ഈ മഴക്കാലത്ത് കേരളത്തിൽ പനിപിടിച്ചു മരിച്ചവരുടെ എണ്ണം ഇതുവരെ 140. ഡങ്ക്യുപനിയും, എലിപ്പനിയും കേരളത്തിൽ മരണനൃത്തമാടുമ്പോൾ നമ്മുടെ ആരോഗ്യരംഗം പകച്ചു നിൽക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ വൈറൽ പനി പടർന്നു പിടിച്ചിരിക്കുകയാണ്. ഒരു ചെറിയ പ്രദേശത്തു മാത്രം ഏതാണ്ട് പതിനായിരത്തിലേറെ പേർക്ക് പനിപിടിച്ചിരിക്കുന്നുവെന്ന വാർത്ത നമ്മളെ ഏറെ ഞെട്ടിക്കുന്നുണ്ട്. ഇതിൽ എവിടെയോ ഒരു മരണം കാത്തിരിക്കുന്നു എന്ന ആശങ്ക എല്ലാവരിലുമുണ്ട്.
മഴക്കാലത്തെ പ്രധാന പകർച്ച വ്യാധികളായ, ഡങ്ക്യുപ്പനി, എലിപ്പനി, കോളറ, ടൈഫോയ്‌ഡ്, മലേറിയ തുടങ്ങിയവയ്‌ക്കെല്ലാം കാരണം മാലിന്യകൂമ്പാരങ്ങളും, കൊതുകുകളുടെ വർദ്ധനവുമാണ് എന്ന് എല്ലാവർക്കുമറിയാം. ഇത്തരമൊരു ദുരന്തം മുന്നിൽ വരുമ്പോൾ വിമർശിക്കാനും ശപിക്കാനും ഒരു ആരോഗ്യവകുപ്പുണ്ട് എന്ന ആശ്വാസത്തിലാണ് കേരളീയർ. ആരോഗ്യവകുപ്പിന്റെ പ്രവർത്തനത്തിൽ പരിപൂർണ്ണ തൃപ്തരല്ലെങ്കിലും, ഇത്തരമൊരു അവസ്ഥയ്‌ക്കുകാരണം ആരോഗ്യവകുപ്പു മാത്രമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇവിടെ കേരളത്തിലെ ജനങ്ങളുടെ ശുചിത്വ സംസ്‌കാരത്തെക്കുറിച്ചും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു. നമുക്ക് പൊതുവെ ഒരു ശുചിത്വ സംസ്‌കാരം ഇല്ല എന്നുതന്നെ പറയാം. തന്റെ ശരീരത്തിനും തന്റെ ശരീരവുമായി ബന്ധപ്പെട്ടു കിടക്കുന്ന വസ്‌തുക്കൾക്കും മാത്രമെ കേരളീയർ ശുചിത്വകാര്യത്തിൽ പരിഗണന നല്‌കാറുളളൂ. പരിസര ശുചീകരണം എന്നത് സ്‌കൂളുകളിലെ പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുകയും മറിച്ച് ക്രിയാത്മകമായി പ്രവർത്തനം നടത്താതിരിക്കുകയും ചെയ്യുന്ന രീതിയാണ് നമ്മുടേത്. ഇവിടെ ആരോഗ്യവകുപ്പിന്റെ ഇടപെടലുകൾക്ക് ചില പരിമിതികളുണ്ട്. കാരണം പരിസര ശുചിത്വം എന്നത് കേരളീയന്റെ സംസ്‌കാരമായി മാറുന്നില്ല എന്നതാണ്. കൊതുകിനെ നശിപ്പിക്കാനും മാലിന്യം നീക്കം ചെയ്യാനും നാം ആരോഗ്യവകുപ്പുകാരെ കാത്തിരിക്കുന്നു. ഇത് പ്രായോഗികമായ ഒന്നല്ല. ഇവിടെ നമുക്ക് ചെയ്യാവുന്നതായ കുറെ കാര്യങ്ങളുണ്ട്. വളരെ ചെറിയ കാര്യങ്ങൾ. വീടിനു വേണ്ടി ഒരു മാലിന്യപ്പെട്ടി ഉണ്ടാക്കുക, കെട്ടികിടക്കുന്ന ജലം ഒഴുക്കി കളയുക, ചപ്പുചവറുകൾ നശിപ്പിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ. ഇതൊക്കെ കാണാതെ പോകുന്നത് ഏറെ അപകടകരമാണ്. പനി പടർന്നു പിടിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ അതിനു കാരണക്കാരായ കൊതുകുകളുടെ അനിയന്ത്രിതമായ പെരുപ്പം കുറയ്‌ക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കില്ല. ഈ പ്രക്രിയയിൽ നമ്മുടെ പങ്ക് കൂടി വേണ്ടിവരും. അല്ലാത്ത പക്ഷം ഇത്തരം ദുരന്തങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. ഒരുപക്ഷെ ഇതിലും ഭീകരമായവ.
നാം മാത്രമല്ല ശുചിയാകേണ്ടതെന്നും ഈ ലോകം കൂടി ശുചിയായിരിക്കണമെന്നുമുളള ഒരു ബോധം നമ്മുടെ മനസ്സിലേക്ക് കുടിയിരുത്തുകയും ശുചിത്വമെന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റുകയും വേണം.
Generated from archived content: edit_june25.html Author: suvi_new
Click this button or press Ctrl+G to toggle between Malayalam and English