അടിയന്തരാവസ്ഥയുടെ വേദനിപ്പിക്കുന്ന ഓർമ്മകൾ ഒരു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വീണ്ടും കേരളജനത അയവിറക്കിയപ്പോൾ, തിരുവനന്തപുരം ഫോർട്ട് സ്‌റ്റേഷനിൽ നെടുമങ്ങാട് സ്വദേശി ഉദയകുമാറിന്റെ കസ്‌റ്റഡിമരണം ചില യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്. രാജനടക്കം ഒട്ടേറെ ചെറുപ്പക്കാരുടെ ജീവിതം തകർത്ത അടിയന്തരാവസ്ഥ കടന്നുപോയിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും നമ്മുടെ പോലീസിന് യാതൊരു മാറ്റവുമില്ലെന്ന നടക്കുന്ന സത്യം നാം തിരിച്ചറിയുക. രാജനെ ഉലക്കകൊണ്ട് ഉരുട്ടിച്ചതച്ചു കൊന്നതടക്കം പലതും ഒരു തിരഞ്ഞെടുപ്പ് സ്‌റ്റണ്ടായി രാഷ്‌ട്രീയകക്ഷികൾ ആഘോഷിച്ചപ്പോൾ ഉദയകുമാറിന് സംഭവിച്ചതും ഒരു ഉരുട്ടു മരണമായിരുന്നു. ഉലക്കയ്‌ക്കുപകരം ജി.ഐ.പൈപ്പായിരുന്നുവോയെന്നു മാത്രം സംശയം. കേരളാ പോലീസിന്റെ സർക്കിൾ ഡിറ്റക്‌ഷൻ സ്‌ക്വാഡാണ് ഈ മഹത്‌കൃത്യം ചെയ്‌തത്. യാതൊരു തെറ്റും ചെയ്യാത്ത ഉദയകുമാറിനെ കസ്‌റ്റഡിയിലെടുത്ത് കീശയിലുളള പണം മുഴുവൻ അപഹരിച്ച പോലീസുകാരോട് അമ്മയ്‌ക്ക് ഓണക്കോടി വാങ്ങാൻ പണം തിരിച്ചു തരണമെന്നാവശ്യപ്പെട്ടതിനാലാണ് ആ ദൗർഭാഗ്യവാന് മരണം ഏറ്റുവാങ്ങേണ്ടിവന്നത്. പിടിച്ചുപറിക്കാർ എത്രയോ ഭേദം, അവർ ജീവനെങ്കിലും ബാക്കിവെക്കുമായിരുന്നു.
ഉദയകുമാർ കൊലപാതകത്തിന്റെ ചൂടാറുംമുമ്പേ, പുതിയൊരു സംഭവവുമായി തിരുവനന്തപുരം ഉണർന്നുകഴിഞ്ഞു. വാക്കുതർക്കത്തിന്റെ പേരിൽ ഷാപ്പുകാരും ഗുണ്ടകളും ആക്രമിച്ച് അവശനാക്കിയ കല്ലിയൂർ തെറ്റിവിള ചരുവിള വീട്ടിൽ മുരുകനെന്ന കൂലിപ്പണിക്കാരൻ കുറ്റവാളിയായി പോലീസിന്റെ കൈകളിലെത്തിയപ്പോഴും അവിടെയും ക്രൂരമായ മർദ്ദനം. പിന്നീട് ഒപ്പിടാനെന്നും പറഞ്ഞ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് മുരുകനെ പോലീസ് വീണ്ടും വീണ്ടും മർദ്ദിച്ചിരുന്നു. ഒടുവിൽ ദുരിതം സഹിക്കാനാകാതെ മുരുകൻ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തു. മുരുകൻ വിഷം കഴിച്ചതോ അതോ ആരെങ്കിലും കഴിപ്പിച്ചതോ എന്ന് ഇപ്പോഴും സംശയമുണ്ട്.
