കണ്ണുനീരിലാണ്ട കേരളം….

കുമരകം ബോട്ട്‌ ദുരന്തം കേരളത്തെ മുഴുവൻ കണ്ണീരിലാഴ്‌ത്തി. നിലവിലെ കണക്കുകൾ അനുസരിച്ച്‌ ഇരുപത്തിയൊൻപത്‌ പേരുടെ ജീവനാണ്‌ വേമ്പനാട്ട്‌ കായലിൽ പൊലിഞ്ഞത്‌. മുഹമ്മയിൽ നിന്ന്‌ കുമരകത്തേയ്‌ക്ക്‌ സർവീസ്‌ നടത്തുന്ന നൂറ്റിപത്ത്‌ പേർക്ക്‌ സഞ്ചരിക്കാവുന്ന ബോട്ടിൽ അപകടം സംഭവിക്കുമ്പോൾ ഏകദേശം ഇരുനൂറ്റി അൻപതിനുമേൽ ആളുകൾ ഉണ്ടായിരുന്നു. ഇതായിരിക്കാം അപകടത്തിനു പ്രഥമ കാരണമെങ്കിലും, ഈ അവസരത്തിൽ നാം മറ്റു ചിലതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. ആവശ്യത്തിന്‌ ബോട്ടുകൾ ഉണ്ടായിരുന്നുവെങ്കിൽ, ജീവനക്കാർ നല്‌കിയ മുന്നറിയിപ്പുപോലും വകവയ്‌ക്കാതെ ഇത്രയും ആളുകൾ ഇടിച്ചുകയറില്ലായിരുന്നു. ആളുകൾ കൂടുതൽ കയറിയതാണ്‌ അപകടത്തിനു കാരണമെന്ന ഒറ്റ ഉത്തരം കണ്ടെത്തിക്കൊണ്ട്‌, ജീവനക്കാരെ മാത്രം കുരിശിലേറ്റുന്ന സർക്കാരിന്റെ നിലപാട്‌ മനുഷ്യത്വമില്ലായ്‌മയായി കണക്കാക്കാം. ഈ അപകടത്തിൽ ജീവനക്കാരുടെ പങ്ക്‌ തുലോം തുച്ഛമായി മാത്രമേ കാണാൻ കഴിയൂ. സുരക്ഷാ സംവിധാനങ്ങളും, കൃത്യമായി അറ്റകുറ്റപണികൾ നടത്തിയതുമായ ബോട്ടുകൾ സർവീസിന്‌ നല്‌കേണ്ട ചുമതല സർക്കാരിനുതന്നെയാണ്‌. ഇതു ചെയ്യാതെ അപകടങ്ങൾ നടക്കുമ്പോൾ എല്ലാ കുറ്റങ്ങളും ജീവനക്കാരുടെ തലയിൽ കെട്ടിവച്ചുകൊണ്ട്‌ കൈകഴുകുന്ന സർക്കാർ ഈ മരണങ്ങൾക്കെല്ലാം ഉത്തരവാദിയാണ്‌.

