മലയാളത്തെ ഓർക്കുക

നവംബർ ഒന്ന്‌- കേരളപ്പിറവിയുടെ അനുസ്‌മരണം. ഒപ്പം നമ്മൾ മലയാളികൾ തന്നെയാണെന്ന്‌ ഓർമ്മിക്കാനുളള ദിവസവും. മലയാളിക്ക്‌ മലയാളിത്തം നഷ്‌ടപ്പെട്ടിട്ട്‌ കാലമേറെയാകുന്നു. നമ്മുടെ ഭാഷ നമുക്കന്യമാകുന്നു. നമ്മുടെ സംസ്‌കാരത്തെ കാഴ്‌ചബംഗ്ലാവിലെ പുരാവസ്തുവിനെപ്പോലെ നാം അകന്നുനിന്നു കാണുന്നു. ‘അമ്മേ’ എന്ന്‌ തികച്ച്‌ വിളിക്കാൻ കഴിയാത്ത ബാല്യങ്ങളാൽ നാട്‌ നിറയുന്നു.

സ്വന്തം ഭാഷ ഉപയോഗിക്കുകയെന്നാൽ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുകയെന്നാണ്‌. ഭാഷ നിക്ഷേധിക്കപ്പെട്ടവൻ സ്വാതന്ത്ര്യമില്ലാത്തവൻ തന്നെ. നീ നിന്റെ ഭാഷയിൽ ചിന്തിക്കുമ്പോൾ സ്വന്തം മണ്ണിൽ ജീവിക്കുന്നുവെന്നർത്ഥം. ഇന്ന്‌ മലയാളം പഠിക്കാതെതന്നെ നമ്മുടെ കുട്ടികൾക്ക്‌ ബിരുദധാരികളും, ബിരുദാനന്തരബിരുദധാരികളുമൊക്കെയാകാം. ഇത്‌ എത്ര നല്ലത്‌ എന്ന്‌ എളുപ്പവഴിയിൽ ക്രിയചെയ്യുന്നവർ കരുതുന്നുണ്ടാകും. പുതിയകാല വിദ്യാഭ്യാസനയങ്ങളും മറ്റും ഇതിനെ ശരിവയ്‌ക്കുന്നുമുണ്ട്‌. നമ്മുടെ ഭാഷയോടും സംസ്‌കാരത്തോടും സാഹിത്യത്തോടും ബന്ധമില്ലാതെ ഉയരങ്ങൾ സ്വപ്നം കണ്ടും, ചിലപ്പോൾ അത്തരം സ്വപ്നങ്ങൾ സാക്ഷാത്‌ക്കരിച്ചും ഒരു തലമുറ വളരുന്നുവെങ്കിൽ അവർ തീർച്ചയായും യന്ത്രസമാനരായി തീരുകതന്നെ ചെയ്യും. അവന്റെ അസ്തിത്വം ഒരിക്കൽ ചോദ്യം ചെയ്യപ്പെടും. “മമ്മീ-ഡാഡി” സംസ്‌കാരത്തിൽ വളരുന്നവരും, വളർത്തുന്നവരും വൃദ്ധസദനങ്ങളിലെ മാറാലകളായി മാറുന്നത്‌ നമ്മുടെ മലയാളിത്തത്തെ തൊട്ടറിയാത്തതുകൊണ്ടാണ്‌. ജീവിതം എന്തെന്നും എങ്ങിനെയായിരിക്കണമെന്നും നമ്മെ പഠിപ്പിച്ച സാമൂഹികാവസ്ഥ തകരുന്നത്‌ നാം കാണുന്നുണ്ട്‌. ഈ തകർച്ച അരക്ഷിതമായ ലോകത്തിന്റെ വഴികളാവും നമ്മെ കാട്ടിത്തരിക.

മലയാള ഭാഷയെ സ്നേഹിച്ചും, മലയാളസംസ്‌കാരത്തെ അറിഞ്ഞും ജീവിക്കുക. മറ്റുളളവയെ മുഴുവനായി തളളിപ്പറയുക എന്ന്‌ ഇതുകൊണ്ട്‌ അർത്ഥമാക്കുന്നില്ല. ആവശ്യമെങ്കിൽ മറ്റുഭാഷകളും സംസ്‌കാരങ്ങളും നാം അറിഞ്ഞേ മതിയാകൂ. എങ്കിലും മലയാളിത്തത്തെ പൂർണ്ണമായി ഒഴിവാക്കി ജീവിക്കുക എന്നത്‌ മലയാളിയെ സംബന്ധിച്ച്‌ ആത്‌മഹത്യാപരമായിരിക്കും. ആഗോളവത്‌ക്കരണത്തിന്റെ ഈ കാലത്ത്‌ നാം പലതിനും പുറകെ പായുമെങ്കിലും, മനസ്സിൽ നിന്നും ഒരുരുള ചോറ്‌ മലയാളത്തിന്‌ വേണ്ടി മാറ്റിവയ്‌ക്കുക.

കേരളപ്പിറവി ആശംസകൾ.

എഡിറ്റർ

Generated from archived content: edit_malayalathe.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here