രാഷ്‌ട്രീയ പ്രബുദ്ധ കേരളമേ; ലജ്ജിച്ച്‌ തല താഴ്‌ത്തുക

കേരളം കണ്ട ഏറ്റവും നെറിവുകെട്ട രാഷ്‌ട്രീയ നാടകങ്ങളാണ്‌ നാമിന്ന്‌ അനുഭവിക്കുന്നത്‌. പൊതുപ്രവർത്തനത്തിന്റെയും പൊതുപ്രവർത്തകന്റെയും നിർവചനങ്ങളെ പരമാവധി അപമാനിക്കും വിധമാണ്‌ കേരളത്തിലെ രാഷ്‌ട്രീയ പ്രവർത്തനമണ്ഡലം മാറിയിരിക്കുന്നത്‌. ഒരുനാൾവരെ നാം മാന്യരായി കണ്ടിരുന്ന പൊതുപ്രവർത്തകർ ആഭാസകരമാംവിധം തെരുവുയുദ്ധത്തിൽ നായ്‌ക്കളെപ്പോടെ പരസ്പരം കടിച്ചുകീറുന്നത്‌ കൗതുകകരമായ കാഴ്‌ചയായി പലർക്കും തോന്നുമെങ്കിലും ഇതിന്റെയൊക്കെ അവസാന ഉത്തരം രാഷ്‌ട്രീയ പ്രബുദ്ധ കേരളം സൃഷ്‌ടിക്കാൻ ഏറെ ത്യാഗമനുഷ്‌ഠിച്ച്‌ മൺമറഞ്ഞ ചിലരുടെയൊക്കെ മുഖത്ത്‌ കാർക്കിച്ചു തുപ്പുന്നതുകൂടിയാണ്‌. ത്യാഗം ചെയ്യാനും എല്ലാം ഉപേക്ഷിച്ച്‌ ജനങ്ങൾക്കായി ജീവിതം സമർപ്പിക്കാനും പഠിപ്പിച്ച കുറെ മഹാന്മാരുടെ പിന്തുടർച്ചക്കാരായി ഞെളിഞ്ഞിരിക്കുന്ന കേരളത്തിലെ ഇന്നത്തെ കോൺഗ്രസുകാർ നമുക്ക്‌ അപമാനമാകാതിരിക്കുന്നതെങ്ങിനെ?

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു? സ്വാതന്ത്ര്യം എന്ന അതിദീപ്‌തമായ ലക്ഷ്യത്തിനായി പോരാടുമ്പോൾ, അന്നത്തെ ഒരുകൂട്ടം ആളുകൾക്കെങ്കിലും തങ്ങളുടെ വ്യക്തിപരമായ നഷ്‌ടം സ്വാതന്ത്ര്യമെന്ന സ്വപ്‌നത്തിനു മുന്നിൽ അളവറിയാത്ത ലാഭമായി മാറുകയായിരുന്നു. അവരുടെ ലാഭം അതായിരുന്നു. ഇന്നാകട്ടെ രാഷ്‌ട്രീയം ഒരു കച്ചവടരൂപമാകുകയും, ഏറ്റവും കൂടുതൽ പ്രൊഡക്‌ടുകൾ നിർമ്മിച്ച്‌ അധികാരം കൈക്കലാക്കി ലാഭം കൊയ്യാമെന്ന്‌ കരുതുകയും ചെയ്യുന്ന അവസ്ഥയായി മാറി. വ്യക്തി നഷ്‌ടങ്ങൾ ലാഭങ്ങളായി കരുതി ജീവിതം ദേശത്തിന്‌ ഉഴിഞ്ഞുവച്ചവർക്കു പകരം രാഷ്‌ട്രീയത്തിൽ കച്ചവടക്കാഴ്‌ചകൾ കാണുകയും അധികാരം പണത്തിന്റെയും സുഖസൗകര്യങ്ങളുടെയും വിളഭൂമിയായി കരുതുകയും ചെയ്യുന്നവർ തഴച്ചുവളരുന്നുവെന്നതാണ്‌ ഏറ്റവും വലിയ ദുർഗതി. താൻ രാഷ്‌ട്രീയത്തിൽ പ്രവർത്തിക്കുന്നത്‌ തിരഞ്ഞെടുപ്പിൽ സീറ്റു കിട്ടുമെന്ന അവസാന ലക്ഷ്യത്തിനാണെന്ന്‌ യാതൊരുളുപ്പുമില്ലാതെ വിളിച്ചു പറയുന്ന കോൺഗ്രസുകാരൻ ഗാന്ധിയുടെ പല്ലടിച്ച്‌ തെറിപ്പിച്ച ദക്ഷിണാഫ്രിക്കൻ വർണ്ണവെറിയനേക്കാൾ നീചനാകുന്നത്‌ ഇങ്ങനെയാണ്‌.

രാഷ്‌ട്രീയ പ്രശ്‌നങ്ങൾക്ക്‌ പ്രതിവിധിയായി ഗുണ്ടകൾക്ക്‌ ‘ക്വട്ടേഷൻ’ നല്‌കുന്ന പുതിയ രീതികളും, ചീഞ്ഞു നാറുന്ന ഭാണ്ഡക്കെട്ടുകൾ ഏറെനാൾ പേറിയും സഹിച്ചും പിന്നീടെപ്പോഴൊ കൂലിപോരാഞ്ഞതിൽ, അതഴിച്ച്‌ ലോകത്തെ നാറ്റിക്കുകയും ചെയ്യുന്ന രീതികളും ചിലപ്പോൾ അധികാരത്തിന്റെ പുതിയ പങ്കുവെക്കലുകൾക്കിടയിൽ നേതാക്കൾ എന്നുപറയുന്നവരും അവരുടെ ശിങ്കിടികളും മറന്നുപോയാലും ജനം പെട്ടെന്ന്‌ മറക്കാനിടയില്ല. അത്‌ ജനം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഫലം കാണിക്കുന്നു.

പക്ഷെ നിങ്ങളിത്‌ മറക്കാതിരിക്കാൻ ഒരു വഴിയുണ്ട്‌; അതിനുവേണ്ടത്‌ തിരണ്ടിവാൽ എണ്ണയിൽ മുക്കി പുറംവഴിക്കുളള അടിയാണ്‌. പിന്നീടാ മുറിവ്‌ പൊറുക്കില്ല….ആണ്ടോടാണ്ട്‌ കൃത്യമായി അടികൊണ്ടയിടം പഴുത്ത്‌ എല്ലാം ഓർമ്മിപ്പിക്കും….

Generated from archived content: edit_june7.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here