രോഗം മൂർച്ഛിച്ച്‌ മരണത്തോടടുക്കുമ്പോൾ വൈദ്യനെ കാണുവാൻ പായുന്നതിലും നന്ന്‌ രോഗം വരാതിരിക്കാൻ അല്‌പം ശ്രദ്ധിക്കുന്നതായിരിക്കും. യാത്രക്കാരെ കുത്തിനിറച്ച്‌ വാർദ്ധക്യം ബാധിച്ച ബോട്ടുകൾ കൊച്ചിക്കായലിൽ വൻദുരന്തം തീർക്കുമെന്ന്‌ കൊച്ചിതുറമുഖട്രസ്‌റ്റ്‌ അധികൃതർ നല്‌കിയ മുന്നറിയിപ്പ്‌ ഇതുവരെയും ബന്ധപ്പെട്ടവർ ശ്രദ്ധിക്കുകപോലും ചെയ്തിട്ടില്ല. കിൻകോയും ജലഗതാഗതാവകുപ്പും മനുഷ്യജീവനുകൾവച്ച്‌ നടത്തുന്ന ഞാണിന്മേൽ കളി വരുത്തിവെയ്‌ക്കാവുന്ന ദുരന്തത്തിന്റെ അളവ്‌ പ്രവചിക്കാൻ പ്രയാസമായിരിക്കും. ദ്രവിച്ചുതുടങ്ങിയ ബോട്ടുകളുടെ അടിപ്പലകകളെ വിശ്വസിച്ച്‌ എത്രകാലം നമുക്ക്‌ യാത്ര ചെയ്യുവാൻ കഴിയും. കുമരകത്തെ മറന്ന്‌ നാളെയും ബോട്ടുകളിലേയ്‌ക്ക്‌ കാലെടുത്ത്‌ വയ്‌ക്കുമ്പോൾ ദൈവത്തെ വിളിക്കാൻ മറക്കരുത്‌; ജനങ്ങളുടെ ജീവന്‌ വിലകല്‌പിക്കാത്ത സർക്കാർ ദൈവത്തിന്‌ മുകളിലാണെങ്കിലും….

കുമരകം കായലിൽ ‘കൊലചെയ്യപ്പെട്ട’ പ്രിയപ്പെട്ടവർക്ക്‌ ആദരാജ്ഞലികൾ….

ഉപരാഷ്‌ട്രപതി കിഷൻകാന്ത്‌

————————–

ഉപരാഷ്‌ട്രപതി കിഷൻകാന്തിന്റെ വിയോഗം ഭാരതത്തിന്‌ തീരാനഷ്‌ടം തന്നെയാണ്‌. താൻ പ്രവർത്തിച്ച എല്ലാ മേഖലകളിലും ഗാന്ധിയൻ സോഷ്യലിസത്തിന്റെ സജീവത പ്രദർശിപ്പിച്ച കിഷൻകാന്ത്‌ കവിയും ശാസ്‌ത്രകാരനും കൂടിയായിരുന്നു. അധികാരത്തിനുവേണ്ടിയുളള ആർത്തിപിടിച്ച മത്സരക്കളങ്ങളിൽ കിഷൻ കാന്തിന്റെ മുഖം ഒരു മിന്നായം പോലെയെങ്കിലും കാണുവാൻ കഴിയില്ല. എങ്കിലും അദ്ദേഹം ഭാരതത്തിന്റെ ഉപരാഷ്‌ട്രപതി പദവിയിൽവരെ എത്തി. സത്യസന്ധമായ ജീവിതരീതിയും ദർശനവും കൊണ്ടാണ്‌ അദ്ദേഹം താൻ പിന്നിട്ടവഴികളിലെല്ലാം വെളിച്ചം നിറച്ചത്‌. ചെറുപ്പത്തിൽ കടന്നുകൂടിയ വിപ്ലവചിന്തകൾ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ അദ്ദേഹം മരിക്കുംവരെ കൂടെ ഉണ്ടായിരുന്നു. തുറന്നു പറയാനുളള തന്റേടവും ജനവിരുദ്ധനയങ്ങൾക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളും വിപ്ലവകാരിയുടെ സാന്നിദ്ധ്യത്തെ അറിയിക്കുന്നു. രാഷ്‌ട്രീയരംഗത്ത്‌ ഒട്ടേറെ പദവികൾ വഹിച്ച കിഷൻകാന്ത്‌ പൊതുജീവിതത്തിലും ഭരണത്തിലും കളങ്കമേൽക്കാത്ത പ്രതിച്ഛായയുടെ ഉടമയായിരുന്നു.

കിഷൻകാന്തിന്‌ ആദരാജ്ഞലികൾ….

Generated from archived content: edit_kannuneer.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English