പുതിയൊരു പെൺവാണിഭക്കഥയുടെ ത്രില്ലിലാണ് കേരളം. സൂര്യനെല്ലിക്കും വിതുരയ്‌ക്കും പിന്നെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒട്ടേറേ പെൺക്കച്ചവടസംഭവങ്ങൾക്കുശേഷം കിളിരൂർ പീഡനത്തിന്റെ ലഹരിയിലാണ് നാം…. വായിച്ചു രസിക്കാനും, സഹതപിക്കാനും, വേദനിക്കാനും കിളിരൂരിലെ ഒരു പെൺകുട്ടിയുടെ നീണ്ടകഥ മാധ്യമങ്ങൾ നന്നായി കൊണ്ടാടുകയും ചെയ്യുന്നുണ്ട്. മുഖ്യപ്രതികളായ ലതാനായരും മനോജും പിടികൂടപ്പെട്ടതൊടെ ഇനി ഈ കഥയുടെ രസചരട് മുറിയാൻ അധികകാലം കാക്കേണ്ടിവരില്ല. പിന്നെ കോടതിക്കാര്യം മുറപോലെ. ശേഷം പുതിയൊരു പെൺവാണിഭക്കഥയ്‌ക്കായി നമുക്ക് കാതും കണ്ണും കൂർപ്പിച്ചിരിക്കാം. ഇങ്ങനെ ഒരു പെൺവാണിഭക്കേസിന്റെ ഫയൽ സമാധാനപരമായി നമുക്ക് ക്ലോസ് ചെയ്യാം…
എങ്കിലും, ഒരു ലതാനായരിലോ, ബസ് കണ്ടക്‌ടറായ മനോജിലോ പെൺകുട്ടിയുടെ ബന്ധുവായ ഓമനയിലോ അവസാനിക്കേണ്ടതാണോ ഈ കഥയുടെ ക്ലൈമാക്‌സ്. സത്യമെന്തുമാകട്ടെ, പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദൻ മാധ്യമങ്ങളോട് പറഞ്ഞപ്രകാരം പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ വി.ഐ.പി ആര്? അങ്ങിനെ ഒരു വി.ഐ.പി ഇല്ലെന്ന് ശാഠ്യം പിടിക്കാൻ അദ്ദേഹത്തിന്റെ പാർട്ടിയിലെ ഒരുകൂട്ടർ ശ്രമിക്കുന്നതിന്റെ രഹസ്യമെന്താണ്? തലതിരിഞ്ഞ അന്വേഷണം നടത്തി കേരളപ്പോലീസ് നാറിനില്‌ക്കുന്ന അവസ്ഥയിലും പോലീസ് അന്വേഷണത്തിൽ സംതൃപ്‌തനാണെന്ന് പുലമ്പിക്കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയെന്താണ്? ഒരു പെൺകുട്ടിയുടെ ജീവിതം രാഷ്‌ട്രീയക്കളിയുടെ കരുവാക്കിമാറ്റുവാൻ ചിലർ ആവേശം കൂട്ടുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഒരു വലിയ വിഷവൃക്ഷത്തിലെ ചെറിയ ഇലകൾ മാത്രമെ ഇവിടെ കുടുങ്ങിയിട്ടുളളൂ എന്നാണ്. ഇനിയും പിടിക്കപ്പെടേണ്ടവർ എത്രപേർ….ആ വേരുകളെ വെട്ടുവാൻ നമ്മുടെ നിയമപാലകർക്ക് കഴിയുമോ എന്ന് സംശയം. അന്വേഷണം വെറും പ്രഹസനമാക്കിയ ആദ്യ അന്വേഷണ ഉദ്യോഗസ്ഥന്റെ ചലനങ്ങൾക്ക് ചരട് വലിച്ചവർ, അതിന് കൂട്ടിനിന്നവർ, കൈനിറയെ പണം വാരിക്കൊടുത്തവർ, ഇവരെല്ലാം ഒരിക്കലും വെട്ടിമാറ്റാനാവാത്ത വിഷവേരുകളായി ഇന്നും നമുക്ക് മുന്നിൽ തേർവാഴ്‌ച നടത്തുന്നുണ്ട്. ഒടുവിൽ കോടതിയ്‌ക്കുതന്നെ പറയേണ്ടിവന്നു ‘ഇതെന്ത് ഭ്രാന്താലയമാണെന്ന്?“
