ഒരു ബാലറ്റ് പേപ്പറിന്റെ സാധ്യതകൾ ഏറെ വലുതാണ്. ഒരു സമ്മതിദായകന്റെ അവകാശങ്ങളെ ഏറ്റവും കൂടുതൽ സാധൂകരിക്കുന്ന ഒന്നായിരുന്നു ബാലറ്റ് പേപ്പർ. വോട്ട് എന്ന ഏറ്റവും വലിയ ജനാധിപത്യ അധികാരം അർത്ഥമാക്കുന്നത് ബാലറ്റ് പേപ്പറിൽ കുറിച്ചിട്ടുളള ചിഹ്നങ്ങളിലോ പേരുകളിലോ മാത്രം സ്വസ്തികാമുദ്ര പതിപ്പിക്കുക എന്നതല്ല. മറിച്ച് എനിക്ക് വോട്ടുചെയ്യാനാഗ്രഹമുണ്ടെങ്കിലും ഇവരാരും എനിക്ക് യോജിച്ചവരല്ല എന്ന തിരിച്ചറിവിൽ വോട്ട് അസാധുവാക്കുവാനും, വോട്ട് തിരസ്‌ക്കരിക്കുവാനും ഉളള സ്വാതന്ത്ര്യം എന്നതുകൂടിയാണ്. പലപ്പോഴും അസാധു എന്നത് ഒരു കൈത്തെറ്റിനപ്പുറം ചിലരുടെ പ്രതികരണങ്ങളായി വർത്തിക്കാറുണ്ട്.
ഈ സ്വാതന്ത്ര്യത്തിനെ തികച്ചും അവഗണിക്കുന്ന രീതിയിലാണ് വരുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യയാകമാനം ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ പ്രവർത്തിക്കുക. ജനാധിപത്യമൂല്യം കുറച്ചെങ്കിലും പ്രകടിപ്പിക്കുന്ന തിരഞ്ഞെടുപ്പു കമ്മീഷൻ വോട്ടിംഗ് യന്ത്രത്തിൽ ‘തിരസ്‌ക്കാര’ബട്ടൻകൂടി ഉൾപ്പെടുത്തണം എന്ന ആവശ്യം കേന്ദ്ര ഗവൺമെന്റ് തളളിക്കളഞ്ഞു. മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ജെ.എം.ലിങ്ങ്‌ദോയുടെ കാലത്താണ് ഈ നിർദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്.
ഇതൊരു അരാഷ്‌ട്രീയവാദമാണെന്നും വോട്ടുചെയ്യുക എന്ന അമൂല്യമായ അവകാശത്തിനു നേരെയുളള നെറിവുകേടാണെന്നും വാദിക്കുന്നവരുണ്ടാകാം. നേരും നെറിവുമില്ലാത്ത ഇന്നത്തെ രാഷ്‌ട്രീയക്കളികളിൽ ഓരോ വോട്ടറും പങ്കാളിയാകണം എന്ന് നിർബന്ധം പിടിക്കുന്നത് എത്രമാത്രം ശരിയാണെന്നുകൂടി നാം പരിശോധിക്കണം. നാളെ മണിച്ചനും ഹയറുന്നിസയും വീരപ്പനുമൊക്കെ സ്ഥാനാർത്ഥികളായി വന്നാൽ എനിക്ക് വോട്ടുചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും ഇവർക്കെങ്ങിനെ വോട്ടുചെയ്യും എന്ന അഭിപ്രായം രേഖപ്പെടുത്താൻ ഒരു അവസരം നല്‌കിയേ മതിയാകൂ. ക്രിമിനലുകൾ ഭരിക്കുന്ന വടക്കേന്ത്യൻ രാഷ്‌ട്രീയസംസ്‌കാരം അധികം വൈകാതെ കേരളത്തിലെത്തുമെന്ന ‘അമിത പ്രതീക്ഷ’യിലാണ് ഇവിടത്തെ വോട്ടർമാർ. ഒരു നാണവുമില്ലാതെ തെരഞ്ഞെടുപ്പടുത്ത ദിനങ്ങളിൽ കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലേക്കും ബി.ജെ.പിയിൽനിന്ന് കോൺഗ്രസിലേക്കും അങ്ങിനെ അധികാരത്തിന്റെ ഫലം എവിടെയാണോ കായ്‌ക്കുക എന്നു തേടി നടക്കുന്ന ഒട്ടേറെ നാറിയ അരാഷ്‌ട്രീയക്കോമരങ്ങൾക്കുളള രാഷ്‌ട്രീയ മറുപടികൂടിയാകണം തിരസ്‌ക്കാരബട്ടൻ. ഇവർക്കൊക്കെ വോട്ടുചെയ്യുന്ന അസ്വാതന്ത്ര്യത്തേക്കാളും ഏറെ മെച്ചപ്പെട്ടതാകും ഇവരെ തിരസ്‌ക്കരിക്കുക എന്ന കർമ്മം.
ഏറ്റവും മഹത്തെന്ന് കൊട്ടിയാടപ്പെടുന്ന ഇന്ത്യൻ ജനാധിപത്യത്തിലെ ഈ അസ്വാതന്ത്ര്യം ഒഴിവാക്കിയെ മതിയാകൂ. ഏതായാലും വോട്ടുചെയ്യാതെ വീട്ടിലിരിക്കുന്നവന്റെ രാഷ്‌ട്രീയബോധത്തേക്കാളും ഉയർന്നതാകും നിങ്ങളെയൊക്കെ ഞാൻ തിരസ്‌ക്കരിക്കുന്നു എന്നു
രേഖപ്പെടുത്തുന്ന രാഷ്‌ട്രീയബോധം…അതിനുളള വിലയെങ്കിലും ജനങ്ങളുടെ വോട്ടിന് നല്‌കണം.
Generated from archived content: edit_mar3.html Author: suvi_new