പല്ലാവൂരിന്റെ വാദ്യഗായകൻ യാത്രയായി

പല്ലാവൂരിന്റെ നാദപ്പെരുമയ്‌ക്ക്‌ വിട. പല്ലാവൂർ മണിയൻമാരാർക്കും കുഞ്ഞിക്കുട്ടൻമാരാർക്കും ശേഷം സഹോദരങ്ങളിൽ തലമൂത്ത അപ്പുമാരാരും യാത്രയായി. ചെണ്ടയുടെ ആസുരതാളത്തിന്‌ ദേവസ്പർശമുണ്ടെന്ന്‌ തിരിച്ചറിഞ്ഞ, പഞ്ചവാദ്യത്തിന്റെ മേളപ്പെരുക്കത്തിന്‌ ഹൃദയത്തെ തൊട്ടറിയാൻ കഴിയും എന്ന്‌ തിരിച്ചറിഞ്ഞ കലാകാരനാണ്‌ പല്ലാവൂർ അപ്പുമാരാർ. പത്താം വയസ്സിൽ തൃപ്പല്ലൂരപ്പന്റെ തിരുനടയിൽ തുടികൊട്ടി തുടങ്ങിയ വാദ്യോപാസന മലയാളനാടിന്റെ അഭിമാനമായി മാറുകയായിരുന്നു. പതിനേഴാം വയസ്സിൽ അനുജന്മാരായ മണിയന്റേയും കുഞ്ഞിക്കുട്ടന്റേയും കൈകളിലേയ്‌ക്ക്‌ മേളക്കൊഴുപ്പിന്റെ സ്വപ്നങ്ങൾ കൊടുത്ത്‌ അപ്പുമാരാർ ഗുരുവായി. തായമ്പകയിലും പഞ്ചവാദ്യത്തിലും പുതിയ വഴിത്താരകൾ കണ്ടെത്തി തുകൽപ്പുറത്ത്‌ താളവിസ്മയത്തിന്റെ പെരുംമഴ പെയ്തിറക്കിയ ഈ സഹോദരങ്ങൾ വാദ്യലോകത്തെ കിരീടം വയ്‌ക്കാത്ത ചക്രവർത്തിമാർ തന്നെയായിരുന്നു.

തായമ്പകയിലും പഞ്ചവാദ്യത്തിലും മാത്രമല്ല ഇടയ്‌ക്കയിലും അപ്പുമാരാർ തന്റെ പ്രാഗത്‌ഭ്യം തെളിയിച്ചിട്ടുണ്ട്‌. ഇടയ്‌ക്കയിൽ സ്വരസ്ഥാനങ്ങൾ കണ്ടെത്തിയ അപ്പുമാരാർ സമാനതകളില്ലാത്ത കലാകാരനാണ്‌. പല്ലാവൂർ ശൈലിയിലുളള പഞ്ചവാദ്യവും തായമ്പകയും അപ്പുമാരാരും സഹോദരങ്ങളും വാദ്യലോകത്തിന്‌ നല്‌കിയ വിലപ്പെട്ട സംഭാവനയാണ്‌.

ഏറെക്കാലം തൃശൂർ പൂരത്തിൽ പ്രമാണകയ്യായി അപ്പുമാരാരുണ്ടായിരുന്നു. അറുപത്‌ വർഷത്തെ വാദ്യോപാസനയ്‌ക്കിടയിൽ ഒട്ടനവധി രാജ്യങ്ങൾ സന്ദർശിക്കുകയും അവിടെയൊക്കെ കേരളത്തിന്റെ തനത്‌ കലാരൂപങ്ങളായ തായമ്പകയും പഞ്ചവാദ്യവും അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.

2001 ജൂൺ 20-ന്‌ മണിയൻമാരാരും 2002 ഓഗസ്‌റ്റ്‌ 24-ന്‌ കുഞ്ഞിക്കുട്ടൻമാരാരും വേർപിരിഞ്ഞ ശേഷം ആകെ തളർന്ന മട്ടിലായിരുന്നു അപ്പുമാരാർ.

കേരള സംഗീതനാടക അക്കാദമി അവാർഡ്‌; കലാമണ്ഡലം അവാർഡ്‌; ഗുരുവായൂരപ്പൻ പുരസ്‌ക്കാരം, മേളാചാര്യ അവാർഡ്‌ തുടങ്ങി ഒട്ടനവധി പുരസ്‌ക്കാരങ്ങൾ അപ്പുമാരാരെ തേടിയെത്തിയിട്ടുണ്ട്‌. ഇതിനുമപ്പുറത്തേയ്‌ക്ക്‌ വാദ്യമേളത്തെ സ്‌നേഹിക്കുന്ന മനുഷ്യരുടെ മനസ്സിൽ പല്ലാവൂരിന്റെ മേളപ്പെരുക്കങ്ങൾ എത്രകാലം കഴിഞ്ഞാലും തുടിച്ചുകൊണ്ടിരിക്കും.

Generated from archived content: edit_pallavoor.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here