അമ്പതു പിറന്നാളുകളുടെ ആഹ്ലാദത്തിലാണ് നാം. അങ്ങിനെ 2006 നവംബർ ഒന്നിന് നാം കണക്കുകൾ എടുക്കുകയായി. അമ്പതാണ്ടുകളിലെ ഏറ്റവും വിശിഷ്ടനായ വ്യക്തി, ശ്രദ്ധേയമായ സംഭവം, വനിത, എഴുത്തുകാരൻ എന്നിങ്ങനെ പലതും. നല്ലത്. കേരളം സംഭാവന ചെയ്‌ത മഹത്‌വ്യക്തികളെ, സംഭവങ്ങളെ ഓർത്ത് നമുക്ക് അഭിമാനിക്കാം
എങ്കിലും ചില കാഴ്‌ചകൾ കാണാതിരുന്നുകൂടാ. കേരളത്തെ പടുത്തുയർത്താൻ നടത്തിയ സമരങ്ങൾ, ആശയങ്ങൾ, ദർശനങ്ങൾ ഒക്കെ ഏത് വഴിയിലേക്കാണ് ഗതിതെറ്റി നടക്കുന്നതെന്ന് നാം കാണുന്നുണ്ട്. അൻപതാം പിന്നാളാഘോഷിക്കുന്ന ദിനത്തിന്റെ തലേന്ന് കേരള ഹൈക്കോടതി നടത്തിയ വിധി ഏറെ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂവാറ്റുപ്പുഴ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച പി.സി.തോമസിന്റെ ലോക്‌സഭാംഗത്വം ഹൈക്കോടതി റദ്ദാക്കി. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ മതചിഹ്‌നങ്ങൾ ഉപയോഗപ്പെടുത്തി എന്നതാണ് കോടതി കണ്ടെത്തിയത്. ഇവിടെ പി.സി.തോമസ് മാത്രം പിടിക്കപ്പെട്ടു എന്നു കരുതിയാൽ മതി. ഓരോ തിരഞ്ഞെടുപ്പുകളിലും ആരുമറിയാതെ ഈ പാപം ചെയ്യുന്നവരാണ് നമ്മുടെ എല്ലാ കക്ഷികളും. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്നു നെഞ്ചുറച്ച് പറഞ്ഞ സഹോദരൻ അയ്യപ്പന്റെ നാടിന്റെ വളർച്ച ഏതു രീതിയിൽ അളക്കണം നമ്മൾ. ഒരു തെരഞ്ഞെടുപ്പിൽ ജയിക്കാൻ മാർപ്പാപ്പയും മദനിയും മാറാടും രാമനും ഗണേശപൂജയുമൊക്കേ വേണ്ടിവരുന്നു.
ഇങ്ങനെ ഗതികേടുകളുടെ കാലത്തിലേയ്‌ക്കാണ് അമ്പതാണ്ടുകൾ നമ്മെ നയിച്ചിരിക്കുന്നത്. എല്ലാ ധാർമ്മികതകളും എരിഞ്ഞു തീരുന്നിടത്താണ് നിൽക്കുന്നതെന്ന യാഥാർത്ഥ്യം നമ്മെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. ജീവിതത്തിന്റെ സകലയിടങ്ങളിലും അനുഭവങ്ങൾ ദുരന്തങ്ങളായി തീരുകയാണ്. ഗൗരിയമ്മയേയും ക്യാപ്‌റ്റൻ ലക്ഷമിയേയും അന്നാ ചാണ്ടിയേയും, ഫാത്തിമബീവിയേയും അഭിമാനത്തോടെ കേരളം ഓർക്കുമ്പോഴും ഇന്ന് വലിയ ഞെട്ടലുകൾ സമ്മാനിച്ച വിങ്ങലുകളുമായി നമുക്ക് മുന്നിലെ കാഴ്‌ചയാകുന്നത് ശാരിയും സന്ധ്യയും അനഘയും റെജീനയുമൊക്കെയാണ്.
കേരളചരിത്രത്തിലെ സുവർണ വ്യക്തിത്വങ്ങളെ ഒട്ടേറെ നമുക്കു കാണാം. അത് അമ്പതാണ്ടിന്റെ കണക്കിലൊതുങ്ങുന്നതല്ല. മാവേലിനാട് എന്ന വലിയ ദർശനം സമ്മാനിച്ച കാലം മുതൽക്കുളളതാണത്. നമ്മൾ ഈ വ്യക്തത്വങ്ങളെ ഓമനിക്കുകയും അവർ പറഞ്ഞത് എന്നും നിരാകരിക്കുകയും ചെയ്‌തവരാണ്. ജാതി വേണ്ട എന്ന് ഉപദേശിച്ച മഹാഗുരുക്കൻമാരുടെ മുന്നിൽ എങ്ങിനെ ജാതി ഉപയോഗിക്കാം എന്ന് പരീക്ഷിക്കുന്നവരാണ് നമ്മൾ. സ്‌ത്രീയെ ശക്തിസ്വരൂപിണിയായി ആരാധിക്കണമെന്ന് തിരിച്ചറിഞ്ഞവരുടെ ഓർമ്മകൾക്കു മുന്നിൽ പെണ്ണിനെ എങ്ങിനെ കച്ചവടം ചെയ്യാം എന്ന് തിരക്കുന്നവരാണ് നമ്മൾ. കളളപ്പറയും ചെറുനാഴിയും ഇല്ലാത്ത കാലത്തിന്റെ സത്യത്തിനു മുന്നിൽ അഴിമതികളുടെ പർവ്വതങ്ങൾ തീർക്കുകയാണ് നമ്മൾ. പ്രതികരണങ്ങൾ ശക്തി തെളിയിച്ച ഒരു ഭൂതകാലത്തിന്റെ സമ്പന്നമായ പൈതൃകത്തിനു മുന്നിൽ ഞാനെന്ന നാലുചുമരുകൾക്കിടയിൽ ഒതുങ്ങുകയാണിന്ന് മലയാളി.
നാം ചെയ്യേണ്ടത് അൻപതാണ്ടിന്റെ വ്യക്തികളെ കണ്ടെത്തൽ മാത്രമല്ല മറിച്ച് അവർ ചൂണ്ടിയ വിശാല ലോകത്തെ തേടുകയാണ് ചെയ്യേണ്ടത്. അതായിരിക്കും അവർക്ക് നല്‌കാവുന്ന ഏറ്റവും വലിയ ആദരവ്.
Generated from archived content: edit_nov1_06.html Author: suvi_new