ബി.ജെ.പി ഹിന്ദുത്വ അജണ്ടയിലേയ്‌ക്കോ അതോ അധികാര അജണ്ടയിലേയ്‌ക്കോ?

ഹിന്ദുത്വ ആശയമാണ്‌ ബി.ജെ.പിയുടെ ആത്മാവെന്നുളള പാർട്ടി ദേശീയ എക്സിക്യൂട്ടീവ്‌ യോഗത്തിന്റെ ഓർമ്മപ്പെടുത്തൽ ഒരു വലിയ തിരിച്ചറിവിലേക്ക്‌ നമ്മെ നയിക്കുകയാണ്‌. എന്തുകൊണ്ട്‌ ബി.ജെ.പി ദേശീയ എക്സിക്യൂട്ടീവ്‌ യോഗത്തിൽ ഇക്കാര്യം ഓർമ്മപ്പെടുത്തേണ്ടിവന്നു എന്നതാണ്‌ വിശകലനം ചെയ്യേണ്ടത്‌. ചിലർ ഇക്കാര്യം മറന്നുപോയോ എന്ന സൂചനയും ഈ ഓർമ്മപ്പെടുത്തൽ നല്‌കുന്നുണ്ട്‌. അല്ലെങ്കിൽ ചില സാഹചര്യങ്ങളാൽ ബുദ്ധിപൂർവ്വം മറക്കാൻ ശ്രമിച്ചത്‌ പുതിയ സാഹചര്യത്തിൽ കൂടുതൽ ‘തിളക്ക’ത്തോടെ പൊടിതട്ടി ഓർമ്മിക്കാൻ ശ്രമിക്കുന്നത്‌ എന്തുകൊണ്ടെന്നും ചിന്തിക്കണം.

രണ്ടു സീറ്റെന്ന ദുർബലതയിൽ നിന്നും ഭാരതം ഭരിക്കാനുളള ശേഷി ബി.ജെ.പിയുടെ കരങ്ങൾക്കേകിയത്‌ ഹിന്ദ്വത്വമെന്ന ‘ഉപകരണ’മാണെന്നും, അധികാരത്തിന്റെ സ്വസ്ഥമായ അവസ്ഥയിൽ ഹിന്ദുത്വം മാറ്റിവയ്‌ക്കാവുന്ന ഒന്നാണെന്നും നമ്മെ ബി.ജെ.പി നന്നായി പഠിപ്പിച്ചു. ഉദാഹരണമായി ഓരോ തിരഞ്ഞെടുപ്പിനും മുന്നെ ശ്രീരാമനെന്ന വിശ്വാസത്തെ, ബി.ജെ.പി ഒരിക്കലും പണിതീർക്കാൻ ആഗ്രഹിക്കാത്ത ക്ഷേത്രവുമായി കൂച്ചുവിലങ്ങിലിട്ട്‌ ജനങ്ങൾക്ക്‌ മുന്നിൽ അവതരിപ്പിക്കുകയും, തിരഞ്ഞെടുപ്പിനുശേഷം, പ്രത്യേകിച്ച്‌ വിജയം വരിച്ചാൽ ഈ രാമരൂപത്തെ അനാഥമാക്കുകയും ചെയ്യുന്ന പ്രക്രിയ ഏറെ നാളുകളായി നാം കാണുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ ഇതിനൊരപവാദം മാത്രം. ചില്ലറയും, സ്വല്പം അധികാരവും നല്‌കിയാൽ വീഴുന്ന മുസ്ലീങ്ങളേയും മറ്റ്‌ മതക്കാരേയും നെഞ്ചോട്‌ ചേർത്തു പിടിച്ചാണ്‌ ബി.ജെ.പി വോട്ടു ചോദിച്ചത്‌; കൂട്ടിന്‌ പാക്കിസ്ഥാൻ പ്രേമം എന്ന അജണ്ടയും ഇവർ ഉയർത്തുകയുണ്ടായി. ഗുജറാത്തിനെ സുഖിപ്പിച്ച മോഡിയും സംഘവും കഴിഞ്ഞ തിരഞ്ഞെടുപ്പ്‌ പ്രചരണത്തിൽ വലിയ ശതമാനവും ഡിലീറ്റു ചെയ്യപ്പെട്ടു. എങ്ങും തിളങ്ങുന്ന ഇന്ത്യയുടെ പുത്രൻ വാജ്‌പേയിയുടെ മൃദുഭാവം മാത്രം…അധികാരം തേടിയുളള പുതിയ വഴിയിൽ ഉപയോഗിച്ചു നോക്കി പരാജയപ്പെട്ട ഉപകരണം – മിതവാദം.

പരാജയത്തിന്റെ രുചിയറിഞ്ഞപ്പോൾ ബി.ജെ.പി തങ്ങളുടെ പഴയ ‘ഉപകരണം’ തുടച്ചെടുക്കുന്നു, ഇങ്ങനെയൊന്നുണ്ടെന്ന്‌ ഓർമ്മിപ്പിക്കുന്നു – ഹിന്ദുത്വം. കാരണം, മഹാരാഷ്‌ട്രയടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്‌.

എങ്കിലും അടിസ്ഥാന ഹിന്ദുത്വ വിഷയങ്ങളായ അയോധ്യ, കാശ്‌മീരിന്‌ പ്രത്യേക അധികാരം നല്‌കുന്ന ഭരണഘടനയിലെ 370-​‍ാം വകുപ്പ്‌, പൊതുസിവിൽ കോഡ്‌ എന്നിവ പാർട്ടി ദേശീയ എക്‌സിക്യൂട്ടീവ്‌ പാസാക്കിയ പ്രമേയത്തിൽ നിന്നും ഒഴിവാക്കിയത്‌ പെട്ടെന്നൊരു മാറ്റം ഉണ്ടാക്കാവുന്ന അവ്യക്തതയുടേയും തിരിച്ചടിയുടെയും ആക്കം കുറയ്‌ക്കാനായിരിക്കണം.

അധികാരമെന്ന കൃത്യ അജണ്ടയ്‌ക്കു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ബി.ജെ.പിക്ക്‌ പലതാണ്‌. അടിതെറ്റി നില്‌ക്കുന്നനേരം മോഡിക്കുനേരെയുളള വധശ്രമവും വിവാദമായിരിക്കുന്ന ഈ അവസ്ഥയിൽ നമുക്ക്‌ തലപുകയ്‌ക്കാൻ ഏറെയും വിഭവങ്ങൾ വേറെയുണ്ട്‌. ഓർമ്മിക്കുക ഓരോ ആശയവും അധികാരം എന്നത്‌ ഉറപ്പിക്കാനുളള ഉപകരണങ്ങൾ മാത്രം….ഒരുവേള ഉഗ്രരൂപിയായ നരി മുയൽക്കുഞ്ഞായി മാറിയേക്കാം, അല്ലെങ്കിൽ ഒരു ചിത്രശലഭം പ്രാപിടിയനാകാം…..

Generated from archived content: edit_june23.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here