നെഞ്ചിൽ കനലുമായി എഴുതിയ ഒരാൾ

കനലെരിയുന്ന മനസ്സും വാൾത്തലപ്പിന്റെ മുനയുളള വാക്കുകളുമായാണ്‌ പൊൻകുന്നം വർക്കി ജീവിച്ചത്‌. ഒരു തെമ്മാടിക്കുഴി സ്വപ്നം കണ്ടാണ്‌ വർക്കി എന്നും എഴുതിയതും. അതുകൊണ്ടുതന്നെ താനുയർത്തിയ ഓരോ കലാപത്തിലും തരിമ്പും വിട്ടുവീഴ്‌ചയ്‌ക്കൊരുങ്ങാൻ ഈ ‘തെമ്മാടി’ തയ്യാറായിരുന്നില്ല. പേനയുടെ മൂർച്ച മാത്രമല്ല തന്റെ നാവിന്റെ മൂർച്ചകൊണ്ടും പടവെട്ടിയ വർക്കി പൗരോഹിത്യത്തിനും ഫ്യൂഡൽ വ്യവസ്ഥയ്‌ക്കും കെടുനീതിയ്‌ക്കുമെതിരെ നടത്തിയ സമരങ്ങൾ കേരളത്തിന്റെ യാഥാസ്ഥിതിക കോട്ടകളെ ഉലയ്‌ക്കുന്നവയായിരുന്നു. എഴുത്തുകാരനായതിന്റെ പേരിൽ ജയിൽ ശിക്ഷ അനുഭവിച്ച കേരളത്തിലെ ആദ്യത്തെയാൾ പൊൻകുന്നം വർക്കിയാണ്‌.

എടത്വയിൽ കട്ടപ്പുറത്ത്‌ വർക്കിയുടേയും അന്നമ്മയുടെയും മകനായി 1908 ജൂൺ 30-നാണ്‌ വർക്കി ജനിച്ചത്‌. പരേതയായ ക്ലാരമ്മയാണ്‌ ഭാര്യ. എഴുത്തുകാരനായതോടെ പൊൻകുന്നം എന്നുകൂടി പേരിനൊപ്പം ചേർക്കുകയായിരുന്നു. ഏറെനാൾ അധ്യാപകനായി ജോലി നോക്കി. 1939-ൽ രചിച്ച തിരുമുൽക്കാഴ്‌ച്ച എന്ന ഗദ്യകവിതയാണ്‌ ആദ്യകൃതി. 16 നാടകങ്ങൾ, 20 കഥാസമാഹാരങ്ങൾ, 2 ഗദ്യകവിതകൾ, 2 സ്‌മരണകൾ, നല്ല അവസരങ്ങൾ എന്ന ബാലസാഹിത്യകൃതി എന്നിവ പ്രസിദ്ധീകരിച്ചു. 14 സിനിമകൾക്ക്‌ കഥകളെഴുതുകയും രണ്ട്‌ സിനിമ നിർമ്മിക്കുകയും ചെയ്‌തു.

എഴുത്തുകൊണ്ട്‌ മനോഹര ലോകങ്ങൾ സൃഷ്‌ടിക്കുകയല്ല തന്റെ ലക്ഷ്യമെന്ന്‌ കൃത്യമായി തിരിച്ചറിഞ്ഞ്‌ ലോകമാറ്റത്തിനായി ശ്രമിക്കുകയായിരുന്നു ഈ എഴുത്തുകാരൻ. എഴുതിയതിന്റെ പേരിലുളള ശിക്ഷയൊഴിവാക്കാൻ പിഴ മതിയെന്ന്‌ വന്നപ്പോൾ പുല്ലുവില കല്പിക്കാതെ അധികാരത്തിന്റെ നെറികെട്ട ദയയെ നിഷ്‌ക്കരുണം തട്ടിത്തെറിപ്പിച്ച്‌ ജയിൽവാസം അനുഭവിക്കാൻ തീരുമാനിച്ച വർക്കി ഏതു കാറ്റിലും കെടാത്ത വിളക്കായിരുന്നു. ഒന്നിനെയും അന്ധമായി എതിർക്കുകയായിരുന്നില്ല വർക്കി. ക്രിസ്‌തുമതത്തിന്റെ സ്നേഹവശങ്ങളെ അംഗീകരിച്ച വർക്കി പൗരോഹിത്യത്തിന്റെ നെറിവുകേടുകൾക്കെതിരെയായിരുന്നു ‘അന്തോണി നീ അച്ചനായോടാ’ എഴുതിയത്‌. ശബ്‌ദിക്കുന്ന കലപ്പ, വിശറിക്കു കാറ്റുവേണ്ട, മോഡൽ, മന്ത്രക്കെട്ട്‌ തുടങ്ങിയ രചനകളെല്ലാം ഇത്തരത്തിൽ ഓരോ അനീതികൾക്കായി എഴുതിയ സമരങ്ങളായിരുന്നു. ഇങ്ങനെ വർക്കി ഉയർത്തിയ ഓരോ കുരിശുയുദ്ധങ്ങളും അന്ന്‌ എരിഞ്ഞു തുടങ്ങിയ പുരോഗമനപ്രസ്ഥാനത്തിന്റെ ഇടയിലേക്കൊഴിച്ച എണ്ണയായിരുന്നു.

കാരൂർ, കേശവദേവ്‌, തകഴി, ബഷീർ…. ഒടുവിൽ പൊൻകുന്നം വർക്കി…, ഒരു കഥായുഗത്തിന്റെ അവസാന കണ്ണി യാത്രയായി. ഒരു മഴക്കാലത്ത്‌ പിറന്ന്‌ മറ്റൊരു മഴക്കാലത്ത്‌ വിടപറഞ്ഞപ്പോൾ ഇതിനിടയിലെ 94 വർഷങ്ങൾ നട്ടെല്ല്‌ വളയാത്ത ഒരു മനുഷ്യനെ സാക്ഷ്യപ്പെടുത്തുകയായിരുന്നു. കാലത്തെ ചലിപ്പിക്കാൻ വർക്കിയൊരുക്കിയ എഴുത്തിന്ധനം ശബ്‌ദിക്കുന്ന കലപ്പയായി ഇനിയും കനൽവറ്റാത്ത ഒരുപാട്‌ മനസ്സുകൾക്ക്‌ പ്രചോദനമായി നിലനില്‌ക്കുമെന്ന്‌ തീർച്ച.

Generated from archived content: edit_july3.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here