ഏറെ ആശ്ചര്യകരമായ ഒരു കോടതി നടപടി പുതിയൊരു വിവാദത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. അതിക്രൂരമായി മാനഭംഗത്തിനിരയായ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുവാൻ ആഗ്രഹം പ്രകടിപ്പിച്ച പ്രതിയുടെ പക്ഷത്തുനിന്നും കോടതി ചിന്തിക്കുമ്പോൾ സ്‌ത്രീയെ പുരുഷന്റെ ഉപകരണമായിക്കാണുന്ന അഥവാ അവളെ നിസ്സാരവത്‌കരിക്കുന്ന ഒരു അവസ്ഥയുടെ വ്യക്തതയാണ് തെളിയുന്നത്.
ഡൽഹിയിലെ ശാന്തിമുകുന്ദ് ആശുപത്രിയിലെ നേഴ്‌സായിരുന്ന മലയാളി യുവതിയെയാണ് 2003 സെപ്തംബറിൽ അതേ ആശുപത്രിയിലെ തൂപ്പുജോലിക്കാരൻ ക്രൂരമായി മാനഭംഗപ്പെടുത്തിയത്. മാനഭംഗത്തിനിടയിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ ഒരു കണ്ണ് ഇയാൾ കുത്തിപ്പൊട്ടിക്കുകയും ചെയ്‌തു. ഏതാണ്ട് രണ്ടുവർഷത്തെ നീണ്ട കോടതി നടപടികൾക്കുശേഷം ഇയാളെ കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. വിധി പറയേണ്ട ദിവസം പ്രതി മാനഭംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന വാഗ്‌ദാനം അപ്രതീക്ഷിതമായി കോടതിയുടെ മുൻപാകെ നല്‌കുകയുണ്ടായി. ഇതുകേട്ട കോടതിയാകട്ടെ വിധിപ്രസ്താവം, ഈ പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെയും ബന്ധുക്കളുടെയും അഭിപ്രായപ്രകടനത്തിനുശേഷം മാത്രം മതിയെന്നു പറഞ്ഞ് നീട്ടിവയ്‌ക്കുകയാണുണ്ടായത്. പെൺകുട്ടിയാകട്ടെ താൻ അനുഭവിച്ച ക്രൂരമായ അനുഭവത്തിന്റെ വേദനയിൽ പ്രതിയുടെ വാഗ്‌ദാനം തളളിക്കളയുകയും പ്രതിക്ക് വധശിക്ഷയോ, ജീവപര്യന്തമോ അടക്കമുളള പരമാവധി ശിക്ഷ നല്‌കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. പിന്നീട് കോടതി പുറപ്പെടുവിച്ച വിധിപ്രകാരം പ്രതിക്ക് ജീവപര്യന്തവും പതിനായിരം രൂപ പിഴയും ലഭിച്ചു.
ഇവിടെ പ്രതിക്ക് അർഹമായ ശിക്ഷ ലഭിച്ചുവെങ്കിലും, വിവാഹവാഗ്‌ദാനം നല്‌കിയ പ്രതിയുടെ തന്ത്രപരമായ നീക്കത്തിന് കോടതി എന്തുകൊണ്ട് പച്ചക്കൊടി കാണിച്ചു എന്നതാണ് ചർച്ചാവിഷയം. ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായി കരുതേണ്ട ഒന്നാണ് വിവാഹബന്ധം. ഒരു സ്‌ത്രീയും പുരുഷനും പരസ്പരം തിരിച്ചറിഞ്ഞ് പങ്കാളിയെ തിരഞ്ഞെടുക്കുക എന്നതാണ് നീതിപൂർണ്ണമായി വിവാഹബന്ധത്തിന്റെ കാതൽ. ഇവിടെ സ്‌ത്രീയും പുരുഷനും തമ്മിൽ മാനസികമായ ഒരു തയ്യാറെടുപ്പ് നടത്തേണ്ടത് ആവശ്യവുമാണ്. സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിൽ സ്‌ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കാൻ സാധ്യമാണോ എന്ന് ആദ്യമേതന്നെ പരസ്പരം മനസ്സിലാക്കേണ്ടതാണ്. എന്നാൽ ഇവിടെ സംഭവിച്ചത്, ഒരു സ്‌ത്രീയോട് ചെയ്യാവുന്നതിൽവച്ച് ഏറ്റവും നീചമായ കുറ്റം ചെയ്‌ത പ്രതി കോടതിയുടെ മുന്നിലാണ് തന്റെ വിവാഹവാഗ്‌ദാനം വെളിപ്പെടുത്തുന്നത്. കോടതിയാകട്ടെ ഒരു ആൺക്കാഴ്‌ചയിലൂടെ പ്രതിയുടെ പക്ഷം ചേരുകയും ചെയ്‌തു. ഇവിടെ സ്‌ത്രീയെ പുരുഷനുവേണ്ടി സൃഷ്‌ടിക്കപ്പെട്ട ഒരു ഉപകരണമെന്ന രീതിയിൽ തരംതാഴ്‌ത്തുന്ന സംസ്‌കാരശൂന്യമായ കാഴ്‌ചയാണ് നാം കണ്ടത്. മാനം കവർന്നവനെ ഭർത്താവായി സങ്കൽപ്പിക്കുന്ന ഹൃദയവിശാലത വേണ്ടത്, അതിനുളള അധികാരം നിക്ഷിപ്‌തമായിരിക്കുന്നത് സ്‌ത്രീയുടെ ഭാഗത്താണ്. അതിന്റെ അവകാശം കോടതി ഏറ്റെടുക്കുന്നത് വളരെ വിചിത്രമായി തോന്നുന്നു. മാനഭംഗത്തിനിരയായ പെൺകുട്ടിയോട് പ്രതിക്ക് വിവാഹവാഗ്‌ദാനം നേരിട്ട് നടത്താമായിരുന്നില്ലേ എന്ന ന്യായമായ സംശയമെങ്കിലും കോടതിക്ക് ഉന്നയിക്കാമായിരുന്നു. ഡൽഹിയിലെ കർക്കട് ദൂമാ കോടതിയിലെ അഡീഷണൽ ജില്ലാ ജഡ്‌ജിയുടെ ഈ ആൺഇടപെടൽ രാജ്യത്തിന്റെ ജൂഡീഷറിയുടെ നീതിബോധത്തിന് കളങ്കം ചാർത്തുന്ന ഒന്നായിതന്നെ കണക്കാക്കേണ്ടിയിരിക്കുന്നു. സ്‌ത്രീയെന്നത് വെറും ലൈംഗിക ഉപകരണം മാത്രമല്ലെന്നും, അവളെ നിസ്സാരവത്‌ക്കരിക്കേണ്ട ഒന്നായിക്കാണരുതെന്നും നമ്മുടെ കോടതിപോലും മനസ്സിലാക്കുന്നില്ലെങ്കിൽ ഈ നാട് സംസ്‌കാരസമ്പന്നമെന്ന് ഒരിക്കലും ആരും വീമ്പിളക്കരുത്.
Generated from archived content: edit_may4.html Author: suvi_new