ഗുരുദേവനാമ സത്യപ്രതിജ്ഞ

മുത്തങ്ങയിലെ നീറുന്ന പ്രശ്‌നത്തിൽ നിന്നും നാമിപ്പോൾ എത്തിനില്‌ക്കുന്നത്‌ ഉമേഷ്‌ ചളളിയിലിൽ എം.എൽ.എയുടെ സത്യപ്രതിജ്ഞ വിഷയത്തിലാണ്‌. കൊടുങ്ങല്ലൂർ നിയമസഭയിൽനിന്നും ജയിച്ചുവന്ന ഉമേഷ്‌ ചളളിയിലിന്റെ സത്യപ്രതിജ്ഞ ഏറെ ‘വിവാദം’ സൃഷ്‌ടിച്ച ഒന്നാണ്‌. ഭരണഘടനാപ്രകാരം ഒരു ജനപ്രതിനിധി ദൈവനാമത്തിൽ പ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ മാത്രമെ ചെയ്യാവൂ. ‘അസ്സൽ’ ഗുരുദേവ ഭക്തനായ ഉമേഷ്‌ ശ്രീനാരായണഗുരുവിന്റെ നാമത്തിലാണ്‌ തന്റെ സത്യപ്രതിജ്ഞ ചെയ്തത്‌. അതിലെന്ത്‌ തെറ്റ്‌ എന്നു ചിന്തിക്കാത്തവർ ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌ സൂചിപ്പിച്ച്‌ കോടതി കയറി. കോടതി കയറിയവർക്ക്‌ നിരാശപ്പെടേണ്ടിവന്നില്ല. ഹൈക്കോടതിയും പറഞ്ഞു ഇത്‌ ഭരണഘടനാ വിരുദ്ധമാണെന്ന്‌. ദൈവത്തെയോ, ദൃഢത്തെയോ പിടിച്ച്‌ പ്രതിജ്ഞചെയ്യാം എന്നാൽ ദൈവത്തെ നിർവചിച്ച്‌ ഗുരുവോ, അമ്മയോ, ചാത്തനോ ഒന്നും ആക്കുവാൻ പാടില്ലെന്ന്‌ കോടതി കൃത്യമായി വ്യക്തമാക്കി. അപ്പോ പിന്നെ അളളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവരോ? അളളാഹുവിന്റെ പേരിൽ സത്യപ്രതിജ്ഞ ചെയ്തവർ ഒന്നും മിണ്ടുന്നില്ല. മറ്റുചിലർ ഈ ചർച്ച ഗംഭീരമായി തുടർന്നു കൊണ്ടിരിക്കുകയാണ്‌. വെളളാപ്പളളിയും ഗൗരിയമ്മയും സജീവമായി രംഗത്തിറങ്ങിയിരിക്കുന്നു.

ഇന്ന്‌ ബസ്സ്‌ യാത്രയ്‌ക്കിടെ തൊട്ടടുത്തിരുന്ന്‌ പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഒരു വൃദ്ധൻ ഇങ്ങനെ പിറുപിറുത്തു. ‘എന്തോന്ന്‌ ദൈവനാമത്തിൽ പ്രതിജ്ഞ-ഇതുകഴിഞ്ഞ്‌ ഇവർ ചെയ്യുന്ന ദൈവദോഷങ്ങൾക്ക്‌ സാധാരണക്കാർ ഏതു കോടതിയിൽ പോകും? ഏതു ദൈവത്തോട്‌ പരാതി പറയും. ഇതിലും ഭേദം ഇവന്മാർ സാത്താന്റെ പേരിൽ പ്രതിജ്ഞ ചെയ്യുന്നതായിരിക്കും.’ വൃദ്ധൻ പത്രത്തിന്റെ പേജ്‌ മറിച്ചു. മുത്തങ്ങ സംഭവം ഇപ്പോൾ ചെറിയ കോളങ്ങളിൽ മാത്രം.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

നമ്മുടെ വിഷയം ഭരണഘടനയുടെ വിശകലനം അല്ല. മറിച്ച്‌ ശ്രീനാരായണഗുരുവിനെ പുതിയ കാലം എങ്ങിനെ ഉപയോഗിക്കുന്നു എന്നാണ്‌. ദൈവത്തെ കണ്ടെത്താൻ തന്നിലേയ്‌ക്ക്‌ തന്നെ കണ്ണയക്കണം എന്ന്‌ ഉദ്‌ബോധിപ്പിച്ച്‌ കണ്ണാടി പ്രതിഷ്‌ഠിച്ച ജ്ഞാനിയാണ്‌ ഗുരുദേവൻ. മനുഷ്യദൈവങ്ങൾക്കെതിരെ ശക്തമായ പ്രചരണം അഴിച്ചുവിട്ട പുരോഗമനവാദിയാണ്‌ ഗുരുദേവൻ. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുവചനങ്ങൾ ഇന്ന്‌ എസ്‌.എൻ.സഭകളുടെ കീഴിലുളള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മതിലുകളിൽ പൂപ്പലു പിടിച്ചിരിക്കുന്നത്‌ കാണാം. അല്ലാതെ ആരുടെയും മനസ്സുകളിൽ കാണുവാൻ വഴിയില്ല. ഇത്‌ മലയാളിയുടെ വിധി.

ഗുരുദേവ സത്തയെ യഥാർത്ഥത്തിൽ തിരച്ചറിഞ്ഞുകൊണ്ടുളള പ്രവർത്തനങ്ങളല്ല ഈ കാണുന്നതൊക്കെയും. അദ്ദേഹത്തെ തിരിച്ചറിഞ്ഞവർക്ക്‌ അദ്ദേഹത്തെ ഒരു ദൈവമായി കാണാനും കഴിയില്ല. എങ്കിലും ഗുരുദേവനെ ഈ രീതിയിൽ കാണുന്നവരൊക്കെയും ഗുരുദേവനെ മനസ്സിലാക്കാതിരിക്കാൻ മാത്രം വിഡ്‌ഢികളുമല്ല. പിന്നെയെന്തിങ്ങനെ എന്നതിനുത്തരം ഈ പുതിയ കാലത്ത്‌ ഗുരുദേവൻ ജാതിരാഷ്‌ട്രീയത്തിന്‌ പറ്റിയ നല്ല ഒരു ഉപകരണമാണെന്നതുമാത്രം.

ഈയൊരു ഗുരുദേവനാമ സത്യപ്രതിജ്ഞാവിവാദം കൊണ്ടുമാത്രം കുറെയേറെ ഈഴവരേയും കൂടി വെളളാപ്പളളിക്ക്‌ പിന്നിൽ അണിനിരത്താൻ പറ്റും. ഗുരുദേവന്റെ പേരുപറയാതെ, വെളളാപ്പളളിയുടേയും, ഉമേഷിന്റെയും പേരു പറഞ്ഞാൽ ആരുവരും ഇവരുടെ കൂടെ… ഇവിടെ കോടതിയും, മൺമറഞ്ഞ ഗുരുദേവനുമൊക്കെ മണ്ടന്മാരാകുന്നു…

Generated from archived content: edit_mar7.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here