ഈയിടെ വടക്കൻ പറവൂരിനടുത്തുളള ഒരു ഗ്രാമത്തിൽ രണ്ട് സംഭവങ്ങൾ ഉണ്ടായി. ഒരു ചെറുഗ്രാമത്തിന്റെ നാലതിരുകൾക്കുളളിൽ ഒതുങ്ങേണ്ട സംഭവങ്ങളായി ഇതിനെ കാണുക വയ്യ. നാട്ടിൽ ഗാനമേള അവതരിപ്പിക്കാനെത്തിയ ഒരു കലാസംഘത്തെ ഒരുകൂട്ടം ആളുകൾ തല്ലിയോടിച്ചതാണ് ഒന്നാമത്തെ സംഭവം. ഗാനമേള സംഘക്കാർ ചെയ്‌ത കുറ്റമാകട്ടെ മലയാളി എന്നും മനസ്സിൽ സൂക്ഷിക്കുന്ന, മലയാളസിനിമയ്‌ക്ക് എക്കാലത്തേയും വലിയ ദേശീയാംഗീകാരം നേടിത്തന്ന ‘ചെമ്മീൻ’ എന്ന സിനിമയിലെ “പെണ്ണാളേ, പെണ്ണാളേ… കരിമീൻ കണ്ണാളേ…” എന്ന ഗാനം ആലപിച്ചതാണ്. ‘ഈ ഗാനത്തിലെ അരയത്തിപ്പെണ്ണ് പിഴച്ചുപോയി’ എന്ന വരികളാണ് ഒരുകൂട്ടം സമുദായ പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
ഒരു ദളിത് യുവാവായ ചെത്തു തൊഴിലാളിയെ തന്റെ തൊഴിലിൽ നിന്നും വിലക്കിയതാണ് രണ്ടാമത്തെ സംഭവം. ഈ തൊഴിലാളി ചെത്തിയെടുക്കുന്ന കളള് മറ്റ് ചെത്തുകാരുടെ ഒപ്പം അളക്കുവാൻ പാടില്ലെന്ന് പറഞ്ഞ്, അയിത്തം കൽപ്പിച്ചതാകട്ടെ വിപ്ലവപ്രസ്ഥാന തൊഴിലാളി സംഘടനയായ സി.ഐ.ടി.യുവും.
ഇങ്ങനെ ജാതീയത അതിന്റെ ഏറ്റവും പ്രാകൃതമായ ഓർമ്മകളെ അനുസ്‌മരിച്ച് തിരിച്ചുവരികയാണ്. ഉപരിപ്ലവമായ രാഷ്‌ട്രീയ, സാമുദായിക കച്ചവടതാത്‌പര്യങ്ങൾക്കിടയിൽ എല്ലാവരും ഒന്നെന്ന ചിന്ത ഉയർന്നേക്കാമെങ്കിലും, കേരളീയരുടെ മനസ്സിന്റെ ആഴങ്ങളിൽ ജാതീയത, വലിയൊരു യാഥാർത്ഥ്യമായി, പഴയതിലും തീവ്രമായി ഉണരുന്നുവെന്നത് സത്യം മാത്രം. ഇത് ഒരു ചെറുഗ്രാമത്തിലെ മാത്രം കഥയല്ല. കേരളത്തിന്റെ ഏതൊരു കോണിലും ഇത്തരം സംഭവങ്ങൾ തുടർച്ചയായി ആവർത്തിക്കപ്പെടുന്നു.
മലയാളി കാലാകാലങ്ങളായി പാടി ആഹ്ലാദിച്ച, മലയാള സിനിമയെ ലോകചരിത്രത്തിലിടം പിടിപ്പിച്ച ഒരു സിനിമയിലെ പാട്ടിനെ നാല്‌പതുവർഷക്കാലത്തെ ആസ്വാദനത്തിനുശേഷം ഇക്കാലത്ത് പുതിയ വിശകലനങ്ങൾക്ക് വിധേയമാക്കി ഇത്തരത്തിൽ പ്രതികരിക്കുമ്പോൾ ഇവിടെ പലരും അപരിഷ്‌കൃതമായ ഒരു സംസ്‌കാരത്തെയാണ് ആഗ്രഹിക്കുന്നതെന്ന് തീർച്ച. അരയത്തിപ്പെണ്ണ് പിഴയ്‌ക്കുവാൻ പാടില്ല എന്ന മിത്തിനെ അതിമനോഹരമായി ആവിഷ്‌ക്കരിച്ച തകഴിയുടെ ‘ചെമ്മീൻ’ എന്ന നോവലിനെത്തന്നെയും ഇവർ നാളെ നിരോധിക്കാൻ ആവശ്യപ്പെട്ടേക്കും.
