കലാലയമൊഴിയുന്ന രാഷ്‌ട്രീയം

കലാലയങ്ങളിൽ രാഷ്‌ട്രീയം നിരോധിക്കാൻ അധികൃതർക്ക്‌ അധികാരമുണ്ടെന്ന കേരള ഹൈക്കോടതി ഉത്തരവ്‌ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചുമുളള സംവാദങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. സ്‌കൂളുകളിലും തുടർന്ന്‌ പ്ലസ്‌ടുകളിലും രാഷ്‌ട്രീയം മുൻപേ തന്നെ നിരോധിക്കപ്പെട്ടതാണ്‌. ഈ രീതിയിൽ ചിന്തിക്കുമ്പോൾ രാഷ്‌ട്രീയ പ്രവർത്തനമെന്നത്‌ ക്രിമിനൽ സ്വഭാവമുളളതും ംലേച്ഛമാണെന്നും ഉളള ഒരു അവസ്ഥ സൃഷ്‌ടിക്കപ്പെടുന്നു. ഇത്‌ ശരിയായ രീതിയാണോ എന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഏതൊരു സാമൂഹ്യ പ്രതിസന്ധിഘട്ടങ്ങളിലും ശക്തമായ നിലപാടുകളും പ്രതിരോധങ്ങളും സൃഷ്‌ടിക്കുന്നത്‌ വിദ്യാർത്ഥി സമൂഹമാണ്‌. അധികാരകേന്ദ്രങ്ങളുടെ അടിച്ചമർത്തലുകൾക്കെതിരെ ആദ്യ പ്രതിഷേധങ്ങൾ ഉയരുന്നതും കാമ്പസുകളിൽ നിന്നാണെന്ന്‌ ചരിത്രത്തിലെ ഒരുപാട്‌ സന്ദർഭങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വിദ്യാർത്ഥിസമൂഹത്തിന്റെ പങ്ക്‌ നമുക്ക്‌ അത്ര പെട്ടെന്ന്‌ മറക്കുവാൻ കഴിയില്ലല്ലോ.

പിന്നെന്തിന്‌ നാം വിദ്യാർത്ഥികളെ രാഷ്‌ട്രീയത്തിൽനിന്നും അകറ്റുവാൻ ശ്രമിക്കുന്നു. ഇത്തരമൊരു നിലപാടിന്റെ ഗുണങ്ങളെന്ത്‌ എന്നതിനൊക്കെ ന്യായീകരണങ്ങളാൽ ഉത്തരം കണ്ടെത്താൻ കഴിയുമെങ്കിലും ഇത്തരമൊരു നീക്കത്തിലൂടെ സാമൂഹ്യഘടനയിൽ നല്ലതല്ലാത്ത മാറ്റവും, യുവാക്കളുടെ രാഷ്‌ട്രീയ ബോധമില്ലായ്‌മയും സൃഷ്‌ടിക്കപ്പെടുന്നു എന്നുവേണം കരുതാൻ.

മറ്റു കാരണങ്ങൾകൂടി ഉണ്ടാകുമെങ്കിലും, സ്‌കൂൾ വിദ്യാർത്ഥി രാഷ്‌ട്രീയപ്രവർത്തന നിരോധനവുമായി ബന്ധപ്പെട്ട്‌ യുവാക്കളുടെ ചില മാറ്റങ്ങൾ ഇപ്പോൾതന്നെ ശ്രദ്ധേയമാണ്‌. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചെറുപ്പക്കാരുടെ ഇടയിൽ അതിഭീകരമായ അക്രമവാസന കണ്ടു തുടങ്ങിയിരിക്കുന്നു. കൗമാരക്കാരന്റെ കൈകളിൽപോലും വടിവാളുകളും നാടൻബോംബുകളുമാണ്‌. ഇതൊന്നും രാഷ്‌ട്രീയപ്രവർത്തന ഫലമായി ഉണ്ടായതല്ല മറിച്ച്‌ സ്‌കൂളുകളിലെ രാഷ്‌ട്രീയം നിർത്തലാക്കിയതോടെ ആശയപരമായി നിലപാടുകളെടുക്കാനുളള ചെറിയ ശേഷിയും അതിലുപരി ഒരു രാഷ്‌ട്രീയപ്രവർത്തകൻ പുലർത്തേണ്ടതായ ചില മൂല്യങ്ങൾക്കായി സ്വയം ക്രമീകരിക്കുകയും ചെയ്യുന്ന ഒരവസ്ഥ ഇല്ലാതെയായിരിക്കുന്നു.

