കാശ്‌മീർ ഭീകരത – നാരായവേരിനെ തകർക്കണം

ജമ്മു-കാശ്‌മീർ പിന്നെയും കത്തുകയാണ്‌. ഭീകരവാദത്തിന്റെ ദുരിതമുഖങ്ങൾ ജമ്മു-കാശ്‌മീരിനെ മാത്രമല്ല ഭാരതത്തെ ഒട്ടാകെ ബാധിച്ചിരിക്കകയുമാണ്‌. ജനാധിപത്യരീതിയിലൂടെ ഭീകരവാദനിലപാടുകളെ തടയിടാൻ കഴിയുമെന്ന്‌ ഒരു പരിധിവരെയെങ്കിലും ജമ്മു-കാശ്‌മീർ തിരഞ്ഞെടുപ്പ്‌ നമ്മെ കാണിച്ചുതന്നു. സാധാരണ ജനങ്ങൾ ഭീകരവാദത്തെ എതിർക്കുന്നുവെന്ന സത്യം ഈ തിരഞ്ഞെടുപ്പ്‌ ഉയർത്തിയ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൊന്നായിരുന്നു. എങ്കിലും നമ്മുടെ ദേശീയതയെ തകർക്കാർ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന സംഘടിത ഭീകരവാദികളക്ക്‌ ഈ ഉത്തരം അത്ര യോഗ്യമായി തോന്നുകയില്ല. തിരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ഭീകരർ നടത്തിയ ശ്രമങ്ങൾ സുരക്ഷാഭടന്മാരുടെ കർമ്മശേഷികൊണ്ട്‌ വലിയ പരിധിവരെ തടയിടാൻ കഴിഞ്ഞുവെങ്കിലും തങ്ങൾക്ക്‌ അന്ന്‌ ചെയ്യാൻ കഴിയാതിരുന്ന ആക്രമണപദ്ധതികൾ തിരഞ്ഞെടുപ്പിന്‌ ശേഷം ഭീകരർ വൻസന്നാഹത്തോടെ നടത്തുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ ഭീകരാക്രമണത്തയിൽ മരച്ചവരുടെ എണ്ണം എത്രയെന്ന്‌ ഇപ്പോഴും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. സി.ആർ.പി.എഫ്‌. ക്യാമ്പും പട്ടാളബസ്സും മാത്രമല്ല ഇവർ ആക്രമണത്തിന്‌ ഉന്നമാക്കുന്നത്‌. സാധാരണ ജനങ്ങളുടെ സാന്നിധ്യമുളള സ്ഥലങ്ങളും ഇവർ ആക്രമണത്തിന്‌ തിരഞ്ഞെടുക്കുന്നു. ആരുടെയോ കയ്യിലെ കളിപ്പാവകൾപോലെ ഭീകരർ ഇന്ത്യൻ ദേശീയതയെ ആക്രമിക്കുമ്പോൾ പൊലിഞ്ഞുപോകുന്ന സാധാരണക്കാരന്റെ ജീവന്റെ വില ഇവർ എങ്ങിനെ മനസ്സിലാക്കാൻ. ശത്രുരാജ്യങ്ങൾ നൂറും പാലും കൊടുത്ത്‌ വളർത്തുന്ന ഈ വിഷ സർപ്പങ്ങളെ നേർക്കുനേർ നിന്ന്‌ പൊരുതി തകർക്കുക മാത്രം ചെയ്താൽപോരാ. ഒരു ഭീകരൻ മരിച്ചാൽ പണവും വംശീയഭ്രാന്തും നല്‌കി ഒരായിരം ഭീകരരെ സൃഷ്‌ടിക്കാൻ ശത്രുക്കൾക്ക്‌ കഴിയും. അതിനാൽ ഭീകരതയുടെ ശിഖരങ്ങൾ അരിഞ്ഞിട്ടാൽ മാത്രം കാര്യമാവില്ല മറിച്ച്‌ ഇതിന്റെ നാരായവേര്‌ കണ്ടെത്തി കരിച്ചുകളയുകയാണ്‌ വേണ്ടത്‌. അല്ലെങ്കിൽ രഘുനാഥ ക്ഷേത്രാക്രമണം പോലെ ഒരുപാടൊരുപാട്‌ ദുരന്തങ്ങൾ ഇനിയും സൃഷ്‌ടിക്കപ്പെടും. ഇവിടെ മരിച്ചുവീഴുന്നത്‌ തോക്കുകളേന്തിയ സൈന്യവും ഭീകരരും മാത്രമല്ല മനസമാധാനത്തോടെ ജീവിക്കാൻ കൊതിക്കുന്ന സാധാരണക്കാരും കൂടിയാണ്‌.

Generated from archived content: edit_kasmir.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here