മാറാടിന്റെ ലാഭക്കണക്കുകൾ

കേരളത്തിന്റെ ‘പ്രശസ്തി’ പുസ്തകത്തിൽ മാറാട്‌ എന്ന പേര്‌ ഇത്‌ രണ്ടാം തവണ. രണ്ടായിരത്തിരണ്ട്‌ ജനുവരിയുടെ വേദനിക്കുന്ന ഓർമ്മകൾ വിട്ടുമാറുന്നതിനുമുമ്പേ മാറാട്‌ വീണ്ടും നമുക്ക്‌ മുറിവായി മാറിയിരിക്കുന്നു. ആദ്യ വർഗ്ഗീയ നാടകത്തിൽ പൊലിഞ്ഞത്‌ മാറാടിലെ അഞ്ച്‌ ജീവിതങ്ങൾ ഇത്തവണ എണ്ണത്തിൽ പുരോഗതിയുണ്ട്‌ ഒൻപത്‌. കത്തിയെരിഞ്ഞ വീടുകളും അരവയർ പിന്നേയും ഒഴിപ്പിച്ച്‌ സ്വരുകൂട്ടിയ സ്വപ്നങ്ങൾ തകരുന്നതും നമുക്ക്‌ കാണാനാവുന്നുണ്ട്‌. കരയാൻപോലും കഴിയാതെ നിന്നുപൊളളുന്ന അമ്മമാരുടെ വേദന നമ്മളറിയുന്നുണ്ട്‌. ജീവിതത്തിന്റെ പകുതി വഴിയെത്തും മുമ്പേ വിധവകളായവർ, വരുംകാലം എങ്ങിനെയെന്നറിയാതെ പകച്ചുകൊണ്ടെങ്കിലും ഈ വേദനയിലും ചിരിക്കുന്ന കുഞ്ഞുങ്ങളുടെ മുഖങ്ങൾ നമ്മെ വേട്ടയാടുന്നുണ്ട്‌. ഇങ്ങനെയൊക്കെയെങ്കിലും ‘ഹാ കഷ്ടം’ എന്ന പരിതാപ പ്രകടനം നടത്തി നാലുചുമരുകൾക്കിടയിലും, സീരിയലിനിടയിലും മുഖം പൂഴ്‌ത്താൻ ഇഷ്‌ടപ്പെടുന്ന മലയാളി മാറാട്‌ അങ്ങ്‌ ബേപ്പൂരല്ലേ എന്ന്‌ പറയുന്ന അവസ്ഥയിൽനിന്നും മാറേണ്ടിയിരിക്കുന്നു. കാരണം ചിലരുടെ കണക്കുകൂട്ടലുകൾ തെറ്റാതെ വന്നാൽ ബേപ്പൂരിലെ തീക്കാറ്റ്‌ കേരളത്തിലാകമാനം ആഞ്ഞടിക്കാൻ വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമെ വേണ്ടിവരൂ. ദൈവത്തിന്റെ സ്വന്തം നാടെന്നും, സമാധാനത്തിന്റെ സ്വർഗ്ഗലോകമെന്നും കൊട്ടിഘോഷിക്കുന്ന മലയാളനാട്‌ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന വലിയൊരു വിപത്തിനു മുകളിലാണ്‌. രാഷ്‌ട്രീയ-സാമുദായിക-സാംസ്‌കാരികരംഗത്തെ പ്രമുഖരുടെ നേതൃത്വത്തിൽ മാറാടിനെ ശാന്തഭൂമിയാക്കാൻ നടത്തിയ പരിശ്രമങ്ങൾ അമ്പേ തകർന്നതും വീണ്ടുമൊരു കൂട്ടക്കുരുതി നടന്നതും വെറുതെ വായിച്ചു തളേളണ്ട വാർത്തയല്ലെന്നും, ഒരു ഞെട്ടലിൽ ഒതുക്കേണ്ടതല്ലെന്നും മനസ്സിലാക്കണം. ഇവിടെ ആക്രമിക്കുന്നവരും ആക്രമിക്കപ്പെട്ടവരും സാധാരണക്കാരാണ്‌. നന്നായി സ്‌നേഹിക്കാനും നന്നായി വെറുക്കാനും എളുപ്പം കഴിയുന്ന നിഷ്‌ക്കളങ്കർ. ഹിന്ദുവും മുസ്ലീമും ഒന്നായി ജനിച്ചു വളർന്ന നാടാണ്‌ ബേപ്പൂർ. റമദാനും ഓണവും ഒന്നുപോലെ ആഘോഷിച്ച ഒരു ജനത. ഇവർക്കിടയിൽ എന്നാണ്‌ ഒരു മുൾവേലി വന്നതെന്ന്‌ തിരിച്ചറിയണം. ഈ കച്ചവടത്തിൽ ലാഭം നേടുന്നവർ ആരെന്ന്‌ കണ്ടെത്തണം. ഹിന്ദുവും മുസ്ലീമും രണ്ട്‌ ചേരിയാകണമെന്ന്‌ ആഗ്രഹമുളളവർ ആരെന്ന്‌ മനസ്സിലാക്കണം. ഒൻപതുപേരുടെ മരണത്തേക്കാൾ അതിനുശേഷം ഉയർന്ന ചിലരുടെ പ്രസ്താവനകളാണ്‌ ഭീകരമെന്ന്‌ കാണുവാൻ കഴിയണം. ചെറിയൊരു തീക്കനൽ ഊതിയൂതി കാട്ടുതീയാക്കി ലാഭം കൊയ്യാൻ ശ്രമിക്കുന്നവർ നമ്മുടെ ചുറ്റുമുണ്ട്‌. ഒരു പ്രത്യേക സമുദായം മുഴുവനും ഭീകരരാണ്‌ എന്ന്‌ വരുത്തിത്തീർക്കുവാൻ വെമ്പുന്ന ചിലരുടെയെങ്കിലും മോഹം രാഷ്‌ട്രീയലാഭം തന്നെയാണ്‌. ഭീകരവാദം എതിർക്കപ്പെടണം. അതിൽനിന്നും ആരും മാറി നിൽക്കേണ്ടതില്ല; മാറ്റി നിർത്തേണ്ടതുമില്ല. ഹിന്ദുവും മുസ്ലീമും ക്രിസ്‌ത്യാനിയും ഭീകരവാദ വിരുദ്ധപ്രസ്ഥാനത്തിലുണ്ടാകണം. ഭീകരവാദ വിരുദ്ധപ്രസ്ഥാനമെന്ന നിലയിൽ ആരെങ്കിലും ഏതെങ്കിലും ഒരു സമുദായത്തെ മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ ഓർത്തുകൊളളൂ അവർ ലാഭം കൊതിക്കുന്നവരാണ്‌. ഭീകരവാദം ഇഷ്‌ടപ്പെടുന്നവരാണ്‌. മാറാടിൽ വെട്ടിവീഴ്‌ത്തപ്പെട്ടവർക്ക്‌ കണ്ണുനീരാലും പൂക്കളാലും ആദരാഞ്ജലികൾ അർപ്പിച്ചതുകൊണ്ട്‌ പ്രയോജനമില്ല. മറിച്ച്‌ ഇത്തരം പ്രവർത്തനങ്ങളെ നേരിടാനുളള നേരും ചങ്കുറപ്പും നേടുക എന്നതാണ്‌ മാറാടിലെ കണ്ണുനീരിന്‌ നമുക്ക്‌ നല്‌കുവാനുളള ആദരാഞ്ജലി.

Generated from archived content: edit_may7.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here