തകർന്നുകൊണ്ടിരിക്കുന്ന കാർഷികമേഖലയെ കൈപിടിച്ചുയർത്താനുളള ശ്രമങ്ങൾ ഏറെ ഉൾക്കൊളളിച്ചാണ് ധനമന്ത്രി പി.ചിദംബരം കേന്ദ്രബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. കാർഷികോൽപ്പങ്ങളുടെ സംസ്‌കരണമേഖലയ്‌ക്ക് അനുവദിച്ച ആനുകൂല്യങ്ങളും കാർഷികോൽപ്പന്നങ്ങളുടെ നികുതി ഇളവും കൃഷിവായ്പ വർദ്ധിപ്പിച്ചതും കാർഷികമേഖലയ്‌ക്ക് ജീവനേകുന്നതാണ്. കാർഷികകടങ്ങൾ നല്‌കുന്നത് മൂന്നുവർഷം കൊണ്ട് ഇരട്ടിയാക്കുമെന്നതും ആശ്വാസജനകം തന്നെ. 63 കോടി ജനങ്ങളുടെ ജീവിതം നിർണയിക്കുന്ന കാർഷികമേഖലയിൽ 8 ശതമാനം വളർച്ചയാണ് ബജറ്റ് പ്രതീക്ഷിക്കുന്നത്. പാമോയിലിന്റെ ഇറക്കുമതി തീരുവ 75 ശതമാനമായി ഉയർത്തിയത് നാളികേരത്തിന്റെ വിപണനമൂല്യം ഉയർത്തുന്നതാണ്. ഇത് കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്നുറപ്പ്. കാർഷികോൽപ്പന്ന സംസ്‌കരണപദ്ധതികൾക്ക് 100 ശതമായം ആദായനികുതി ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിന്റെ ഉൽപ്പന്നങ്ങളായ നാളികേരം, കൊക്കോ, കൈതച്ചക്ക, വാനില എന്നിവ സംസ്ഥാനത്തുതന്നെ സംസ്‌കരിച്ച് കൂടുതൽ ലാഭം നേടാൻ കഴിയും. കാർഷികരംഗത്തെ വ്യവസായവത്‌ക്കരണതോതും ഇതോടെ വർദ്ധിക്കും.
ആദായനികുതി ഒരുലക്ഷത്തിന് താഴെയുളളവർക്ക് ഒഴിവാക്കിയത് ഇടത്തരക്കാർക്ക് ഏറെ ഗുണകരമാകും. വിദ്യാഭ്യാസരംഗത്തിന് നല്‌കിയ പരിഗണനകളും ഈ ബജറ്റിനെ കൂടുതൽ ജനകീയമാക്കുന്നുണ്ട്. വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിക്ക് അനുമതി ലഭിച്ചത് കേരളത്തിന് ബജറ്റിൽനിന്നും ലഭിച്ച ഏറ്റവും വലിയ സമ്മാനമായി. പരമ്പരാഗത വ്യവസായമേഖലയ്‌ക്ക് നീക്കിവച്ച 100 കോടി രൂപ കേരളത്തിലെ കയർ, കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിച്ചേക്കാം.
പൊതുമിനിമം പരിപാടിയുടെ നിയന്ത്രണവും ഇടതുപക്ഷത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നെങ്കിലും ടെലികോം വ്യോമയാന-ഇൻഷുറൻസ് മേഖലകളിൽ വിദേശനിക്ഷേപം കൂട്ടി ചിദംബരം ഉദാരവത്‌ക്കരണം ശക്തമാക്കുകയും കൂടി ചെയ്തിട്ടുണ്ട്.
പലരും തഴഞ്ഞ പല മേഖലകളേയും സഹായിക്കുന്ന നടപടികൾ ഈ ബജറ്റിലൂടെ നമുക്ക് കാണാൻ കഴിയും. പോരായ്‌മകൾ പലതും ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലും ഒട്ടേറെ പരിമിതികൾക്കുളളിൽനിന്നുകൊണ്ട് ഗ്രാമീണഭാരതത്തെ സ്വപ്നം കാണുന്ന ഒരു ബജറ്റാണിത്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന വിശ്വാസം ചിദംബരത്തിന്റെ മനസ്സിൽ കുറച്ചെങ്കിലും ഉണ്ടായതിന് നന്ദി.
Generated from archived content: edit_july9.html Author: suvi_new