ഇറാഖ് ആക്രമണത്തിൽ തനിക്ക് പിന്തുണ ഏറുന്നുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ബുഷ് വീമ്പിളക്കുന്നുണ്ടെങ്കിലും ലോകമെങ്ങും അമേരിക്കൻ നടപടികൾക്കെതിരെ പ്രതിക്ഷേധം ഇരമ്പിയാർക്കുകയാണ്. എന്നും ശത്രുക്കളെ തേടുന്ന അല്ലെങ്കിൽ സൃഷ്‌ടിക്കുന്ന നയമാണ് അമേരിക്കൻ ഭരണകൂടത്തിന്റേത്. എന്തിന് അവരുടെ സിനിമകൾപോലും ഇത് വ്യക്തമാക്കുന്നു. ഒരിക്കലും തിരിച്ചാക്രമിക്കപ്പെടാത്ത ഒരു രാഷ്‌ട്രമെന്ന നിലയിൽ അമേരിക്ക എന്നും അഹങ്കാരം കൊണ്ടിരുന്നു. അവരുടെ ഭൂമിയിൽ ഒരു യുദ്ധംപോലും സൃഷ്‌ടിക്കപ്പെട്ടില്ല. അവർ യുദ്ധഭീതിയ്‌ക്കതീതരാണ്. എങ്കിലും അമേരിക്ക തരിശാക്കിയ കുറെ സ്ഥലങ്ങളുണ്ട്. വിയറ്റ്‌നാം, അഫ്‌ഗാൻ… അങ്ങിനെ എണ്ണിയാലൊടുങ്ങാത്തവ.
വേദനാജനകമെങ്കിലും സെപ്തംബർ 11-ലെ സംഭവം അമേരിക്കൻ ഭരണകൂടത്തിന്റെ അഹങ്കാരത്തിനേറ്റ കളങ്കമായി മാറി. വെളളിത്തിരകളിൽ മാത്രം ആക്രമണങ്ങൾ കണ്ട് ഭീതികൊണ്ട അമേരിക്കൻ സമൂഹം ചില യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞു. അമേരിക്കതന്നെ പാലുംനൂറും ഊട്ടിവളർത്തിയ ബിൻലാദനെന്ന വിഷസർപ്പം തിരിഞ്ഞുകൊത്തി. പരിണിതഫലം ദുരന്തങ്ങൾ മാത്രം അനുഭവിക്കപ്പെടാൻ വിധിക്കപ്പെട്ട അഫ്‌ഗാൻ ജനത അതിക്രൂരമായ അവസ്ഥകളിലേയ്‌ക്ക് എടുത്തെറിയപ്പെട്ടു. ഇന്ന് ബിൻലാദനും ജീവിച്ചിരിക്കുന്നു. അമേരിക്കയും നിലനില്‌ക്കുന്നു. പക്ഷെ അഫ്‌ഗാനിലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ വറ്റുന്നില്ല.
യുദ്ധത്തിന്റെ തീക്കാറ്റ് ചുഴലിയായി ഇറാഖിജനതയ്‌ക്കു മുകളിൽ താണ്ഡവമാടുമ്പോൾ ശാന്തമായ മരണം മാത്രമെ അവർ ആഗ്രഹിക്കുന്നുണ്ടാവുകയുളളൂ. പട്ടിണികൊണ്ട് നരകിക്കുന്ന ഒരു ജനതയ്‌ക്ക് യുദ്ധം ചിലപ്പോൾ ആശ്വാസകരമായേക്കാം. എളുപ്പത്തിൽ മരിക്കാനുളള ഈ വഴിയല്ലാതെ അവർ എന്തുചെയ്യാൻ. ഇറാഖി ജനത ബുഷിനോട് പുച്ഛത്തോടെ നന്ദി പറയുന്നുണ്ടാകും. അവരെല്ലാം മനസ്സിലാക്കുന്നുണ്ട്. സദ്ദാം ഹുസൈൻ എന്ന ഭരണാധികാരിയെ ഭീകരനായി ചിത്രീകരിച്ച് തങ്ങൾക്കുമേൽ പെയ്‌തുതീർക്കുന്ന മിസൈൽ മഴയുടെ ലക്ഷ്യം സദ്ദാമിന്റെ ജീവനേക്കാളുപരി ഒരു കേടും പറ്റാത്ത എണ്ണപ്പാടങ്ങളാണെന്ന്. അറബ് മേഖലയിലെ എണ്ണയിലുളള അമേരിക്കൻ കണ്ണും, അതിന്റെ ആർത്തിയും ഈ യുദ്ധത്തിലൂടെ വെളിവാകുകയാണ്. എണ്ണ കച്ചവടക്കാരുമായുളള പ്രസിഡന്റിന്റെ ബന്ധം ഇത് കൂടുതൽ ദൃഢമാക്കുന്നു അന്താരാഷ്‌ട്ര ഉപരോധത്തിലൂടെ അടിത്തറ മുഴുവൻ ഇളകി നില്‌ക്കുന്ന ഒരു രാഷ്‌ട്രത്തിനുനേരെ പ്രകോപനത്തിന്റെ നേരിയ അംശം പോലുമില്ലാതെ അമേരിക്ക ആക്രമണം നടത്തുമ്പോൾ ഈ പിൻവഴികൾ നാം കാണുക തന്നെ ചെയ്യുന്നു. ആരെതിർക്കാൻ ഇതിനെ. യു.എന്നിനെ വെറും വെളളിരിക്കാപാടത്തിലെ നോക്കുകുത്തിയായി തീർത്ത് അമേരിക്ക ആടിത്തിമിർക്കുന്ന ഈ നാടകത്തിന്റെ അവസാനരംഗത്തിൽ കാണുക കരിഞ്ഞു വീണ കുറെ സിവിലിയന്മാരും പക തീരാത്ത തീവ്രവാദികളുമായിരിക്കും. അമേരിക്കയ്‌ക്കുനേരെ അവരെന്നും ഒരു അസ്‌ത്രം കരുതിവെച്ചേക്കാം…
യുദ്ധത്തെ എതിർക്കുന്ന ലോകത്തിലെ എല്ലാ മനുഷ്യസ്നേഹികൾക്കൊപ്പം, ഇറാഖിലെ കുഞ്ഞുങ്ങൾക്കുവേണ്ടി, കണ്ണുനീർ തോരാത്ത അമ്മമാർക്കുവേണ്ടി, ലോക സമാധാനത്തിനുവേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു.
Generated from archived content: edit_mar22.html Author: suvi_new