വി.വി.രാഘവൻ

രാഷ്‌ട്രീയത്തിൽ ആത്മാർത്ഥതയുടേയും സത്യസന്ധതയുടേയും നേർരൂപമായിരുന്നു വി.വി.രാഘവൻ. വംശനാശം വന്നുകൊണ്ടിരിക്കുന്ന രാഷ്‌ട്രീയ കുലീനതയുടെ അവസാന കണ്ണികളിലൊന്ന്‌. ഒരു പട്ടാളക്കാരനായി തുടങ്ങിയ ജീവിത അച്ചടക്കത്തിന്റെ നേരും നെറിയും ഒരുകാലത്തും തെറ്റിക്കാതെ തലയുയർത്തിപ്പിടിച്ചുനിന്ന കമ്യൂണിസ്‌റ്റായിരുന്നു വി.വി.

തൃശൂർ കിഴക്കുംപാട്ടുകരയിൽ വേലപ്പറമ്പിൽ വേലപ്പന്റെ മകനായി 1923 ജൂൺ 23-ന്‌ ജനിച്ച വി.വി.രാഘവൻ കൊച്ചി രാജ്യ പ്രജാമണ്ഡലത്തിലൂടെയാണ്‌ പൊതുപ്രവർത്തനത്തിലേയ്‌ക്ക്‌ കടന്നുവന്നത്‌. അതിനുശേഷം കെ.എസ്‌.പിയിലൂടെ രാഷ്‌ട്രീയരംഗത്തെത്തിയ ഇദ്ദേഹം പിന്നീട്‌ കമ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ ചേർന്നു. കമ്യൂണിസ്‌റ്റ്‌ പാർട്ടിയിലെ ഭിന്നിപ്പിൽ സി.പി.ഐ പക്ഷത്താണ്‌ വി.വി. നിലകൊണ്ടത്‌.

ഒട്ടേറെ തിരഞ്ഞെടുപ്പുകൾ നേരിട്ട വി.വി.രാഘവൻ പരാജയങ്ങളിലും വിജയങ്ങളിലും എതിരാളികളാൽപോലും ഒരുപോലെ സ്‌നേഹിക്കപ്പെട്ടവനായിരുന്നു. ലാളിത്യവും ഹൃദയശുദ്ധിയും വി.വി.രാഘവനെ എന്നും മറ്റുളളവരിൽ നിന്നും വ്യത്യസ്തനാക്കിയിരുന്നു. സൗമ്യതയുടെ മുഖഭാവത്തിനിടയിലും തെറ്റുകൾക്കും ജനവിരുദ്ധതയ്‌ക്കുമെതിരെ പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു ഈ കർമ്മധീരൻ. നായനാർ മന്ത്രിസഭയിൽ കൃഷിമന്ത്രിയെന്ന നിലയിൽ ഏറെക്കാലം കേരളത്തിന്റെ കാർഷികരംഗത്ത്‌ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഇദ്ദേഹം, തകർന്നുകൊണ്ടിരിക്കുന്ന കാർഷിക മേഖലയെ രക്ഷിക്കാൻ ഗ്രൂപ്പ്‌ ഫാമിംഗ്‌ പോലുളള പദ്ധതികൾക്ക്‌ രൂപം നല്‌കി.

ദേശീയ രാഷ്‌ട്രീയത്തിൽ വി.വി.യുടെ പേര്‌ ഉയർന്നുകേട്ടത്‌ 1996-ൽ കോൺഗ്രസ്‌ സീനിയർ നേതാവായ കെ.കരുണാകരനെ അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ തൃശൂരിൽ പരാജയപ്പെടുത്തിയതോടുകൂടിയാണ്‌. പിന്നീട്‌ ഏറെക്കാലം ലോകസഭാ അംഗമായിരുന്ന വി.വി 2001 മുതൽ കേരളത്തെ പ്രതിനിധീകരിച്ച്‌ രാജ്യസഭാംഗമായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനായി സാധാരണക്കാരന്റെ പക്ഷത്തുനിന്നുകൊണ്ട്‌ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമായിരുന്നു. നല്ലൊരു ഫുട്‌ബോളറും എഴുത്തുകാരനുമായിരുന്ന അദ്ദേഹം കേരളത്തിന്റെ കായിക, സാംസ്‌കാരിക മേഖലകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്‌.

രാഷ്‌ട്രീയ കേരളത്തിന്‌ മാതൃകാപരമായ ജീവിതം കാണിച്ചു തന്ന വി.വി.രാഘവൻ കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങൾക്കുമാത്രമല്ല രാഷ്‌ട്രീയ-സാംസ്‌കാരിക ലോകത്തെ ഏവർക്കും വഴിയായി മാറേണ്ട വ്യക്തിത്വമാണ്‌. നിസ്വാർത്ഥതയുടെ പര്യായങ്ങളിലൊന്ന്‌ നമ്മെ വിട്ടുപോയി. ഇദ്ദേഹത്തെപോലെ ജീവിച്ചവരാണ്‌ നമുക്കെന്നും പ്രത്യാശയുടെ വെളിച്ചം പകരുന്നത്‌.

Generated from archived content: edit_oct28.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English