സംഘർഷങ്ങൾ കാമ്പസ്‌ രാഷ്‌ട്രീയത്തിലും ഉണ്ടാകുന്നുണ്ട്‌. ഇത്തരം സംഘർഷങ്ങൾ അംഗീകരിക്കാവുന്നതല്ലെങ്കിലും അതിന്റെ മാനങ്ങൾ രാഷ്‌ട്രീയ ആശയങ്ങൾക്കപ്പുറത്തേയ്‌ക്ക്‌ കടക്കുന്നത്‌ അപൂർവ്വമായിരുന്നു. ഇന്നാകട്ടെ ദിനപത്രംപോലും വായിക്കാതെ, കേരളത്തിലെ മന്ത്രിമാരുടെ പേരുകളറിയാത്ത സ്വന്തമായി ചിന്തിക്കുവാനും പറയുവാനും ഒന്നുമില്ലാത്ത നമ്മുടെ കുട്ടികൾ അവരുടെ ഊർജ്ജവും ആവേശവും അക്രമ പ്രവർത്തനങ്ങളിലേയ്‌ക്ക്‌ തിരിക്കുകയും ചെയ്യുന്നു. കേരളത്തിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും ഇത്തരമൊരു തലമുറ വളരുന്നുണ്ടെന്ന്‌ നമ്മുടെ കാഴ്‌ചകൾ തന്നെ വ്യക്തമാക്കുന്നുണ്ട്‌. വിദ്യാഭ്യാസ രാഷ്‌ട്രീയസംഘട്ടനങ്ങളും ഇത്തരം പ്രവർത്തനങ്ങളും തമ്മിൽ ഏറെ അന്തരമുണ്ട്‌. രണ്ടും ഒന്നായി കാണുവാൻ കഴിയില്ല. ഇതിൽ ഗുരുതരമേതെന്ന്‌ തിരിച്ചറിയേണ്ടത്‌ നമ്മുടെ കടമയാണ്‌.

സ്വകാര്യ മാനേജ്‌മെന്റ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗ്ഗീയതയും ജാതി വേർതിരിവുകളും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെ അകറ്റി നിർത്തിയാൽ പടർന്നു പിടിക്കുമെന്നുളള ഭീതി ചില വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ ഉയർത്തി കഴിഞ്ഞു. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത, എന്നാൽ നമുക്ക്‌ പെട്ടെന്ന്‌ തിരിച്ചറിയാൻ കഴിയാത്ത ദൂഷ്യഫലങ്ങൾ ഈ നിരോധനം മൂലം ഉണ്ടായേക്കാം. അത്‌ രാഷ്‌ട്രീയം കാമ്പസുകളിൽ ഉണ്ടാക്കിയേക്കാവുന്ന ദുരിതങ്ങളേക്കാൾ ഏറെയായിരിക്കും. നീതിയും നിയമവും എന്നും പരസ്പരം പുറംതിരിഞ്ഞു നിൽക്കുകയാൽ ഭരണഘടനയിലെ സംഘം ചേരാനും പ്രതികരിക്കാനുമുളള അവകാശങ്ങളെ വ്യാഖ്യാനിച്ച്‌ വ്യാഖ്യാനിച്ച്‌ ഇത്തരമൊരു നിരോധന രീതിയിലേയ്‌ക്ക്‌ മാറ്റിയതിന്റെ ‘ഗുണ’ങ്ങൾ നമുക്ക്‌ വരുംകാലങ്ങളിൽ പതിയെ കാണാം.

Generated from archived content: edit_may28.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here