമാനരായി തീരും എന്നതിൽ എതിർപ്പുണ്ടാകാനിടയില്ല. എങ്കിലും ഓരോ കാലഘട്ടത്തിലുമുണ്ടാകുന്ന സാമൂഹിക മാറ്റങ്ങൾ, സാങ്കേതിക വളർച്ച എന്നിവ ഭാഷയേയും സംസ്‌കാരത്തേയും സ്പർശിക്കുകതന്നെ ചെയ്യും. മാറ്റങ്ങൾ ഉണ്ടാക്കും. അച്ചടിയന്ത്രത്തിന്റെ കണ്ടുപിടുത്തം ഒരുദാഹരണമായെടുക്കാം. എഴുത്തിന്റെയും വായനയുടേയും ലോകത്തെ അച്ചടിയുടെ വരവ് എങ്ങിനെ സ്വാധീനിച്ചു എന്ന് നമുക്കറിയാം.
ഭാഷ ഉപയോഗിക്കുന്നതിന് നിയതമായ ഒരു രൂപമില്ല. ഭാഷ ഇന്ന വഴിയിലൂടെ മാത്രം ഉപയോഗിക്കാവൂ എന്ന് ശഠിക്കുന്നതിലും അർത്ഥമില്ല. സാങ്കേതികമായ മാറ്റങ്ങൾ ഇത് ശരിവയ്‌ക്കുന്നുമുണ്ട്. മാറ്റങ്ങളിൽ പകച്ചുനില്‌ക്കാതെ, അതിനെ ഉൾക്കൊണ്ടുകൊണ്ട് നമ്മുടെ ഭാഷയേയും സംസ്‌കാരത്തേയും തിരിച്ചറിഞ്ഞ് പുതിയ കാലത്തിന്റെ വഴിയിലൂടെ അവയുടെ തനിമ നഷ്‌ടപ്പെടാതെ നമ്മുടെ ആത്മാവിനൊപ്പം ചേർത്ത് മുന്നോട്ട് കൊണ്ടുപോകുക എന്നത് ഓരോ മനുഷ്യന്റെയും കടമയാണ്. ലോകത്തിന് ഒരു ഭാഷ മതി എന്ന് വാദിക്കുന്നവർക്ക് ഒരുപാട് ശരികൾ മുന്നോട്ട് വയ്‌ക്കുവാൻ കഴിയുമെങ്കിലും, അവർക്കൊപ്പം നീങ്ങിയാൽ സത്രത്തിലെ അന്തേവാസികളുടെ മനസ്സായിരിക്കും നമുക്ക് കൈവരിക.
വിവര സാങ്കേതിക വിദ്യയുടെ ഈ യുഗത്തിൽ, വലിയൊരു മാറ്റത്തിന്റെ ഈ കാലത്തിൽ സ്വന്തം ഭാഷയുടെ നേരിനെ തിരിച്ചറിഞ്ഞ്, മലയാളത്തിന്റെ ശാദ്വലതയെ തിരിച്ചറിഞ്ഞ് പുഴ ഡോട്ട് കോം പ്രവർത്തനമാരംഭിച്ചിട്ട് മൂന്നു വയസ്സ് തികയുകയാണ്. പുഴ ഡോട്ട് കോം എന്നത് വലിയൊരു കാൽവെയ്പാണെന്ന് അവകാശപ്പെടുന്നില്ല. പോരായ്‌മകൾക്കിടയിൽ ഒരു കൊച്ചു മുന്നേറ്റം മാത്രം. മനഃപൂർവ്വമല്ലെങ്കിൽ കൂടിയും ഭാഷയെ മറക്കാൻ തുടങ്ങുന്നവർക്ക് നമ്മുടെ നാടിനെ ഓർക്കാൻ കഴിയാത്തവർക്ക് ‘പുഴ’യുടെ സാന്നിധ്യം ആശ്വാസകരമാകുമെന്ന വിശ്വാസം ഇതിന്റെ പ്രവർത്തകർക്കുണ്ട്. മറന്നുപോയ ഒരു കാലത്തിലേയ്‌ക്ക് എന്നെ കൊണ്ടുപോയി രണ്ടുവരി കവിത കുറിപ്പിച്ചതിന് നന്ദിയെന്ന് സ്‌നേഹത്തോടെ ഒരാൾ എഴുതിയ വരികൾ പുഴയ്‌ക്ക് അഭിമാനമാണ്.
കൂടാതെ എഴുത്തിന്റെ വഴിയിലൂടെ കടന്നുവരുന്ന പുതിയ തലമുറയെ പുഴ എന്നും ശ്രദ്ധിക്കുന്നുണ്ട്. പ്രധാനമായും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പുഴ ഡോട്ട് കോം ‘പുഴ കവിതകളും കഥകളും’ എന്ന പുസ്തകം പുറത്തിറക്കി കഴിഞ്ഞു. ഇതിലെ കൃതികളിൽ ഏറിയ പങ്കും എഴുതിയിരിക്കുന്നത് തുടക്കക്കാർ തന്നെ.
സ്വന്തം ഭാഷയെ സ്നേഹിക്കുക, സംസ്‌കാരത്തെ അറിയുക, വരും തലമുറയ്‌ക്ക് നല്‌കുവാൻ ഇതെങ്കിലും നാം നീക്കിവച്ചേ മതിയാവൂ. അതിന് പുഴ ഡോട്ട് കോം നിങ്ങൾക്കൊപ്പമുണ്ടാകും. കഴിഞ്ഞ നാളുകളിൽ പുഴ ഡോട്ട് കോമിനെ ശ്രദ്ധിച്ച, അഭിപ്രായങ്ങൾ കുറിച്ച, പോരായ്‌മകൾ ചൂണ്ടിക്കാട്ടിയ എല്ലാ വായനക്കാർക്കും നന്ദി കുറിക്കട്ടെ….
Generated from archived content: edit_puzhadotcom.html Author: suvi_new