ഏറ്റവും വലിയ വിപത്ത് എന്തെന്ന ഒരു സ്‌കൂൾ കുട്ടിയുടെ ചോദ്യത്തിന് കേരള സന്ദർശനത്തിനെത്തിയ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുൾ കലാമിന്റെ ഉത്തരം ചെറിയ ലക്ഷ്യങ്ങൾ എന്നായിരുന്നു. ചെറിയ ലക്ഷ്യങ്ങൾക്കുമാത്രം ഭരിക്കുകയും ഭരിക്കപ്പെടുകയും ചെയ്യുന്ന കേരളീയരുടെ മനഃസാക്ഷിക്കുമുന്നിലേക്കാണ് യഥാർത്ഥത്തിൽ ഈ ഉത്തരം അബ്‌ദുൾ കലാം എറിഞ്ഞിട്ടത്. കേരളത്തിന്റെ സമഗ്രവികസനത്തിനായി, ഒരു രാഷ്‌ട്രപതിസന്ദർശത്തിന്റെ പതിവു ചടങ്ങിനപ്പുറത്തേയ്‌ക്ക്, നിയമസഭയിൽ ഡോ.അബ്‌ദുൾ കലാം അവതരിപ്പിച്ച പത്തിന പരിപാടികൾ കേരളം എങ്ങിനെ വികസിപ്പിക്കണം എന്ന ചോദ്യത്തിനുമുന്നിൽ തെക്കുവടക്കു നടക്കുന്നവർക്ക് നല്‌കിയ മറ്റൊരു ഉത്തരമായിരുന്നു. മുതിർന്നവർക്കും കുട്ടികൾക്കുമൊപ്പം ഒരുപോലെ തന്റെ ചിന്തകൾ പങ്കുവെച്ച രാഷ്‌ട്രപതി കേരളത്തിന്റെ പ്രശ്‌നങ്ങളിൽ ആകുലപ്പെടുകയും കൃത്യമായ വഴികാട്ടിയായി സമാശ്വസിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. ജാതിമതഭേദങ്ങൾക്കപ്പുറത്തേയ്‌ക്ക് മനുഷ്യന്റെ വളർച്ചയ്‌ക്ക് മറ്റുചില മാനങ്ങൾ ഉണ്ടെന്നും രാഷ്‌ട്രപതി നമുക്ക് ചൂണ്ടിക്കാണിച്ചു. ആദിശങ്കരന്റെ ജന്മസ്ഥലം സന്ദർശിച്ചപ്പോഴും ആദ്യ മുസ്ലീം ദേവാലയമായ കൊടുങ്ങല്ലൂർ ചേരമാൻ മസ്‌ജിദിൽ മുക്രിയെക്കൊണ്ട് ഖുറാൻ വായിപ്പിച്ചപ്പോഴും മാനവസ്‌നേഹത്തിന്റെ സന്ദേശം കലാം വിളംബരം ചെയ്യുകയായിരുന്നു. ഒരു രാഷ്‌ട്രപതി സ്ഥാനത്തിനപ്പുറത്ത് ഡോ.അബ്‌ദുൾകലാം എന്ന ശാസ്‌ത്രജ്ഞന്റെ സൂക്ഷ്‌മദൃഷ്‌ടികളാണ് ഇങ്ങനെയൊക്കെ ഇടപെടാൻ അദ്ദേഹത്തെ ശക്തനാക്കിയത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ മൂന്നുദിവസത്തെ സന്ദർശനം കേരളീയർ ആവേശത്തോടെ ഉൾക്കൊണ്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ പതിവുചടങ്ങുകളുടെ വിരസതയിൽനിന്നും മാറി കലാം പറഞ്ഞതൊക്കെയും വലിയ മാറ്റങ്ങളുടെ വിത്തുകളായാണ് നമുക്ക് കിട്ടിയിരിക്കുന്നത്. ഇത് മുളപ്പിക്കുകയും വലിയ വൃക്ഷമാക്കുകയും ചെയ്യേണ്ടതാണ് നമ്മുടെ കടമ. പോത്തിന്റെ കാതിൽ വേദമോതിയതുപോലെയാകരുത് ഇത്. രാഷ്‌ട്രപതിയുടെ നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ കൂട്ടായി ശ്രമിക്കാം എന്ന വിവിധ രാഷ്‌ട്രീയ നേതാക്കളുടെ പ്രതികരണവും ആശാവഹം തന്നെ.
ചെറിയ ലക്ഷ്യങ്ങൾ മറന്ന് വികസനത്തിനും മാനുഷികതയ്‌ക്കും മുൻതൂക്കം നല്‌കുന്ന ബൃഹത് ലക്ഷ്യങ്ങളെ തേടിയാകണം ഇനി നമ്മുടെ യാത്ര. ഇതിനു പ്രേരണയായി തത്വജ്ഞാനിയും ശാസ്‌ത്രകാരനുമായ കലാമിന്റെ അഗ്‌നിച്ചിറകുകൾ നമുക്ക് തണലാകും എന്ന് വിശ്വസിക്കാം. ഇടയ്‌ക്കിടെ ഈ വഴി വരണം എന്ന് കേരളത്തെ രണ്ടാം വീടായി കാണുന്ന എ.പി.ജെ. അബ്‌ദുൾകലാം എന്ന ദീർഘദർശിയോട് അഭ്യർത്ഥിക്കാം…. കാരണം ഈ വരവ് വലിയൊരു ഉണർവ്വ് തന്നിരിക്കുന്നു.
Generated from archived content: edit_july30_05.html Author: suvi_new