ജാമ്യാപേക്ഷയുമായി ലതാനായർ എത്രതവണ ഹൈക്കോടതി വരാന്തയിൽ കയറിയിറങ്ങിയിരിക്കണം. എന്നിട്ടും പോലീസിന് അന്ന് അവരെ ഒന്നു നേരെനോക്കുവാൻ പോലും കഴിഞ്ഞില്ല. ഒടുവിൽ കോടതിയുടെ ’മസിലുപിടുത്തം‘ കാരണം സകല വഴിയുമടഞ്ഞപ്പോൾ കാലേക്കൂട്ടി നിശ്ചയിച്ചപോലെ ലതാനായർ അടിമാലിയിലെ കോടതിയിൽ കീഴടങ്ങുന്നു. മനോജിനെ പെരുവഴിയിൽവച്ച് പോലീസ് പിടിക്കുന്നു. ഇങ്ങനെ ലതാനായരെന്ന കൂട്ടിക്കൊടുപ്പുകാരിയെ ഏറെനാൾ ആർക്കും തൊടുവാൻ കഴിയാത്ത മഹാരൂപമാക്കിമാറ്റിയ, സൃഷ്‌ടി സ്ഥിതി സംഹാരം നടത്തുന്ന മഹാദൈവങ്ങൾ യാതൊരു പോറലുമേൽക്കാതെ വിലസുമ്പോൾ കിളിരൂരിലെ പെൺകുട്ടിക്ക് പിൻഗാമികൾ ഇനിയും ഏറെയുണ്ടാകും. വിതുര പീഡനക്കേസിന്റെ പ്രതിലിസ്‌റ്റിൽനിന്നും ഡിലീറ്റ് ചെയ്യപ്പെട്ട മാന്യന്മാർ എത്രയോ പേർ. സൂര്യനെല്ലിയിൽ നിർഭാഗ്യം കൊണ്ട് കുടുങ്ങിപ്പോയവർ മാത്രം ശിക്ഷിക്കപ്പെട്ടു. തോപ്പുംപടി ബ്ലൂഫിലിം നിർമ്മാണക്കേസിന്റെ ഫയൽപോലും ഇപ്പോൾ അധികാരികളുടെ കൈയ്യിലുണ്ടാവില്ല. വേലിതന്നെ വിളവുതിന്നുന്ന കേരളത്തിൽ കിളിരൂരിലെ പെൺകുട്ടിയുടെ ആയിരക്കണക്കിന് പിൻഗാമികൾ ആത്മഹത്യയിലും മനോരോഗാശുപത്രിയിലെ ഇരുണ്ട മുറികളിലും കോടതിവരാന്തകളിലുമൊക്കെയായി ഒടുങ്ങിപ്പോകും. ആസ്വാദകവൃന്ദത്തിന് എന്നും ഉത്സവത്തിന്റെ കാലമായിരിക്കും. നമുക്കൊക്കെയും വായിച്ചുരസിക്കാൻ പത്രത്താളുകളിൽ ഓരോ പെൺകുട്ടിയുടെയും വാണിഭജീവിതത്തിന്റെ ഗ്രാഫുകളും അനുഭവക്കുറിപ്പുകളും നിറഞ്ഞിരിക്കും.
നാളെ ഏതൊരു വീടിന്റെയും അകമുറികളിൽ ഒരു തേങ്ങലായി ഒരു പെൺകുട്ടി ഉണ്ടായേക്കാം. ഇത് ദാരിദ്ര്യത്തിന്റെ ഒരു മുഖമാണ്, അണുകുടുംബങ്ങളുടെ ദുരന്തമാണ്, മോഹങ്ങളുടെ ബാക്കിപത്രമാണ്, ഒറ്റപ്പെടലുകളുടെ ശേഷിപ്പുകളാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ വേലിതന്നെ വിളവുതിന്നുന്ന ഇക്കാലത്ത് നമ്മുടെ പെങ്ങളേയും മകളേയും സംരക്ഷിക്കാൻ പുറത്തുനിന്നൊരുത്തൻ ഉണ്ടാവില്ലെന്നു വേണം കരുതാൻ. കുടുംബത്തിലെ സ്‌നേഹവും സുരക്ഷിതത്വവും മാത്രമെ ഇവിടെ പോംവഴിയായൊളളൂ. മക്കളെ മനസ്സിലാക്കുന്ന മാതാപിതാക്കളും മാതാപിതാക്കളുടെ മനസ്സറിയുന്ന മക്കളും ഉണ്ടാകണം. ഭ്രമങ്ങളുടെ ലോകത്തേയ്‌ക്ക് മക്കളെ അനുഗ്രഹിച്ചയയ്‌ക്കുന്ന മാതാപിതാക്കൾക്കുളള താക്കീതു കൂടിയാണിത്. ഒരു വലിയ പാഠം. അല്ലാതെ ഒരു സീരിയൽ മോഹത്തിന്റെ ദാരുണമായ അന്ത്യം എന്ന് ഒറ്റവാചകത്തിൽ ഒതുക്കേണ്ട സംഭവമല്ല ഇത്.
Generated from archived content: edit_oct13.html Author: suvi_new