ആദ്യസംഭവം ഒരു സമുദായ സംഘടന ഉയർത്തിയ പ്രശ്‌നമായിരുന്നെങ്കിൽ രണ്ടാമത്തേതിൽ ഇടപെട്ട ശക്തി വിപ്ലവപ്രസ്ഥാനത്തിന്റെ തൊഴിലാളി സംഘടനയാണ്. ഒരു ദളിതൻ ചെത്തിയ കളളിന് അയിത്തം കല്പിച്ച പുതിയ വിപ്ലവകാരികൾ കൃത്യമായും അനുസരിച്ചത് ജാതിവ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാൻ വെമ്പുന്നവരുടെ വാക്കുകളെയാണ്. തൊഴിൽ തിരഞ്ഞെടുക്കാനുളള ഭരണഘടനാപരമായ അവകാശത്തെ തകർത്ത് ഒരു ദളിതൻ ചെത്തിയെടുക്കുന്ന കളളിൽ കീഴ്‌ജാതിയുടെ കറുത്ത നീരുണ്ടെന്ന് കണ്ടുപിടിച്ചവർ ഏത് ദർശനത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ജാതിയ്‌ക്കെതിരെ മനുഷ്യമതിലും ചങ്ങലയും തീർക്കുന്നവർ ഏത് ഇടതുപക്ഷ വ്യാഖ്യാനത്തിലൂന്നിയാണ് ഈ അയിത്തത്തെ അംഗീകരിക്കുക.
ആത്മാർത്ഥതയുണ്ടെങ്കിൽ ഡി.വൈ.എഫ്.ഐയും, യൂത്ത് കോൺഗ്രസും, യുവമോർച്ചയുമടക്കം കേരളത്തിലെ രാഷ്‌ട്രീയ യുവജനസംഘടനകൾക്ക് ദിവസങ്ങൾ മതി കേരളത്തിലെ ജാതീയതയെ തകർക്കാൻ. എന്തിന് ഇവരുടെയൊക്കെ ജില്ലാക്കമ്മറ്റികളിൽ ഇരിക്കുന്നവർ ജാതിരഹിത വിവാഹങ്ങൾക്ക് മുന്നോട്ടിറങ്ങിയാൽ മാത്രം മതി കേരളത്തിൽ ഒരു വിപ്ലവം നടത്താൻ. ഇവിടെയൊക്കെ അച്‌ഛൻ പിണങ്ങും അമ്മാവൻ തല്ലും എന്ന പഴയ പല്ലവിതന്നെ ഉത്തരം. പിന്നെന്തിനു നാം വെളളാപ്പളളിയേയും പണിക്കരേയും കുറ്റം പറയണം?
കാർഗിൽ യുദ്ധത്തിൽ മരിച്ച ധീരസൈനികന്റെ വിധവയ്‌ക്ക് ജോലി കൊടുത്ത് തങ്ങളുടെ ഹൃദയവിശാലത പ്രകടിപ്പിച്ച ഒരു ബാങ്കിന്റെ കഥ പിന്നീട് അറിഞ്ഞു, യുദ്ധത്തിൽ മരിച്ചത് ബാങ്ക് പ്രതിനിധാനം ചെയ്യുന്ന സമുദായാംഗം. ബാക്കിയുളള അവർണസൈനികരുടെ വിധവമാർ പുറത്ത്. എന്തിന് അതിദുരന്തം വിതച്ച സുനാമിയിൽ തകർന്ന വീടുകൾ ജാതിതിരിച്ച് പുനർനിർമ്മിച്ച മഹാന്മാക്കളാണ് നമ്മൾ… പറയുവാൻ ഉദാഹരണങ്ങൾ ഏറെയുണ്ട്.
നമുക്കിനി ജാതിയുടെ, മതത്തിന്റെ ആഴങ്ങളിലേക്കിറങ്ങാം. അതിൽ ആഹ്ലാദഭരിതരാകാം… അയിത്തത്തിന് തീണ്ടാപ്പാടും കാണാപ്പാടും അളവുകൾ ഒരുക്കാം… റാൻ മൂളാം… പരസ്പരം യുദ്ധതന്ത്രങ്ങൾ മെനയാം… ഇനിയൊരു നവോത്ഥാനനായകനും ജനിക്കാതിരിക്കാൻ പ്രാർത്ഥിക്കാം… ഏതെങ്കിലും ഒരു വിവേകാനന്ദനെ കൊണ്ട് കേരളം ഒരു ഭ്രാന്താലയമെന്ന് വീണ്ടും വിളിപ്പിക്കാം.
Generated from archived content: edit_june2.html Author: suvi_new