കേരളത്തെ തേടിവരുന്ന ആഘോഷങ്ങൾ

ഒരു പ്രത്യേക സാംസ്‌കാരിക ജീവിതത്തിൽ, അതിന്റെ ചരിത്രത്തെ സ്പർശിക്കുന്നതും, അതിന്റെ സാമൂഹ്യപരിസരത്തെ അനുസരിക്കുന്നതുമായ ആഘോഷങ്ങളും ഉത്സവങ്ങളും ഏറെ ആവശ്യമുളളതാണ്‌. ഇത്തരം ആഘോഷങ്ങളും ഉത്സവങ്ങളും ഒരു സമൂഹത്തിന്റെ ജീവന്റെ തുടിപ്പുകളായും കരുതാം. ഒപ്പം സാമൂഹ്യരീതിയുടെ നന്മതിന്മകളെ ഈ വഴിയിലൂടെ അളക്കുകയും ചെയ്യാം.

കേരളത്തെ സംബന്ധിച്ച്‌ ഓണവും വിഷുവും ആഘോഷിക്കുന്നത്‌ ഇപ്പറഞ്ഞ രീതിയിലൂടെയാണ്‌. ഹൈന്ദവപരമായ പശ്ചാത്തലം ഉണ്ടെങ്കിലും ഓണവും വിഷുവും കേരളത്തിന്റെ പൊതു ആഘോഷങ്ങളായി കരുതിപ്പോരുന്നു. ഓണം ഇക്കാര്യത്തിൽ കൂടുതൽ സ്വതന്ത്രസ്വഭാവം പുലർത്തുന്നുണ്ട്‌. കേരളത്തിലെ മുസ്ലീങ്ങളും ക്രിസ്ത​‍്യാനികളും ഓണം നന്നായി ആഘോഷിക്കുന്നവരാണ്‌. അവരിൽതന്നെ ഓണം ആഘോഷിക്കാത്തവർപോലും ഇതിനെ തളളിപ്പറയാറില്ല. ഇതുകൊണ്ടൊക്കെതന്നെ ഓണത്തെയും വിഷുവിനെയും വർഗ്ഗീയതയുടെ ആയുധങ്ങളാക്കി അത്രപെട്ടെന്ന്‌ ഉപയോഗിക്കാൻ കഴിയില്ല.

കേരളീയസമൂഹത്തിന്‌ തികച്ചും അന്യമായ വടക്കേന്ത്യൻ ഹൈന്ദവ ആഘോഷങ്ങൾ കേരളത്തിലേയ്‌ക്ക്‌ ചേക്കേറുന്നത്‌ മുൻപുപറഞ്ഞ വീക്ഷണകോണിലൂടെ വേണം കാണാൻ. സൗഹാർദ്ദത്തിന്റേയും സാഹോദര്യത്തിന്റേയും പ്രതിരൂപമായ ‘രക്ഷാബന്ധൻ’ മഹോത്സവം വളരെ വ്യത്യസ്തമായ രൂപത്തിലാണ്‌ കേരളത്തിൽ കാണപ്പെടുന്നത്‌. രക്ഷാബന്ധനെ ഇവിടെ ഹൈന്ദവരുടെ സ്വകാര്യസ്വത്തായി കാണുന്നു. അഞ്ചുവർഷം മുൻപുവരെ കേരളത്തിന്‌ ഒട്ടും പരിചയമില്ലാത്ത ‘ഗണേശോത്സവം’ വിപുലമായ രീതിയിൽ ഇത്തവണ കൊണ്ടാടിയതും ശ്രദ്ധേയമാണ്‌. ഹിന്ദുക്കൾക്കുവേണ്ടിമാത്രം ചില ഉത്സവങ്ങൾ കേരളത്തിൽ കൃത്രിമമായി സൃഷ്‌ടിക്കപ്പെടുന്നു എന്നുവേണം കരുതാൻ. ഹിന്ദുവിന്റെ മാത്രം ഉത്സവങ്ങൾ സൃഷ്‌ടിക്കുക എന്നത്‌ ഫാഷിസത്തിന്റെ രൂക്ഷഗന്ധമുളള ഒരു രാഷ്‌ട്രീയമാണ്‌. ഇത്തരം ഇടപെടലുകൾക്ക്‌ ചില ലക്ഷ്യങ്ങളുണ്ട്‌. മതേതര സ്വഭാവം മറ്റുളള സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി ഭേദപ്പെട്ട രീതിയിൽ നിലവിലുളള കേരളത്തിൽ ശുദ്ധ ഹൈന്ദവ ഫാഷിസ്‌റ്റ്‌ ചിന്ത ഉണർത്താൻ ഇത്തരം വഴികളിലൂടെ കഴിയും. നവോത്ഥാനത്തിന്റെ നന്മകൾ അസ്തമിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ സാമൂഹ്യമണ്ഡലത്തിൽ ഇത്തരം ചിന്തകൾ വേരോടുകതന്നെ ചെയ്യും. നമ്മളാവശ്യപ്പെടാതെ, നമ്മുടെ സംസ്‌കാരം ആവശ്യപ്പെടാതെ നമ്മെ തേടിവരുന്ന ആഘോഷങ്ങളുടെ അകപ്പൊരുൾ തിരിച്ചറിഞ്ഞേ മതിയാവൂ.

നന്മയുടെ വിളംബരം പേറുന്ന ഓണത്തെ വെറും കച്ചവടവത്‌ക്കരണത്തിനുളള ആഘോഷമാക്കി മാറ്റുകയും കേട്ടറിവില്ലാത്ത മറ്റുചില ആഘോഷങ്ങളെ വർഗ്ഗീയതയുടെ ഉപകരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നത്‌ ഇക്കാലത്തിന്റെ ദുരന്തമായിക്കാണാം.

സുവിരാജ്‌ പടിയത്ത്‌

Generated from archived content: edit_keralathe.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here