ഇതെല്ലാം ഈ തൊട്ടടുത്ത ദിവസങ്ങളിൽ നടന്ന ഉദാഹരണങ്ങൾ മാത്രം. കസ്‌റ്റഡിമരണവും മർദ്ദനങ്ങളും കേരളം എത്രയോ കേട്ടു പഴകിയിരിക്കുന്നു. പല സ്‌റ്റേഷനുകളിലും പരാതിയുമായി നേരിട്ടു ചെല്ലാൻ മലയാളികൾ ഇപ്പോഴും മടിക്കുന്നു എന്നതാണ് നേര്. സ്‌റ്റേഷനിൽ പ്രതിയായി മാത്രമല്ല പരാതിക്കാരനായി ചെന്നാലും പോക്കറ്റിൽ ഒരായിരമെങ്കിലും കുറഞ്ഞതു വേണമെന്നത് നാട്ടുനടപ്പുപോലെയാണ്. മാന്യമായ സ്വീകരണം ലഭിക്കുന്ന സ്‌റ്റേഷനുകൾ കേരളത്തിൽ വിരലിലെണ്ണാവുന്നവ മാത്രമാണ്. പ്രതിയോടും സാക്ഷിയോടും വാദിയോടുമൊക്കെ ഏതാണ്ടൊരുപോലെ പെരുമാറുന്ന വ്യത്യസ്ത മാനസിക അവസ്ഥയിലാണ് നമ്മുടെ പോലീസ്. ഇങ്ങനെയൊക്കെയാണെങ്കിലും ചിലർ കൂടുതൽ സമന്മാരാകുന്ന നിയമം ഇവിടെയും ബാധകം. അമ്മയ്‌ക്ക് ഓണക്കോടി വാങ്ങാൻ പോയ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന പോലീസിന് കണിച്ചുകുളങ്ങര കൊലപാതകക്കേസിലെ ഹിമാലയ ഉടമകളിലൊരാളെ പിടികൂടാൻ 72 ദിവസം വേണ്ടിവന്നു. ഒരുവൻ ഇപ്പോഴും ഏമാന്മാരുടെ മൂക്കിനുതാഴെ ‘സാറ്റു’ കളിക്കുന്നു. മുൻപെഴുതി വച്ച തിരനാടകംപോലെ തിരഞ്ഞെടുപ്പു കഴിഞ്ഞ് കൃത്യമായി സ്ഥാനം കണ്ട്, സമയം നോക്കി പ്രതികളിലൊരാൾ പിടിയിലാകുമ്പോൾ വലിയൊരു നാടകം വിജയിച്ച പ്രതീതിയിലാണ് കേരളാ പോലീസ്. പിടിക്കപ്പെട്ടവനാകട്ടെ വി.വി.ഐ.പി ട്രീറ്റ്‌മെന്റും. അമ്മയ്‌ക്ക് ഓണക്കോടി വാങ്ങുവാൻ പോയവനും മൂന്നുപേരെ ക്രൂരമായി കൊല ചെയ്തവനും തമ്മിൽ ഒരുപാട് വ്യത്യാസം നമ്മുടെ പോലീസ് കണ്ടെത്തുന്നുണ്ട്. കേരള പോലീസ് ഡിപ്പാർട്ട്‌മെന്റിലേക്ക് ഹിമാലയയിൽനിന്നും ബ്രഹ്‌മപുത്ര നിറഞ്ഞു കവിഞ്ഞൊഴുകിയപോലെ പണം ഒഴുകിയത് എത്ര കണ്ണുകെട്ടിയാലും ജനം കാണുന്നുണ്ട്. ഉദയന്റെ പോക്കറ്റിലെ ആയിരം രൂപയോളം പിടിച്ചുപറിക്കുന്നതും ഹിമാലയക്കാരന്റെ വച്ചുനീട്ടുന്ന ലക്ഷങ്ങളും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടെന്ന് നമ്മുടെ പോലീസ് തിരിച്ചറിയുന്നുണ്ട്.
ഈ കുറിപ്പ് ഒരടച്ചാക്ഷേപിക്കലല്ല. സത്യസന്ധമായി, ഒരു കറയും പുരളാതെ പോലീസിൽ സേവനമനുഷ്‌ഠിക്കുന്നവർ എത്രയോ പേരെ നമുക്കു കാണാൻ കഴിയും. അവരുടെ നന്മയെ കാണാതെയല്ല, മറിച്ച് ബഹുഭൂരിപക്ഷവും നെറിവുകേട് കാണിക്കുന്ന നമ്മുടെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ഒരു ശാപമെന്ന് പറയാതെ വയ്യ.
ഇതിനെല്ലാം കാരണം പോലീസ് ഉദ്യോഗസ്ഥർ മാത്രമെന്ന് പറയുന്നത് ശരിയല്ല. മറിച്ച് പോലീസിനെ ഒരു മർദ്ദനോപകരണം മാത്രമായി കാണുന്ന ഒരു രാഷ്‌ട്രീയസംവിധാനത്തിന്റെ പാളിച്ച നമുക്കുണ്ട്. നിയമം നടപ്പാക്കുന്നവന്റെ കൈയ്യിലുളള ആയുധം ഇരുതല മൂർച്ചയുളള വാളാണ്. അതുകൊണ്ട് എവിടെയും വെട്ടാം. ഈ അവസ്ഥ മാറണം. നമുക്ക് ഒരുതല മൂർച്ചയുളള വാൾ മതി. കൃത്യമായി വെട്ടേണ്ടിടത്ത് വെട്ടാനും, സംരക്ഷണം ആവശ്യമുളളവരെ സംരക്ഷിക്കാനും വേണ്ട ഒരു അജണ്ട പോലീസിനുണ്ടാവണം. അതിനുളള ആർജ്ജവം ഭരണകൂടം കാട്ടുകയും വേണം. പോലീസിനെ ഒരു ഭ്രാന്തൻ നായയുടെ വഴിയെ വിടുന്നത് ഏതു കോണിലൂടെ നോക്കിയാലും ശരിയാവില്ല.
അടിയന്തരാവസ്ഥയിലെ രാജന്റെ കൊലപാതകവും 2005-ലെ ഉദയന്റെ കൊലപാതകവും നമ്മുടെ പോലീസിന്റെ മാറാത്ത മുഖം വരച്ചുകാട്ടുന്നു. രാജന്റെ കേസിന് ഒരു രാഷ്‌ട്രീയ മുഖമുണ്ടായിരുന്നെങ്കിൽ ഉദയന്റെ കാര്യത്തിൽ വഴിപോക്കൻപോലും ക്രൂരമായി കൊലക്കിരയാകുന്ന അവസ്ഥയാണ് ഉളളത്. അടിയന്തരാവസ്ഥ കൊട്ടും കുരവയുമായി കൊണ്ടുവന്നവർ ഉദയന്റെ കാര്യവും പരിഗണിച്ചാൽ നന്ന്. പോലീസിന് രാജനും ഉദയനും ഒന്നുതന്നെ.
Generated from archived content: edit_oct03_05.html Author: suvi_new
Click this button or press Ctrl+G to toggle between Malayalam and English